പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികൾക്ക് കീഴിൽ വരുന്ന അക്കാദമിക പ്രവർത്തനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ “ശ്രദ്ധ” എന്ന പദ്ധതിയായി നടത്തുന്നു. ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനങ്ങൾക്കു കീഴിൽ വരുന്ന പദ്ധതികൾ താഴെ പറയുന്നു.
മലയാളത്തിളക്കം:
പല കാരണങ്ങളാൽ കുട്ടികളിൽ ചിലർ അടിസ്ഥാന ഭാഷാശേഷി ഉറയ്ക്കാത്തവരായി ഉണ്ടാകാനിടയുണ്ട്. മലയാളത്തിളക്കം ഒന്നാം ടേമിൽ നടത്തി എല്ലാ കുട്ടികളും ഭാഷ തെറ്റില്ലാതെ ഉപയോഗിക്കാൻ കഴിവുള്ളവരായി എന്ന് ഉറപ്പുവരുത്തുന്നു. മലയാളത്തിളക്കം രീതി സാധാരണ ക്ലാസ് പ്രകിയയിലും പ്രയോജനപ്പെടുത്തും. വായനാപ്രവർത്തനവുമായി മലയാളത്തിളക്കത്തെ കണ്ണി ചേർക്കും.
എന്റെ മലയാളം:
മലയാളത്തിളക്കത്തിന്റെ സമീപനം ഉൾകൊണ്ട് മുൻവർഷം ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ പൂർണ്ണമായി കട്ടപ്പന, കണ്ണൂർ വിദ്യാഭ്യാസ ജില്ലകളിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലും എന്റെ മലയാളം വായനപരിപോഷണ പരിപാടി എസ്. സി. ആർ. ടി യുടെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ സെക്കണ്ടറി വിദ്യാലയങ്ങളിലും എന്റെ മലയാളം പരിപാടി നടപ്പിലാക്കും. വായനയിലും എഴുത്തിലും എല്ലാ കുട്ടികളെയും ഉയർന്ന നിലവാരത്തിലെത്തിക്കും.
ഗണിതവിജയം, ക്ലാസ് ഗണിത ലാബുകൾ:
2017-18 അക്കാദമിക വർഷം ഔട്ട് നടത്തിയ ഗണിത വിജയം പരിപാടി യു പി, എൽ പി ക്ലാസുകളിൽ നടപ്പിലാക്കും. കുട്ടികളുടെ ഗണിതപഠനപിന്നാക്കാവസ്ഥ പരിഹരിക്കും. ക്ലാസ് ഗണിത ലാബുകൾ പ്രയോജനപ്പെടുത്തി ഇത് നടപ്പിലാക്കും. അധ്യാപകർക്ക് കൈപ്പുസ്തകം തയ്യാറാക്കി നൽകും. ഗണിതവിജയം പ്രവർത്തനത്തിലൂടെ കുട്ടികൾ എത്രമാത്രം കഴിവ് ആർജിച്ചുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തും. ഗണിതവിജയം പരിപാടി പഠനതന്ത്രമെന്നനിലയിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ പ്രയോജനപ്പെടുത്തും. വർക് ഷീറ്റുകളും പഠനസാമഗ്രികളും ലഭ്യമാക്കും.
പ്രവർത്തനഗണിതം:
ഗണിതപഠനം മെച്ചപ്പെടുത്തുന്നതിനു സഹായകമായ വർക്ക്ഷീറ്റുകൾ വികസിപ്പിക്കും. അധ്യാപകർക്ക് പരിശീലനം നൽകും. പ്രയാസകരമായ പഠനവസ്തുതകൾ അഭിസംബോധ നചെയ്യുന്നതിനുള്ള തന്ത്രങ്ങൾ ട്രൈ ഔട്ട് ചെയ്തത് വികസിപ്പിക്കും.
ഹലോ ഇംഗ്ലീഷ്:
2017-18 വർഷം തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ട്രൈഔട്ട് നടത്തിയ ഹലോ ഇംഗ്ലീഷ് ഈ വർഷം സംസ്ഥാനവ്യാപകമായി നടത്തും. ഹലോ ഇംഗ്ലീഷ് സ്കൂൾതലത്തിൽ ആരംഭിക്കും. ഇതിനായി കൈപ്പുസ്തകം തയ്യാറാക്കി നൽകും. എൽ. പി.യിലും യു. പി.യിലും പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ ഒന്നാം ഘട്ടം. ഹലോ ഇംഗ്ലീഷിന്റെ രണ്ടാം ഘട്ടം അതത് വിദ്യാലയങ്ങളിൽ ഒന്നാം ടേമിൽത്തന്നെ ഏറ്റെടുക്കണം. രണ്ടാം ടേം കഴിയുന്നതോടെ എല്ലാ കുട്ടികളും ഹലോ ഇംഗ്ലീഷിന്റെ പഠനാനുഭവങ്ങളിലൂടെ കടന്നു പോയി ഇംഗ്ലീഷിൽ ആശയവിനിമയശേഷി നേടുന്നതിന് അവസരമൊരുക്കും.
സുരീലി ഹിന്ദി:
ഹിന്ദിയിലുള്ള ആശയവിനിമയശേഷി വികസിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.
"പോസ്റ്റ് നാസ്' പ്രവർത്തനങ്ങൾ:
സംസ്ഥാനവ്യാപകമായി എല്ലാ യു.പി. വിദ്യാലയങ്ങളിലും പോസ്റ്റ് നാസ് പ്രവർത്തനങ്ങൾ നടപ്പിലാക്കും. ദേശീയ പഠനനേട്ട സർവേപ്രകാരം കേരളം മുന്നേറേണ്ടുന്ന ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവ യിൽ പ്രത്യേക ശ്രദ്ധ നൽകും. ഗണിതത്തിലും നിലമെച്ചപ്പെടുത്തും.
ഭൗമം:
ഭൂമിശാസ്ത്രപരമായ ആശയങ്ങൾ ഗ്രഹിക്കുന്നതിന് കുട്ടികളുടെ പഠന പ്രയാസം നേരിടുന്നതിനുള്ള പരിപാടി. കുട്ടികൾക്ക് പഠനസഹായി തയ്യാറാക്കും.
ഭൂപടങ്ങളും ഗ്രാഫിക് ഓർഗനൈസറുകളും:
ചിത്രീകരണസഹിതമുള്ള ആശയവിനിമയം ശക്തമാണ്. കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ മനസിലാക്കാനാണ് ഭൂപടങ്ങൾ നിർമിക്കപ്പെട്ടത്. ആധുനികകലാത്ത് ഗ്രാഫിക് ഓർഗനേസേഴ്സസും ഗ്രാഫിക് ന്യൂസുമെല്ലാം പ്രയോജനപ്പെടുത്തുന്നു. ഗൂഗിൾ മാപ്പ് ദൈനംദിന ജീവിതത്തിലേക്ക് ഭൂപടവായനയെ കൊണ്ടുവന്നിരിക്കുന്നു. ദൃശ്യസ്ഥലപരമായ ബുദ്ധിയുമായി ബന്ധപ്പെടുത്തിയും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൈവന്നിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തപ്പെടും. ചരിത്രപഠനം, ഭൂമിശാസ്ത്രം, വാണിജ്യ ശാസ്ത്രം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. വർക്ക് ഷീറ്റുകൾ തയ്യാറാക്കി നൽകണം.
ഹയർസെക്കണ്ടറിയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുളള പരിപാടി:
വിജയശതമാനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാലയങ്ങളിലെ നിലവാരം ഉയർത്താൻ തെരഞ്ഞെടുത്ത വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചുളള പ്രവർത്തനം. ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രപഠനം എന്നീ വിഷയങ്ങൾക്ക് പഠനപോഷണ പദ്ധതി.
ഊരുമൊഴിച്ചന്തം:
പട്ടികജാതി പട്ടികവർഗ വിഭാഗം കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് ഊരുമൊഴിച്ചന്തം. കുട്ടികളുടെ പഠനപുരോഗതി ഓരോ ഘട്ടത്തിലും സമൂഹവുമായി പങ്കുവെയ്ക്കാൻ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.