മികവിന്റെ കേന്ദ്രങ്ങൾ

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്‌ഷ്യം. ഏതെല്ലാം ഘട്ടങ്ങളിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ പുരോഗമിക്കണം എന്ന് ചുവടെ ചേർക്കുന്നു.

  1. 1 മുതൽ 12 വരെ ഓരോ ക്ലാസ്സിലും കുട്ടി അന്താരാഷ്ട്ര നിലവാരമുള്ള ധാരണകളും കഴിവുകളും നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും ഒപ്പം മത നിരപേക്ഷ ജനാധിപത്യ സംസ്കാരം വികസിക്കാനാവശ്യമായ മൂല്യബോധവും ഉളവാക്കുക.
  2. ലോകത്തെവിടെയുമുള്ള നിശ്ചിതപ്രായക്കാരായ വിദ്യാർഥികൾ ആർജിക്കുന്ന അറിവും കഴിവും കേരളത്തിലെ സമപ്രായക്കാർ നേടി എന്നുറപ്പാക്കുന്നതിനൊപ്പം എല്ലാ കുട്ടികൾക്കും പഠനത്തിനും വികാസത്തിനും തുല്യ അവസരങ്ങൾ നൽകുകയും ചെയ്യുക. മത്സരാധിഷ്ഠിത ലോകത്തിൽ അതിജീവിക്കാൻ ആവശ്യമായ കഴിവുകൾക്കൊപ്പം മൂല്യബോധങ്ങൾ ഉണ്ടാകാൻ ആവശ്യമായ പഠനപ്രക്രിയയും പഠനാന്തരീക്ഷവും ഒരുക്കുക.
  3. നിലവിലുള്ള വിദ്യാഭ്യാസ രീതിയുടെ ഗുണവശങ്ങൾ നിലനിർത്തികൊണ്ട് വിദ്യാഭ്യാസ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ വിദ്യാഭ്യാസരീതികൾ ഉൾകൊള്ളിച്ചു ലോകോത്തര വിദ്യാഭ്യാസക്രമം വികസിപ്പിക്കുക.
  4. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ പടനാപ്രവർത്തനത്തിനായി വിനിയോഗിക്കുക.
  5. ജനാതിപത്യ പരിസ്ഥതിസൗഹൃദ വിദ്യാഭ്യാസം സാധ്യമാകുന്ന തരത്തിൽ ഭൗതികപരിസരത്തിലും ക്ലാസ്സ്‌റൂം ആർക്കിടെക്ച്ചറിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുക.
  6. 1 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ അറിവും കഴിവും ധാരണകളും പ്രായത്തിനനുസരിച് വികസിക്കുന്നുണ്ടോ എന്നത് ശാസ്ത്രീയമായി വിലയിരുത്തി സമയബന്ധിതമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന നിലവാരത്തിലെത്തിക്കുക.
  7. മാതൃഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉയർന്ന ശേഷി കൈവരിക്കാനാവശ്യമായ രീതിശാസ്ത്രം വികസിപ്പിക്കുക.
  8. ഓരോ കുട്ടിക്കും പഠനത്തിനും വികാസത്തിനും തുല്യഅവസരങ്ങൾ നൽകുക.
  9. വിദ്യാലയ പ്രവർത്തനങ്ങൾക്ക് പിന്തുണയും ശ്രദ്ധയുമുറപ്പാക്കാൻ ജനകീയ സംവിധാനങ്ങൾ രൂപപ്പെടുത്തുക.
  10. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ യൂണിവേഴ്സൽ ഡിസൈൻ ഓഫ് ലേണിങ് രൂപപ്പെടുത്തി ക്ലാസ് മുറികൾ ആധുനികമാക്കുകയും ഉചിതമായ ഇ-കണ്ടന്റ്, വിലയിരുത്തൽ എന്നിവ ഘട്ടം ഘട്ടമായി വികസിപ്പിച്ചു നടപ്പാക്കുകയും ചെയ്യുക.
  11. തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണ്ണയ പ്രക്രിയ വിലയിരുത്തലിന്റെ അവിഭാജ്യ ഭാഗമാകും.