പ്രീ സ്കൂൾ മുതൽ ഹയർ സെക്കണ്ടറിയിലും അധ്യാപക പരിശീലന കേന്ദ്രങ്ങളും വരെ വ്യാപിച്ചു കിടക്കുന്ന പൊതു വിദ്യാഭ്യാസ ശൃംഖലയിലെ കണ്ണികളായ വിദ്യാലയങ്ങൾ എല്ലാം അക്കാദമിക മാസ്റ്റർ പ്ലാൻ പൊതുജന സമക്ഷം സമർപ്പിച്ചു. അതാതു വിദ്യാലയത്തിന്റെ സവിശേഷതകൾക്കു ഇണങ്ങും വിധമാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ആവശ്യാധിഷ്ഠിതവും അവകാശാധിഷ്ഠിതവുമായാണ് അക്കാദമിക മാസ്റ്റർ പ്ലാൻ ഡിസൈൻ ചെയ്തിട്ടുള്ളത്.

സമൂഹത്തിന്റെ വിവിധ തട്ടുകളിൽ പ്രവർത്തിക്കുന്നവർ ഒന്നിച്ചിരുന്ന് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ നവ കേരള സൃഷ്ടിക്കുള്ള ആദ്യ ചുവടുവയ്പ്പാണ്. വിദ്യാലയത്തിന്റെ നാളെയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിൽ പ്രതിഫലിക്കുന്നുണ്ട്.

വിദ്യാഭ്യാസസാസൂത്രണം അക്കാദമിക വിദഗ്ധർ മാത്രം കൈകാര്യം ചെയ്തിരുന്ന സ്ഥിതി മാറി സാധാരണമനുഷ്യർക്ക് തങ്ങളുടെ കുട്ടികൾ ആർജ്ജിക്കേണ്ടത് എന്തുതരം വിദ്യാഭ്യാസമെന്ന് നിശ്ചയിക്കാനും നിർണയിക്കാനുമുള്ള അവസരം നൽകിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്.

വിദ്യാലയത്തിലെത്തിച്ചേരുന്ന ഓരോ കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും അവ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പുനൽകലും വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ്. അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും അർത്ഥപൂർണമായ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്ന പരാതി സർക്കാർ പരിഹരിക്കുന്നു. ജനകീയ ഇടപെടലിലൂടെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുകയെന്ന ശാസ്ത്രീയമായ നിലപാടാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് കലവറയില്ലാത്ത പിന്തുണയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ഉറപ്പാക്കിയിട്ടുള്ളത്.

പോഷകാഹാരം, ലഹരിയിൽ നിന്നുള്ള വിമുക്തി, പാരിസ്ഥിതികാവബോധത്തിൽ ഊന്നിയുള്ള വികസന സങ്കൽപ്പം, ഹരിതനിയമാവലി അനുസരിച്ചുള്ള ജീവതക്രമം ചിട്ടപ്പെടുത്തൽ, കണ്ടെത്തൽ പഠനം, സഹവർത്തിത പഠനം, സർഗ്ഗാത്മക പോഷണത്തിനും കായിക മികവിനും, കായിക ക്ഷമത ഉറപ്പാക്കാനുള്ള കലാകായിക പഠനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം എന്നിങ്ങനെ ബഹുമുഖവും വിപുലവുമായ പദ്ധതികളുമാണ് പൊതുവിദ്യാലയങ്ങളിൽ ഒരുങ്ങുന്നത്.

അക്കാദമിക മാസ്റ്റർ പ്ലാൻ ഉദാഹരണം: ജി.എച്ച്.എസ് പൊള്ളേത്തായ്‌