പൊതുവിദ്യാലയങ്ങൾ സാമൂഹികമാറ്റത്തിന്റെ അടിസ്ഥാനയിടങ്ങളാണ്. സമൂഹത്തിൽ നടത്തുന്ന അടിസ്ഥാനപരമായ ഏതൊരു ഇടപെടലും പൊതുവിദ്യാലയങ്ങളിൽ നിന്ന് ആരംഭിക്കേണ്ടതുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യ മുന്നോട്ട് വയ്ക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള മികവ് നമ്മുടെ വിദ്യാലയങ്ങളും ആർജ്ജിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിലവിൽ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്ന് വിശകലനം ചെയ്ത് കൂടുതൽ മികവ് ആർജ്ജിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ജനകീയ വിദ്യാഭ്യാസത്തിലൂടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിഭാവനം ചെയ്യുന്നത്. മുഴുവൻ പാഠഭാഗങ്ങളും ഡിജിറ്റൽ സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച് വിനിമയം ചെയ്യാൻ പ്രാപ്തമായ അക്കാദമികസാഹചര്യം നിർമിച്ചെടുക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

പരമ്പരാഗത ബോധനരീതികൾക്കു പകരം എല്ലാ കുട്ടികളിലേക്കും എത്താവുന്നതും എല്ലാതരം പഠനസ്വഭാവങ്ങളുള്ളവരെയും തൃപ്‌തിപെടുത്താൻ പര്യാപ്തവുമായ വിനിമയ രീതിയാണ് ജനകീയ വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ പഠനവിഭവങ്ങൾ:

ദൃശ്യങ്ങളായും ശ്രവ്യങ്ങളായും വിനിമയം ചെയ്യാൻ സാധ്യതയുള്ള പാഠഭാഗങ്ങൾ, ഡിജിറ്റൽ ചിത്രങ്ങൾ, വിഡിയോ ക്ലിപ്പുകൾ, ആനിമേഷനുകൾ, ഇന്ററാക്ടിവ് അപ്ലെറ്റുകൾ തുടങ്ങിയ ഡിജിറ്റൽ സങ്കേതങ്ങൾ ക്ലാസ്സിൽ അധ്യാപിക നേരിട്ടു ഉപയോഗിച്ചും അതിനു സാധിക്കാത്തവ സ്വയം പഠനത്തിനും പ്രൊജക്റ്റ് ബേസ്ഡ് ലേർണിംഗ് / റഫറൻസ് റിസർച്ച് രീതിയിലും ക്ലാസ്സിൽ വിനിമയം ചെയ്യപ്പെടാനുള്ള സാധ്യതകൾ അന്വേഷിക്കണം. ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന പതിപ്പുകളാണ് ഇവ.

ഡിജിറ്റൽ പാഠപുസ്തകങ്ങളും ഇതര വിഭവങ്ങളും:

പാഠപുസ്തകങ്ങൾ, ഹാൻഡ് ബുക്കുകൾ, വിഭവപിന്തുണകൾ, വിദ്യാഭ്യാസ ആവശ്യത്തിനുള്ള സോഫ്ട്‍വെയറുകളും ഉപയോഗ രീതികളും തുടങ്ങിയവ പഠന മാധ്യമം, ക്ലാസ്, വിഷയം തിരിച്ച് ലഭ്യമാക്കാം.

ഇ-ടെക്സ്റ്റ്ബുക്ക്:

പാഠപുസ്തകങ്ങൾ യൂണികോഡ് ടെക്സ്റ്റിൽ എച്ച്.ടി.എം.എൽ. ഫോർമാറ്റിൽ തയ്യാറാക്കി അവ ഒരു പഠന-ബോധന വസ്തുവായി ഉപയോഗിക്കാം. പോർട്ടലിൽ നിന്നുള്ള വിഭവങ്ങൾ പാഠപുസ്തകത്തിലേക്ക് ലിങ്ക് ചെയ്യാനും ഏതെങ്കിലും ഒരു പ്രവർത്തനത്തിന്റെ ചിത്രം കൊടുത്തിട്ടുണ്ടെങ്കിൽ അതിനു പകരമായി അതിന്റെ വിഡിയോ വെയ്ക്കാനും കഴിയും. അധിക റഫറൻസുകൾ, മൂല്യനിർണ്ണയ ഉപാധികൾ, കാഴ്ച പരിമിതരായ കുട്ടികൾക്കും അധ്യാപകർക്കും ഉപകരിക്കുന്ന യന്ത്രവായന, സെലക്ട് റീഡ്, ടെക്സ്റ് മാഗ്‌നിഫയർ തുടങ്ങിയ ഒട്ടേറെ സാധ്യതകൾ പ്രാവർത്തികമാക്കാൻ സാധിക്കും.

പഠനവിഭവ പോർട്ടൽ:

കേരളത്തിലെ മൊത്തം സ്‌കൂളുകളുടെയും ഉപയോഗത്തിനായി ഒരു സമഗ്ര ഡിജിറ്റൽ വിഭവ ലൈബ്രറിയും വിവരവിനിമയ സങ്കേതവും- എൽ.എം.ഐ.എസ് നിർമ്മിച്ചെടുക്കേണ്ടതുണ്ട്. എല്ലാ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളെയും വിദ്യാഭ്യാസ ഓഫീസുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വിനിമയ സംവിധാനമായി ഇത് ക്രമേണ മാറും.

സ്വയംപഠന സംവിധാനങ്ങൾ:

ഒരു ക്ലാസ്സിലെ വിവിധ തലത്തിലുള്ള പഠിതാക്കൾക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ സാധിക്കണം. സമഗ്രമായും ശാസ്ത്രീയമായും സജ്ജീകരിച്ചിട്ടുള്ള ഒരു ലേണിങ് മാനേജ്‌മന്റ് സംവിധാനം ഉപയോഗിച്ച് ഇതിനായി സാങ്കേതിക വിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഐ.സി.ടി. അധിഷ്ഠിത ക്ലാസ് മുറി:

സ്കൂളിലെ എല്ലാ ക്ലാസ്സ്മുറികളും ഐ.സി.ടി. അധിഷ്ഠിത പഠനത്തിന് ഉപയോഗിക്കത്തക്കവിധം സജ്ജീകരിക്കണം. അടച്ചുറപ്പുള്ള മുറി വൃത്തിയുള്ളതും ടൈൽ പതിച്ചതും ആയിരിക്കണം. ക്ലാസ്സിൽ സജ്ജീകരിക്കേണ്ട മിനിമം സൗകര്യങ്ങൾ ചുവടെ കൊടുക്കുന്നു.

  • മൗണ്ട് ചെയ്ത് സുരക്ഷിതമായി സ്ഥാപിച്ച എൽ.സി.ഡി. പ്രൊജക്ടർ / സ്മാർട്ട് ടെലിവിഷൻ / ഇന്ററാക്ടിവ് വൈറ്റ്ബോർഡ്
  • ഡെസ്‌ക്ടോപ് കമ്പ്യൂട്ടർ / ലാപ്‌ടോപ്
  • ശബ്‌ദസംവിധാനം
  • വയേർഡ് നെറ്റ്‌വർക്ക്, ഇന്റർനെറ്റ് സൗകര്യം

ക്ലാസ് മുറിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി, ഐ.സി.ടി. ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാര, ലോക്കർ സംവിധാനങ്ങൾ, ഉപകരണങ്ങൾ പ്രവർത്തിക്കാനാവശ്യമായ വിധത്തിൽ സുരക്ഷിതത്ത്വം ഉറപ്പുവരുത്തിയ വൈദ്യുതീകരണം എന്നിവയും പൊതു പശ്ചാത്തലമൊരുക്കലിന്റെ ഭാഗമായി സ്കൂളുകൾതന്നെ ചെയ്യേണ്ടതാണ്. ഇതിനായി സ്‌കൂൾ പി.ടി.എ., എസ്.എം.സി., മാനേജ്‍മെന്റ്, പൂർവവിദ്യാർഥി സമൂഹം, സ്കൂളിനോട് താല്പര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.

കമ്പ്യൂട്ടർ ലാബുകൾ:

കുട്ടികളുടെ സ്വയം പഠനത്തിനുള്ള ഇടങ്ങളായി കമ്പ്യൂട്ടർ ലാബുകൾ മാറണം. പ്രൊജക്റ്റ് ബേസ്ഡ് ലേണിങ്, പ്രോഗ്രാമ്ഡ് ലേണിങ് തുടങ്ങിയ സാങ്കേതിക വിദ്യാധിഷ്ഠിതമായ പഠനസങ്കേതങ്ങൾ ഈ ലാബുകൾ ഉപയോഗിച്ച് നടപ്പാക്കാൻ സാധിക്കണം. സ്കൂളുകളിലെ കമ്പ്യൂട്ടർ പഠനത്തിന് ആവശ്യമായ ലാബുകൾ കുട്ടികളുടെയും ഡിവിഷനുകളുടെയും എന്നതിന് അനുസൃതമായിരിക്കണം.

സർവർ കമ്പ്യൂട്ടറുകളും ക്ലയന്റ് കിയോസ്‌ക്കുകളും:

കുട്ടികൾക്ക് അധ്യാപകർ നിർദ്ദേശിക്കുന്ന പഠനപ്രവർത്തനങ്ങളും റഫറൻസ്, ഗവേഷണ പ്രവർത്തനങ്ങളും ചെയ്യുന്നതിന് ഏതു സമയത്തും ലഭ്യമായ കമ്പ്യൂട്ടറുകൾ സ്കൂളുകളിൽ ഉണ്ടായിരിക്കണം. സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള സർവർ കമ്പ്യൂട്ടറിൽ നിന്ന് ഈ കമ്പ്യൂട്ടറുകളിലേക്ക് സ്ഥിരം നെറ്റവർക്ക് സാധ്യമാക്കണം.

അധ്യാപകശാക്തീകരണം:

ഡിജിറ്റൽ പഠനവിഭവങ്ങൾ ഉപയോഗിക്കുന്നതിനും ആധുനിക ബോധനസങ്കേതങ്ങൾ പ്രാവർത്തികമാക്കുന്നതിനും സവിശേഷമായ കയ്യടക്കവും നൈപുണിയും ധാരണയും ഉണ്ടാകേണ്ടതുണ്ട്. വിഭവനിർമാണം, കസ്റ്റമൈസേഷൻ തുടങ്ങിയ കാര്യങ്ങളിലുള്ള തുടർപരിശീലനവും നടക്കേണ്ടതുണ്ട്.

സ്കൂൾ ഐ.ടി. കോർഡിനേറ്റർമാരുടെ ശാക്തീകരണം:

സ്കൂളിലെ കമ്പ്യൂട്ടർ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അധ്യാപകർക്ക് ആവശ്യമായ പിന്തുണ ഐ.ടി. കോർഡിനേറ്റർമാർ നൽകേണ്ടതാണ്. വിവിധ മേഖലകളിൽ ക്ലാസ്റൂമിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന അടിയന്തര സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്റർമാരെ സജ്ജരാക്കി പ്രയോജനപ്പെടുത്താം.

കുട്ടികളെ ഉൾപ്പെടുത്തിയുള്ള സാങ്കേതികപരിപാലനവും പിന്തുണയും:

എല്ലാ ക്ലാസ്സ്മുറികളും സാങ്കേതികമായി സജ്ജമാവുകയും നിരന്തരം ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ കുട്ടികളെ തന്നെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനാവുന്ന രീതിയിൽ ശാക്തീകരിക്കണം. സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മലയാളം കമ്പ്യുട്ടിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഹാർഡ്‌വെയർ സജ്ജീകരണവും അടിസ്ഥാന തലത്തിലുള്ള പ്രശ്നപരിഹാര നൈപുണിയും, ആനിമേഷൻ, വിഡിയോ നിർമാണ-എഡിറ്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പഠനോദ്ദേശ്യ ഹ്രസ്വ ചിത്രങ്ങളുടെ നിർമാണം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം കൊടുക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയർ ടൂളുകൾ അധ്യാപകർ പരിശീലിച്ചിട്ടുള്ളതിനാൽ അവ മാത്രം സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുകയാണ് വേണ്ടത്.

എം-ലേണിങ്:

അധ്യാപകരുമായുള്ള ആശയവിനിമയം, വിഷയാടിസ്ഥാനത്തിലുള്ള സംഘചർച്ച, തത്സമയ സംശയനിവാരണം എന്നിവയ്‌ക്കെല്ലാം വിവിധ മൊബൈൽ ഫോൺ ആപ്പുകൾ ഉപയോഗിക്കാം. റഫറൻസുകൾക്കും നവസാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ചർച്ചകൾക്കും സ്മാർട്ട് ഡിവൈസുകൾ പ്രയോജനപ്പെടുത്താം.

ഡിജിറ്റൽ ഇൻക്ലൂഷൻ:

വിവരവിനിമയ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനോ അനുഭവിക്കാനോ സാധിക്കാത്ത, വിവിധ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും പൊതുസമൂഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നവർക്കും സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ പ്രാപ്യമാക്കി, അതുപയോഗിച്ച് പ്രത്യേകമായ ഐ.സി.ടി. പിന്തുണ ലഭിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്ക്- Orca പോലുള്ള സോഫ്റ്റ്‌വെയറുകൾ ക്രമീകരിക്കാം.

പശ്ചാത്തലസൗകര്യങ്ങൾ:

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള 2002 മുതൽ ഐ.ടി@സ്കൂൾ പ്രോജക്ട് പ്രവർത്തിച്ചു വരുന്നുണ്ട്. ഈ പ്രോജക്റ്റിന്റെ ഭാഗമായ അധ്യാപകശാക്തീകരണ പരിപാടികളിൽ കൂടി നല്ലൊരു പങ്ക് അടിസ്ഥാന ഐ.ടി. നൈപുണികൾ ഉള്ളവരാക്കാൻ സാധിച്ചിട്ടുണ്ട്. പ്രാഥമിക തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള എല്ലാ പൊതുവിദ്യാലയങ്ങളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും നിലവിലുണ്ട്. സ്കൂളുകളിൽ ഉപയോഗിച്ച് വരുന്ന ഈ ഓപ്പറേറ്റിങ് സിസ്റ്റം സ്കൂളുകളിൽ നിന്നുള്ള ആവശ്യങ്ങൾക്ക് അനുസരിച്ച് നിരന്തരം പുതിക്കിക്കൊണ്ടിരിക്കുന്നതുമാണ്. മേൽപ്പറഞ്ഞ നിർദ്ദേശങ്ങളിൽ അധിക പങ്കും പ്രാവർത്തികമാക്കിയ സമഗ്ര റിസോഴ്സ് പോർട്ടൽ ഐ.ടി@സ്കൂൾ പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമായ മാറ്റങ്ങളോടെ ഈ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.