ജില്ലാ മിഷനുകളുടെ ചുമതലകൾ
- മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
- ഉദ്യോഗസ്ഥരുടെയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കേന്ദ്രീകരിക്കുന്ന രീതിയില്‍ ഏകോപനം ഉറപ്പാക്കുക.
- ജില്ലാ ദൗത്യ രേഖ പ്രകാരമുളള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- നിലവാരം ഉയര്‍ത്തേണ്ട വിദ്യാലയങ്ങളെയും ആശുപത്രികളെയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുക.
- അധിക വിഭവ സമാഹരണം (സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉള്‍പ്പെടെ) ഉറപ്പാക്കുക.
ജില്ലാതല കര്‍മ്മസേനകളുടെ ചുമതലകള്‍
പൊതു ചുമതലകള്‍:
- ജില്ലാ മിഷന്റെ മേല്‍നോട്ടത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
- തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ക്രോഡീകരിച്ച് ജില്ലാ ദൗത്യരേഖ തയ്യാറാക്കുക.
- ജില്ലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്ത് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കുക.
- സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുളള വിദഗ്ദ്ധരുടെ ജില്ലാ തല സംഘത്തെ കണ്ടെത്തി ചുമതല നിറവേറ്റുന്നതിന് പ്രാപ്തരാക്കുക.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ വിദഗ്ദ്ധരുടെ സംഘത്തില്‍ നിന്നോ ഗവേഷണ വികസന, പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നോ അനുയോജ്യരായവരുടെ സേവനം യഥാസമയം ലഭ്യമാക്കുക.
- ജില്ലാമിഷന്റെ ജില്ലാആസൂത്രണ സമിതിയുടെ/ജില്ലാകളക്ടറുടെ ഇടപെടല്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി പരിഹാരംകാണുക.
- സംസ്ഥാനതലത്തില്‍ തീരുമാനം ആവശ്യമായ സംഗതികളില്‍ അതിനുവേണ്ട പ്രോപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കുക.
- മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പൂര്‍ണ്ണമായി ഡോക്യുമെന്റ് ചെയ്യുക, തദ്ദേശ സ്വയം ഭരണ സ്ഥാപനതലങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടേയും റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുക, അവയെ ശാക്തീകരിക്കുക.
- മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ചും നടത്തിപ്പ് കാര്യങ്ങളെക്കുറിച്ചും ക്രമമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകളും അവലോകന വിവരങ്ങളും ജില്ലാ മിഷനും ജില്ലാ ആസൂത്രണസമിതിക്കും സംസ്ഥാനതല കര്‍മ്മസേനക്കും മിഷന്‍ മോണിറ്ററിംഗ് ടീമിനും സമര്‍പ്പിക്കുക.
പ്രത്യേക ചുമതലകൾ:
- നിലവിൽ തകർച്ച നേരിടുന്ന, നിലവാരം ഉയർത്തേണ്ട പൊതുവിദ്യാലയങ്ങൾ ജില്ലാ മിഷന്റെ അംഗീകാരത്തോടെ മുൻഗണനാടിസ്ഥാനത്തിൽ കണ്ടെത്തുക-കുട്ടികൾ കൂടുതലുള്ളതും പഴയ കെട്ടിടങ്ങളും ക്ലാസ് മുറികളുമുള്ള സ്കൂളുകൾക്ക് മുൻഗണന നൽകേണ്ടതാണ്.
ജില്ലാകളക്ടർമാരുടെ ചുമതലകള്‍
ജില്ലയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കേണ്ട ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ജില്ലാകളക്ടര്‍ ആയിരിക്കും മിഷനുകളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍. സബ്കളക്ടര്‍മാര്‍ക്ക് വികസന കാര്യങ്ങളില്‍ പ്രയോഗിക പരിജ്ഞാനം ലഭിക്കേണ്ടതുള്ളത് കൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കെടുപ്പിക്കേണ്ടതും അവര്‍ക്ക് ചുമതലകള്‍ വിഭജിച്ച് നൽകേണ്ടതുമാണ്.
ജില്ലാ കളക്ടര്‍മാരുടെ പ്രധാന ചുമതലകളും ഉത്തരവാദിത്തങ്ങളും ചുവടെ ചേര്‍ക്കുന്നു:
- മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിരന്തര സമ്പര്‍ക്കത്തിലൂടെ തദ്ദേശഭരണ സ്ഥാപനതലത്തില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
- ആസൂത്രണ, നിര്‍വഹണ പ്രക്രിയകളില്‍ ഗുണമേന്മ ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രൊഫഷണല്‍ സഹായം ഉറപ്പാക്കുക.
- ‘ഉന്നത് ഭാരത് അഭിയാന്‍’ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ സഹായം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പഠനപ്രക്രിയയുടെ ഭാഗമായി ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശിക്കുന്ന സമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
- ജില്ലാ ദൗത്യരേഖ തയ്യാറാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുക.
- ജില്ലാ ദൗത്യരേഖ പ്രകാരമുളള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകളുടെ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- മാനവ-ധനകാര്യ വിഭവങ്ങളുടെ സമന്വയം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക.
- ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മണ്ണ് – ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വിദഗ്ദ്ധരെ കണ്ടെത്തി റിസോഴ്‌സ് ടീം രൂപീകരിക്കുക.
- മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപക പ്രചാരം നല്‍കുക.
- സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉള്‍പ്പെടെ പ്രാദേശിക വിഭവസമാഹരണം സാധ്യമാക്കുന്നതിന് വേണ്ട ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
- വികസന ആശയങ്ങളെ നിസാരവത്കരിക്കുന്ന പ്രവണതയും നടപടി ക്രമങ്ങള്‍ ചടങ്ങുപോലെ പൂര്‍ത്തിയാക്കുന്ന രീതിയും പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്ന രീതിയും ഒഴിവാക്കി എല്ലാ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥതയോടെയും പക്ഷഭേദമില്ലാതെയും ആണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക.
- നൂതന രീതികളും ആശയങ്ങളും കണ്ടെത്തുക, പ്രദേശിക മാതൃകകള്‍ വികസിപ്പിക്കുക.
- ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക.
- ലൈഫ് മിഷന്റെ ഭാഗമായി സ്ഥലമില്ലാത്തവര്‍ക്ക് വീടുവെച്ച് നല്‍ക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി ഉത്തരവാദിത്തം ഏറ്റെടുത്ത് ചുമതല നിര്‍വഹിക്കുക
- പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുന്നുണ്ട് എന്ന് ഉറപ്പാക്കുക.
- സംസ്ഥാന മിഷനുകളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും ജില്ലയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാന മിഷന്റെ/ കര്‍മ്മസേനയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുക.
ജില്ലാ കളക്ടര്‍ക്ക് കര്‍മ്മസേനകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നീരിക്ഷിക്കുന്നതിനും വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുന്നതിനും വേണ്ടി ജില്ലാ കളക്ടറുടെ ഓഫീസിനോട് ചേര്‍ന്ന് വികസന മിഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ സെല്‍ ആരംഭിക്കുന്നത് അഭികാമ്യമായിരിക്കും. സെല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട ഭൗതികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. സെല്ലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍, ജില്ലക്കുളളില്‍ നിന്നും ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ കണ്ടെത്തി നിയോഗിക്കാവുന്നതാണ്.