മികച്ചരീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഡ്രയിനേജ് തുടങ്ങിയ ഘടകങ്ങളും മറ്റും വിലയിരുത്തിയാണ് മികച്ച സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നത്.

സ്കൂളുകൾ ചെയ്യേണ്ടത്

  •  പ്രാദേശികമായതും വിഷരഹിതമായതുമായ പച്ചക്കറികൾ സ്കൂളുകളുടെ സമീപമുള്ള ഹോർട്ടികോർപ് മുഖേന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്നു. സ്ഥലസൗകര്യമുള്ള സ്കൂളുകളിൽ അടുക്കള പച്ചക്കറി തോട്ടം നിർമ്മിച്ച് അവയിൽ നിന്നുത്പാദിപ്പിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതുമാണ്. സ്കൂളുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ സംസ്ഥാന കൃഷിവകുപ്പ് നൽകിവരുന്ന 5000 /- രൂപ ധനസഹായം സ്കൂളുകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. പലവ്യഞ്ജനങ്ങൾ സിവിൽ സപ്ലൈസ് കോർപറേഷൻ ഔട്‍ലെറ്റുകളിൽ നിന്നും പാൽ, മിൽമയിൽ നിന്നും വാങ്ങുന്നതിനു മുൻഗണന എല്ലാ സ്കൂളുകളും നൽകേണ്ടതുണ്ട്.
  • കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യകം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കേണ്ടത്.
  • പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു മുട്ട വീതവും (പുഴുങ്ങി മാത്രം) ആഴ്ചയിൽ 2 പ്രാവശ്യം 150 മില്ലി ലിറ്റർ തിളപ്പിച്ച പാലും നൽകിവരുന്നു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് ടി വിലയ്ക്കുള്ള നേന്ത്രപ്പഴം നൽകേണ്ടതാണ്.
  • കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളമാണ് നൽകേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയോ MPLAD ഫണ്ട് ഉപയോഗിച്ചോ സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്. സ്കൂളുകളിലെ വാട്ടർ ടാങ്കുകളും കിണറുകളും പി.ടി.എയുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ വൃത്തിയാക്കേണ്ടതും വെള്ളത്തിന്റെ സാമ്പിൾ ഏതെങ്കിലും അംഗീകൃത ലാബിൽ പരിശോ ധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. വാട്ടർ ടാങ്കുകൾ മാസത്തിലൊരിക്കൽ വൃത്തിയാക്കേണ്ടതാണ്. കിണറുകൾ ആറ് മാസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്യേണ്ടതും (4000 ലിറ്ററിന് 10 ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ എന്ന അനുപാതത്തിൽ) വർഷത്തിലൊരിക്കൽ പൂർണ്ണമായി വൃത്തിയാക്കേണ്ടതുമാണ്.
  • കുട്ടികൾ ഭക്ഷണം കഴിക്കുവാനുപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടതാണ്. പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പ്ലാസിക് പാത്രത്തിൽ നൽകാൻ പാടുള്ളതല്ല. ഭക്ഷണം ചൂടോട് കൂടി വിളമ്പേണ്ടതാണ്. ഊഷ്മാവ് 65 ഡിഗ്രി സെൽഷ്യസിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന് മുൻപും ശേഷവും സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് കൈ ശുചിയാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.
  • പാചകപ്പുര, സ്റ്റോർ, പാചകപുരയുടെ പരിസരം, പാത്രങ്ങൾ, ഡൈനിംഗ് ഹാൾ എന്നിവ പാചകതൊഴിലാളി വൃത്തിയോടും വെടിപ്പോടും സൂക്ഷിക്കുന്നുവെന്നും പാചകതൊഴിലാളി വ്യക്തിശുചിത്വം പാലിക്കുന്നുവെന്നും ഉറപ്പു വരുത്തേണ്ടതാണ്. ദിവസവും ഭക്ഷണം വിളമ്പുന്നതിനു മുമ്പും ശേഷവും ഡൈനിംഗ് ഹാളും പരിസരവും വൃത്തിയാക്കേണ്ടതാണ്.
  • പാചകപ്പുരയിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കി കളയുന്നതിന് മേൽ മൂടിയുള്ള ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. ഭക്ഷണപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ നൂൺ ഫീഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടേയും പി.ടി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടേയും ഏർപ്പെടുത്താവുന്നതാണ്. ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ പാചകപ്പുരയിൽ നിന്നും ഡൈനിംഗ് ഹാളിൽ നിന്നും ഒരു നിശ്ചിത ദൂരപരിധിയിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിലോ, വേസ്റ്റ് ഡിസ്പോസൽ കുഴികളിലോ മാത്രം നിക്ഷേപിക്കേണ്ടതാണ്.
  • സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് വിറക് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എൽ.പി.ജി ഉപയോഗിച്ച് പാചകം ചെയ്യുവാൻ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളുകളെ എൻ.ഡി.ഇ.സി വിഭാഗത്തിൽ ഉൾപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്കു നൽകുന്ന സബ്സിഡൈസ്ഡ് നിരക്കിൽ ഗ്യാസ് കണക്ഷൻ അനുവദിക്കാൻ ഓയിൽ കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ആധാർ നമ്പറുമായി സീഡ് ചെയ്യാതെ സബ്സിഡി തുക സ്കൂളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുവാനും ഓയിൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിറകിനും മറ്റും പകരം എൽ.പി.ജി ഉപയോഗിക്കണമെന്ന നിബന്ധനയോട് കൂടിയാണ് 2016-17 ൽ കണ്ടിജന്റ് ചാർജ്ജ് സർക്കാർ പരിഷ്കരിച്ചത്. ഗ്യാസ് കണക്ഷനും 2 ഗ്യാസ് അടുപ്പുകളും (1 വലിയ അടുപ്പും 1 ചെറിയ അടുപ്പും) വാങ്ങുന്നതിന് സ്കൂൾ ഒന്നിന് 5000/- രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിൽ വരുന്ന മുഴുവൻ സ്കൂളുകളിലും എൽ.പി.ജി. കണക്ഷൻ എടുക്കുവാനുള്ള സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്.
  • ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി മോണിറ്റർ ചെയ്യുന്നതിനും സ്കൂളുകളിൽ ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അന്നുതന്നെ സെൻട്രൽ വെബ്സൈറ്റിലേയ്ക്ക് അപ്‌ലോഡ് ചെയ്യുന്നതിനുമായി “ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം” (AMS) നടപ്പിലാക്കിയിട്ടുണ്ട്. സ്കൂൾ പ്രഥമാദ്ധ്യാപകർ തങ്ങൾക്ക് ലഭിച്ചിട്ടുള്ള User id യും Password ഉം ഉപയോഗിച്ച് www.transferandpostings.in/mdmms എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓരോ സ്കൂൾ പ്രവൃത്തി ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ (ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിങ്ങനെ വേർതിരിച്ച്) എണ്ണം അന്നേ ദിവസം ഉച്ചയ്ക്ക് 2.00 മണിയ്ക്ക് മുൻപായി സ്റ്റേറ്റ് സോഫ്ട്‍വെയറിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിലവിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സ്കൂളുകൾക്ക് വേണ്ടി ഡാറ്റ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അപ്‌ലോഡ് ചെയ്യുന്നതാണ്. ഇതിനുവേണ്ടി ടി സ്കൂളുകൾ സ്കൂൾ പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 2.00 മണിയ്ക്ക് മുൻപായി ഡാറ്റ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഫോൺ മുഖാന്തിരമോ നേരിട്ടോ അറിയിക്കേണ്ടതാണ്.
  • വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ ആഴ്ചയിലൊരിക്കൽ തങ്ങളുടെ അധികാരപരിധിയിൽ വരുന്ന ഏതെങ്കിലും ഒരു സ്കൂൾ സന്ദർശിച്ച് ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനം മോണിറ്റർ ചെയ്യേണ്ടതും കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കേണ്ടതുമാണ്. ഗുണഭോക്താക്കളായ വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിലും കുട്ടികൾക്ക് നൽകുന്നതിലും സ്കൂൾ അധികൃതർ പാലിക്കുന്ന ശുചിത്വം, പാചകപ്പുര, സ്റ്റോർമുറി, പാചകപ്പുരയുടെ പരിസരം, ഡൈനിംഗ് ഹാൾ, ജലസ്രോതസ്സുകൾ എന്നിവയുടെ ശുചിത്വം, ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മാലിന്യ നിർമ്മാർജ്ജന സംവിധാനം, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെ സ്റ്റോക്കിന്റെ ഫിസിക്കൽ വെരിഫിക്കേഷൻ, സ്കൂൾ നൂൺ ഫീഡിംഗ് കമ്മറ്റിയുടെ പ്രവർത്തനം എന്നിവ സന്ദർശന വേളയിൽ പരിശോധിക്കേണ്ടതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കാലാകാല ങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗ രേഖ, സർക്കുലറുകൾ എന്നിവ പ്രകാരമാണോ സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത് എന്ന് കൂടി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. നൂൺമീൽ ഓഫീസർമാർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നുണ്ടോയെന്നും നിഷ്കർഷിച്ചിട്ടുള്ള എണ്ണം സ്കൂളുകൾ സന്ദർശിക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. ഉച്ചഭക്ഷണ പദ്ധതി പ്രവർത്തനങ്ങൾ – മോണിറ്റർ ചെയ്യുന്നതിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, വിദ്യാഭ്യാസ ഉപഡയറക്ടർമാർ എന്നിവർ ഓരോ മാസവും നടത്തിയ സ്കൂൾ സന്ദർശനങ്ങളുടേയും പരിശോധനകളുടേയും വിശദമായ റിപ്പോർട്ട് തൊട്ടടുത്ത മാസം 5-ാം തീയതിക്ക് മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇ-മെയിൽ മുഖാന്തിരം സമർപ്പിക്കേണ്ടതാണ്.