ഓൺ ദി ജോബ് ട്രെയിനിംഗ്

പഠിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുമായി ബന്ധപ്പെട്ട തൊഴിൽ ശാലകളിൽ പഠിതാവിന് ഹ്രസ്വകാല പരിശീലനം നൽകുന്നതിനാണ് ഓൺ ദി ജോബ് പരിശീലന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. തൊഴിൽ ശാലയിലെ തൊഴിലാളികളോ സൂപ്പർവൈസർമാരോ ആണ് പഠിതാവിന് പരിശീലനം നൽകുന്നത്. തൊഴിൽശാലകളിലെ തൊഴിലിൽ വിദ്യാർത്ഥി നേരിട്ട് പങ്കെടുക്കുകയും, തൊഴിൽ ചെയ്യുന്നതിനുള്ള അവന്റെ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുന്നു.

വിവിധ സ്ഥാപനങ്ങളിലും ഫാക്ടറികളിലും കമ്പനികളിലും ഓഫീസുകളിലുമായി അതാത് കോഴ്സുമായി ബന്ധപ്പെട്ട ഓൺ ദി ജോബ് പരിശീലനം നടത്തുന്നു. ഒന്നാം വർഷവും രണ്ടാം വർഷവും പഠിക്കുന്നവർക്ക് ഈ പരിശീലനം നൽകുന്നു. തൊഴിൽ ശാലയിൽ ഹ്രസ്വകാല പരിശീലനം നേടിയതിനുള്ള സർട്ടിഫിക്കറ്റും പഠിതാവിന് ലഭ്യമാകുന്നു.

ജോബ് ട്രെയിൻ [JOB TRAIN - (Training/ Placement Online Portal)]

സ്കൂളുകളിലെ ഓൺ ദി ജോബ് പരിശീലന പരിപാടി ഡയറക്ടറേറ്റിൽ മോണിട്ടർ ചെയ്യുന്നതിന് ഉള്ള ഓൺലൈൻ ആണ് ജോബ് ട്രെയിൻ. അയ്യായിരത്തോളം വരുന്ന വിവിധ കമ്പനികളുടെയും, അമ്പത്തിനാലായിരത്തോളം വിദ്യാർത്ഥികളുടെയും മൂവായിരത്തിലധികം അക്കാദമിക ജീവനക്കാരുടെയും വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ഇത് പ്രകാരം സാധിക്കുന്നു. ഈ പരിപാടിയുടെ തുടർച്ചയായി ഓൺലൈൻ പ്ളേസ്മെന്റ് പോർട്ടൽ ഉടനെ ആരംഭിക്കുവാനും പദ്ധതിയുണ്ട്. വി.എച്ച്.എസ്.ഇ പാസ്സായ ഉദ്യോഗാർത്ഥികൾക്കും ചെറുകിട സംരംഭകർക്കും ഏറെ പ്രയോജനപ്രദമായിരിക്കും ഈ പദ്ധതി.

സ്റ്റാഫ് പരിശീലന പരിപാടി

2015-16 ൽ നടത്തിയ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വൊക്കേഷണൽ വിഷയങ്ങളുടെ സിലബസ് പരിഷ്കരിച്ചിട്ടുണ്ട്. അതിനാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വൊക്കേഷണൽ അദ്ധ്യാപകർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്ക് വിദഗ്ധരിൽ – നിന്നും പരിശീലനം ആവശ്യമാണ്. ഈ വർഷം മുതൽ നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക്ക് (NSQF) 66 സ്കൂളുകളിൽ നടപ്പിലാക്കുന്ന സാഹചര്യത്തിൽ, അതിനുള്ള പരിശീലനവും നൽകേണ്ടത് ആവശ്യമാണ്.

മേൽപ്പറഞ്ഞവർക്കു പുറമേ നോൺ വൊക്കേഷണൽ അദ്ധ്യാപകർക്കും പരിശീലനം ആവശ്യമാണ്. വി.എച്ച്.എസ്.ഇ. വകുപ്പിൽ പ്രിൻസിപ്പൽ തസ്തിക നിലവിലില്ല. ഭരണപരമായ സൗകര്യത്തിന് സ്കൂളിലെ അദ്ധ്യാപകന് / അദ്ധ്യാപികയ്ക്ക് പ്രിൻസിപ്പൽ ചുമതല നൽകി വരുന്നു. പൊതു സ്ഥലം മാറ്റത്തിനു ശേഷം, സ്കൂളിൽ പ്രിൻസിപ്പൽ ചുമതല ഏൽക്കേണ്ടതായി വരുന്നത്, മുമ്പ് പ്രിൻസിപ്പൽ ട്രെയിനിംഗ് ലഭിച്ച – അദ്ധ്യാപകനായിക്കൊള്ളണമെന്നില്ല എന്നതിനാൽ, എല്ലാ വർഷവും പൊതു സ്ഥലംമാറ്റത്തിനു ശേഷം പ്രിൻസിപ്പൽ ട്രെയിനിംഗ് ആവശ്യമാണ്.

കരിയർ സാദ്ധ്യതകൾ മനസ്സിലാക്കിക്കൊടുത്തുകൊണ്ടാണ് അദ്ധ്യാപകർ വിദ്യാർത്ഥികളെ സമൂഹത്തിന് നൽകുന്നത്. ഇതിനായി അദ്ധ്യാപകരെ പ്രാപ്തരാക്കുന്നത് കരിയർ ട്രെയിനിംഗും, കരിയർ കൗൺസിലിംഗും നൽകിയാണ്.

താഴെപ്പറയുന്ന പരിശീലന പരിപാടികളാണ് 2018 – 19 ൽ നടത്തുന്നത്.
1. അധ്യാപക പരിശീലനം
2. പ്രിൻസിപ്പൽ പരിശീലനം
3. കരിയർ അധ്യാപകർക്കുള്ള പരിശീലനം

വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടി

കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ : വിദ്യാർത്ഥി കേന്ദ്രീകൃതമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ഡയറക്ടറേറ്റിലെ കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ ആണ്.

മികച്ച ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്നതാണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ഉദ്ദേശ്യം. മികച്ച തൊഴിലവസരങ്ങൾ നൽകുന്ന വി.എച്ച്.എസ്.ഇ കോഴ്സുകളെപ്പറ്റിയും തുടർപഠനത്തിലും ജോലിസ്ഥലത്തും കൈമുതലാക്കേണ്ട നൈപുണ്യത്തെപ്പറ്റിയും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുവാനും, വിദ്യാർഥികളെ സഹായിക്കുവാനും ശരിയായ പാതയിലൂടെ നയിക്കാനും ഉതകുന്ന രീതിയിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും ബോധനം നൽകുവാനും കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ ലക്ഷ്യമിടുന്നു.

  • നിലവാരമുയർത്തുന്നതിനുള്ള പരിപാടി (Quality Enhancement Programme)

അധ്യാപകർ അവരുടെ അധ്യാപനത്തെയും ഓരോ വിദ്യാർഥിയുടെയും പഠനത്തെയും നിരന്തരമായി വിലയിരുത്തിക്കൊണ്ടിരിക്കണം. വിദ്യാർഥികളുടെ പഠനനിലവാരത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് അധ്യാപകരെ സഹായിക്കും. കുട്ടികളുടെ കർത്തവ്യബോധവും നേതൃത്വപാടവവും ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകും.

വി.എച്ച്.എസ്.ഇ. സ്കൂളുകളിലെ വൊക്കേഷണൽ വിഷയങ്ങളിലും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ഇംഗ്ളീഷ് എന്നീ ആറ് നോൺ വൊക്കേഷണൽ വിഷയങ്ങളിലും കുറഞ്ഞ മാർക്ക് നേടിയ വിദ്യാർഥികൾക്കായി നടത്തുന്ന റെമഡിയൽ ടീച്ചിംഗ് പ്രോഗ്രാമാണ് ഇത്.

  • എം ഗവേർണൻസ്

വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ യഥാസമയം മൊബൈൽ ഫോൺ എസ്.എം.എസ്. സന്ദേശം വഴി രക്ഷകർത്താക്കളെ അറിയിക്കുവാനുള്ള പദ്ധതിയാണിത്. സ്കൂളിലെ വിവിധ പരിപാടികളും, വിദ്യാർത്ഥികളുടെ സ്കോറും യഥാസമയം രക്ഷകർത്താക്കളിലെത്തിക്കുവാൻ ഇത് സഹായിക്കുന്നു. വിദ്യാർത്ഥികളുടെ ഹാജർ അതാത് ദിവസം രക്ഷകർത്താക്കളെ അറിയിക്കുവാൻ തേർഡ് ബെൽ എന്ന എസ്.എം.എസ്. പരിപാടി നടന്നു വരുന്നു. കെൽട്രോൺ ആണ് ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നത്.

  • ഫേസ് ടു ഫേസ്

വിദ്യാർത്ഥി പഠിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സ്സുമായി ബന്ധപ്പെട്ട തൊഴിലിൽ വിജയിച്ച തൊഴിലാളിയുമായോ സംരംഭകനുമായോ വിദ്യാർത്ഥികൾക്ക് സംവദിക്കുന്നതിന് ക്ളാസ്സ് റൂമുകളിൽ സൗകര്യമൊരുക്കുന്ന പരിപാടിയാണിത്. പഠിക്കുന്ന തൊഴിലിനെക്കുറിച്ച് കൂടുതൽ അവബോധവും ആത്മവിശ്വാസവും വിദ്യാർത്ഥിക്ക് ലഭിക്കുവാൻ ഇത് സഹായിക്കുന്നു.

  • സൗഹൃദക്ലബ്ബും ഹെൽപ്പ് ഡെസ്‌ക്കും

വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം കൂടുതൽ അറിഞ്ഞ് സൗഹൃദം പങ്കിടുന്നതിനുള്ള സൗകര്യമൊരുക്കുന്ന വേദിയാണിത്. അന്തർമുഖരായ വിദ്യാർത്ഥികളുടെ അന്തർമുഖത്വം ഇല്ലാതെയാക്കുവാനും, ശരിയായ സൗഹൃദം തിരഞ്ഞെടുക്കുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ഈ പരിപാടി സഹായിക്കുന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ പാഠ്യ പാന്യേതര വിഷയങ്ങളിൽ വിജയം കൈവരിക്കുവാൻ വിദ്യാർത്ഥികൾ പ്രാപ്തരാകുന്നു. താഴെപ്പറയുന്ന പരിപാടികളാണ് സൗഹൃദക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്.

She camp : വിദ്യാർത്ഥിനികൾക്ക് ബോധവൽക്കരണം നൽകുന്ന ഏകദിന പരിപാടിയാണിത്. സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും  വിദ്യാർത്ഥിനികൾക്ക് കഴിയുവാനാകണം. കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹിക  സുരക്ഷ, ശാരീരിക ശുചിത്വവും പരിസര ശുചിത്വവും, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥിനികൾ നേരിട്ട് പ്രഗൽഭരുമായി സംവദിക്കുന്നു.

Happy Learning : പഠനത്തോടുള്ള വിമുഖതയും, പരീക്ഷയെ അഭിമുഖീകരിക്കുവാനുള്ള പേടിയും ചില വിദ്യാർത്ഥികളിലെങ്കിലും കണ്ടു വരുന്നു. കൗൺസിലിംഗ് രംഗത്തെ പ്രഗൽഭരുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കുവാനുതകുന്ന ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടി സ്കൂളുകൾ തോറും സംഘടിപ്പിക്കുന്നു.

Positive Parenting : ഒരു കൗൺസിലറുമായോ ഡോക്ടറുമായോ സംവദിക്കുവാൻ രക്ഷകർത്താക്കൾക്ക് അവസരമൊരുക്കിക്കൊണ്ട് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പോസിറ്റീവ് പേരന്റിംഗ്. കൗമാര പ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കൗൺസിലർമാരുമായി തുറന്നു സംസാരിക്കുവാൻ രക്ഷകർത്താക്കൾക്കാകുന്നു. മക്കളോട് സംസാരിക്കേണ്ടതിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതിന്റെയും പ്രാധാന്യം രക്ഷകർത്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അതിലൂടെ, വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളുമായുള്ള ബന്ധം ദൃഢമാകുന്നു.

Cyber Awareness Programme: സൈബർ കുറ്റകൃത്യങ്ങൾ കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പോലീസ് വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നു.

INSIGHT : വിദ്യാർത്ഥികൾക്ക് അവരവരെ തിരിച്ചറിയുന്നതിനും മറ്റുള്ളവരെ മനസ്സിലാക്കുന്നതിനുമുള്ള കൗൺസിലിംഗ് ക്ളാസ്സുകൾ സ്കൂളുകൾ തോറും നടപ്പിലാക്കുന്നു.  സാമൂഹ്യക്ഷേമ വകുപ്പിൽ നിന്നും മെഡിക്കൽ വകുപ്പിൽ നിന്നും ഉള്ള വിദഗ്ധരുമായി വിദ്യാർത്ഥികൾ സംവദിക്കുന്നു.

How Are You ?

പൊതു പരീക്ഷയെ പേടിയോടെ കാണുന്ന വിദ്യാർത്ഥികൾക്ക് ഫോണിലൂടെ കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനമാണിത്. പൊതുപരീക്ഷ ആരംഭിക്കുന്നതിന് 10 ആഴ്ച മുമ്പ് ആഴ്ചയിൽ ഒരു ദിവസം ഡയറക്ടറേറ്റിൽ ഈ സംവിധാനം ഒരുക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ, വൈകുന്നേരം 4.30 മുതൽ 6.00 മണി വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലിഫോൺ കൗൺസിലിങ് നടത്തുന്നു. വിവിധ കാരണങ്ങളാൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്രദമാണ്.

Career Slate

ആധുനികവത്ക്കരിച്ച 35 വി.എച്ച്.എസ്.ഇ കോഴ്സുകളുമായി ബന്ധപ്പെട്ട് അതതു വിഷയങ്ങളിലെ പാഠ്യവിവരങ്ങളും, ഉപരിപഠന-തൊഴിൽ സാധ്യതകളും വിദ്യാർത്ഥികളുടെ ക്ലാസ്സ് മുറികളിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്ലേറ്റ്. മൂന്നടി വീതിയും രണ്ടടി നീളവുമുള്ള പോളികാർബണേറ്റ് ബോർഡിൽ നിർമ്മിച്ചിട്ടുള്ള കരിയർ സ്ലേറ്റിന് 4 വിഭാഗങ്ങളാണുള്ളത്.

  • കരിക്കുലം- 35 വ്യത്യസ്തകോഴ്സുകളിലേയും സിലബസുമായി ബന്ധപ്പെട്ട കഠിനപാഠങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു.
  • ഉപരിപഠനം- എല്ലാ വി.എച്ച്.എസ്.ഇ കോഴ്സുകളുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള
    വൈവിധ്യമാർന്ന ഉപരിപഠന സാധ്യതകൾ തുറന്ന് കൊടുക്കുന്നു.
  • കരിയർ- ഓരോ വി.എച്ച്.എസ്.ഇ കോഴ്സിനും ശേഷം ലോകത്തെമ്പാടും ലഭ്യമാകാവുന്ന മികച്ച തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നു.
  • ഉൾപ്രേരകം- വിദ്യാർത്ഥികളിൽ മൂല്യബോധം വർദ്ധിപ്പിക്കുന്ന ചിന്തകൾക്ക് അഗ്നിച്ചിറകുകൾ പ്രദാനം ചെയ്യുന്ന ഉൾപ്രേരണകൾ പ്രസിദ്ധപ്പെടുത്തുന്നു.

പഠനവേളയിൽത്തന്നെ ഇതരസഹായമില്ലാതെ വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള ലക്ഷ്യത്തിലേക്കൊരു ചൂണ്ടുപലകയാണ് കരിയർ സ്ലേറ്റ്. 4 പേജ് വീതം വ്യത്യസ്ത എഡിഷനുകളാണ് ഒരു ലക്കത്തിനു തയ്യാറാക്കുന്നത്. ഇത് അതതു വിഷയങ്ങളുടെ കരിയർസ്ലേറ്റുകളിലേയ്ക്ക് സ്കൂൾ അധികൃതർ പ്രസിദ്ധപ്പെടുത്തുന്നു. കരിയർ പ്രസാധന മേഖലയിൽ വിഷയ വൈവിധ്യം വിദ്യാർത്ഥികളുടെ ഭാവിസ്വപ്നങ്ങളും പഠനമുറികളിൽ നേരിട്ടു സംവദിക്കുന്നു എന്നതാണ് ഇതര സമാനപ്രസിദ്ധീകരണങ്ങളിൽ നിന്നും കരിയർ സ്ലേറ്റിനെ വ്യത്യസ്തമാക്കുന്നത്.

ജോബ് ഫെയർ

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി 3 ജോബ് ഫെയർ നടത്തി വരുന്നു. പബ്ളിക്, പ്രൈവറ്റ് സെക്ടറുകളിൽ നിന്നായി നൂറോളം കമ്പനികൾ തൊഴിൽ ദാതാക്കളായി പങ്കെടുക്കുന്നു. 5000 ൽ അധികം തൊഴിലന്വേഷകർ ഓരോ മേഖലയിലും പങ്കെടുക്കുന്നു.

കരിയർ മാസ്റ്റർ അവാർഡ്

സ്കൂൾ തലത്തിലുള്ള മികച്ച പ്രകടനത്തിന് കരിയർ മാസ്റ്റർമാർക്ക് ജില്ലാതല അവാർഡ് നൽകുന്നു.

റീഡിംഗ് കോർണർ

കുട്ടികളുടെ വ്യക്തിത്വവികാസത്തിന് വായന അത്യാവശ്യമാണ്. പത്രങ്ങളും നിലവാരമുള്ള മാഗസിനുകളും സ്കൂളിലെ റിഡിംഗ് കോർണറിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണിത്. എല്ലാ സ്കൂളിലും റീഡിംഗ് കോർണർ സജ്ജീകരിച്ച് പ്രവർത്തിച്ചു വരുന്നു. കരിയർ മാഗസിനുകൾ റീഡിംഗ് കോർണറിൽ ലഭ്യമാക്കുക വഴി, തൊഴിൽ സാദ്ധ്യതകളും, തൊഴിലിലെ വിജയ കഥകളും വിദ്യാർത്ഥികളിലേക്കെത്തുന്നു.

എൻട്രൻസ് കോച്ചിംഗ് ക്ളാസ്സുകൾ

വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയങ്ങളിൽ സയൻസ് ബാച്ചിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷ എഴുതുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ബോധവത്ക്കരണ ക്ലാസും മോഡൽ പരീക്ഷയും അതുമായി ബന്ധപ്പെട്ട സംശയനിവാരണവും നടത്തുവാൻ ഒരു പൈലറ്റ് സംരംഭം എന്ന നിലയിൽ 2 ജില്ലകളിൽ എൻട്രൻസ് കോച്ചിംഗ് ക്ളാസ് തുടങ്ങുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പരിപാടി വളരെയധികം പ്രയോജനം നൽകുന്നതാണ്.

കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

മികച്ച ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്നതും, ഓരോ വിദ്യാർത്ഥിയുടെയും ചുറ്റുപാടുകൾക്കനുസരണമായി കരിയർ തിരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതുമാണ് കരിയർ പ്ളാനിംഗിന്റെ – ഉദ്ദേശ്യം. കരിയർ മേഖലയിലെ വിദഗ്ധരായിരിക്കും കരിയർ പ്ളാനിംഗ് ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നത്.

കരിയറിനെപ്പറ്റി ദിശാബോധവും മോട്ടിവേഷനും നൽകുവാനുതകുന്ന രീതിയിൽ ആണ് കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുന്നത്.

നവനീനം

വി.എച്ച്.എസ്.ഇ കോഴ്സുകളുടെ സാദ്ധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവഗാഹം സൃഷ്ടിക്കുന്നതിനും വി.എച്ച്.എസ്.ഇ കോഴ്സുകളിലേയ്ക്ക് വിദ്യാർത്ഥികളെ ആകർഷിക്കുതിനും വേണ്ടിയുള്ള സെമിനാർ ആണ് നവനീനം. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്കൂൾതല കരിയർ ഗൈഡൻസ് സെല്ലിന്റെയും പി.റ്റി.എ.യുടെയും സംയുക്ത സഹകരണത്തേടെയായിരിക്കണം സെമിനാർ സംഘടിപ്പിക്കേണ്ടത്. ഏകജാലക സംവിധാനത്തിലൂടെ വി.എച്ച്.എസ്.ഇ പ്രവേശനത്തിന് ഓരോ സ്കൂളിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരേയും അതാത് സ്കൂളിൽ പത്താം ക്ലാസ്സ് വിജയിച്ചിട്ടുള്ള വിദ്യാർത്ഥികളേയും അവരുടെ രക്ഷിതാക്കളെയും ഈ സെമിനാറിൽ പങ്കെടുപ്പിക്കുന്നു. ഡയറക്ടറേറ്റ് തലത്തിൽ മൊഡ്യൂൾ തയ്യാറാക്കുകയും സ്കൂളുകളിൽ എത്തിക്കുകയും ചെയ്യുന്നു. കൂടാതെ പവർ പോയിന്റ് / വീഡിയോ അവതരണത്തിൽ വിദ്യാലയങ്ങളുടെ തനതു സവിശേഷതകളും നേട്ടങ്ങളും, സ്കൂളുകൾക്ക് കൂട്ടിച്ചേർക്കാവുന്നതാണ്.

ലാബ് നവീകരണം

ഈ വർഷത്തിൽ 66 വൊക്കേഷണൽ സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിലെ 147 ബാച്ചുകളിൽ എൻ. എസ്. ക്യൂ. എഫ് പാഠ്യപദ്ധതി നടപ്പാക്കുകയാണ്. അതിനാൽ പ്രസ്തുത സ്കൂളുകളിലെ ലാബുകൾ നവീകരിക്കേണ്ടതുണ്ട്. 66 വൊക്കേഷണൽ സർക്കാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിലെ 147 വൊക്കേഷണൽ ലാബുകൾ ഈ വർഷം നവീകരിക്കുന്നതാണ്.