എന്താണ് പഠനോത്സവം?

  • കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരം (ഉത്സവാന്തരീക്ഷമാണ് ഒരുക്കേണ്ടത്).
  • ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരം.
  • നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരം.
  • പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദി.
  • കുട്ടികൾ ഉൾക്കൊണ്ട് കാര്യങ്ങൾ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും എന്നാൽ അർത്ഥപൂർണ്ണമായും പ്രകടിപ്പിക്കാനുള്ള വേദി.
 
എന്തല്ല പഠനോത്സവം 
  • ഇതൊരു പരീക്ഷയല്ല. കലോത്സവങ്ങളുമല്ല.
  • യാന്ത്രികമായി തയാറായി വന്ന് മറ്റുള്ളവരുടെ മുന്നിൽ കേവലമായി അവതരിപ്പിക്കുന്ന പ്രവർത്തനവുമല്ല.
  • ഇതൊരു മത്സര വേദിയല്ല. 
  • കുട്ടികളുടെ കഴിവുകളെ പരസ്പരം താരതമ്യം ചെയ്യാനുള്ള വേദിയല്ല.
  • ഒരു കുട്ടിയേയും മാനസികമായി മുറിപ്പെടുത്താനുള്ള വേദിയല്ല.
  • മുതിർന്നവരുടെ ജ്ഞാനത്തെയും ധാരണയെയും കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള വേദിയല്ല.

ലക്ഷ്യം

  • പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക.
  • കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക.
  • കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക.
  • ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക.
  • കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക.
  • കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക.
  • മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂൾ എന്ന പരിമിതി മുറിച്ചു കടക്കാൻ സ്കൂളുകളെ പ്രാപ്തമാക്കുക.
 
പഠനോത്സവത്തിന്റെ ഉള്ളടക്കം
  • ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയത്തിന്റെ അക്കാദമികമായ നിലവാരം കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുകയാണ് പഠനോത്സവത്തിൽ നടക്കേണ്ടത്.
  • ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അവർ വിവിധ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ കഴിവുകൾ പങ്കിടണം. പഠനത്തിലെ ഉയർന്ന ശേഷികളാണ് പങ്കിടേണ്ടത്.
  • ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളാണ് ഈ വർഷം പരിഗണിക്കേണ്ടത്. ഇതിൽ ഭാഷകൾക്ക് മുൻഗണന നൽകാവുന്നതാണ്.
  • ഒന്ന് രണ്ട് ക്ലാസ്സുകളിൽ ഉദ് ഗ്രഥനരീതിയിലുള്ള പ്രവർത്തനങ്ങളുടെ സാധ്യതയും പ്രയോജനപ്പെടുത്തണം.