ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ രംഗത്തെ ഒന്നാം തലമുറ പ്രശ്നങ്ങളായ പ്രാപ്യതയും പഠനതുടർച്ചയും വലിയ അളവിൽ പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം രണ്ടാം തലമുറ പ്രശ്നങ്ങളായ ഗുണമേന്മാ വിദ്യാഭ്യാസവും തുല്യതയും ഉറപ്പാക്കലാണ് ഇനി നമ്മുടെ മുന്നിലുള്ള അടിയന്തിര കടമ. നവകേരള സ്വപ്നങ്ങൾക്ക് അനുഗുണമാകും വിധം ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസക്രമം പടുത്തുയർത്തേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ലോകത്തെവിടെയുമുള്ള സമപ്രായക്കാരോട് സംവദിക്കാനുള്ള അറിവും, കഴിവും, നൈപുണിയും നമ്മുടെ കുട്ടികൾക്കും ഉണ്ടാകണം. ഇതിനെല്ലാം കഴിയും വിധം പൊതു ഇടമായ പൊതുവിദ്യാലയങ്ങളെ പരിവർത്തിപ്പിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി ചെയ്യുന്നത്.
കൊളോണിയൽ കാലഘട്ടത്തിൽ ആധുനികവത്കരിക്കപ്പെട്ട കേരളീയ വിദ്യാഭ്യാസത്തിന് പുരോഗമനപരമായ പ്രതിച്ഛായ നൽകുന്നതിൽ തിരുവിതാംകൂറിലെ റാണി ഗൗരി പാർവതിഭായിയുടെ വിദ്യാഭ്യാസവിളംബരം, വൈകുണ്ഠസ്വാമികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, ചാവറ കുര്യാക്കോസ് ഏലിയാസ്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മുതലായ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സാമൂഹ്യ പരിഷ്കർത്താക്കൾ എന്നിവരുടെ സംഭാവന വിലമിതാക്കാനാവാത്തതാണ്. അരുതായ്മകൾക്കും അസമത്വത്തിനും എതിരായ വിമോചന ശബ്ദങ്ങളും പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും പരിപോഷിപ്പിച്ചു കേരളീയ വിദ്യാഭ്യാസം ഭൂപരിഷ്കരണത്തോടെ ജനകീയവും സാർവത്രികവുമായി. ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ആദ്യ മന്ത്രിസഭ കൈക്കൊണ്ട സുപ്രധാനമായ രണ്ട് തീരുമാനങ്ങൾ – ഭൂപരിഷ്കരണവും വിദ്യാഭ്യസ ബില്ലും കേരളത്തിൽ സാമൂഹ്യ പുരോഗതിയ്ക്ക് അടിത്തറപാകി. പൊതുഇടങ്ങൾ വളർത്തുന്നതിലും വിപുലപ്പെടുത്തുന്നതിലും പൊതുവിദ്യാലയങ്ങൾ പ്രധാന പങ്ക് വഹിച്ചു. ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നൽകിയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം സമകാലിക കേരള സൃഷ്ടിക്കു നിദാനമായത് .
സമകാലിക കേരളത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചും മുന്നേറുന്ന തലമുറയുടെ സൃഷ്ടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആത്യന്തികമായി ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടേയും സവിശേഷതകൾ പരിഗണിച്ച് വ്യക്ത്യധിഷ്ഠിത ശ്രദ്ധയോടെ പഠനപിന്തുണ ഉറപ്പാക്കുന്നത് വഴി പാർശ്വവൽക്കരിക്കപ്പെട്ടവരില്ലാത്ത മത നിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള നവകേരള മുന്നേറ്റമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.