ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയവിനിമയ ശേഷി, സഹഭാവം തുടങ്ങിയവ ആർജിക്കാനും, കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ‘ടാലൻറ് ലാബ്’ എന്ന പ്രയോഗത്തിലൂടെ സാധിക്കുന്നത്. 

പ്രവർത്തനക്രമം

  • സ്​കൂളിലെ മുഴുവൻ കുട്ടികളുടെയും അഭിരുചി കണ്ടെത്തി അവരെ വിവിധ ടാലൻറ് ഗ്രൂപ്പുകളായി തിരിക്കുന്നു.
  • അവർക്കാവശ്യമായ അനുഭവങ്ങൾ പ്രധാനം ചെയ്യുന്നു.
  • ആർജിച്ച കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നു.

പ്രവർത്തനം എങ്ങനെ?

ടാലന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ സ്വാഭാവിക ഭാഗമാകും. സമൂഹത്തിലെ വൈദഗ്ധ്യങ്ങളുടെ ഏകോപനം ഈ പ്രവർത്തനത്തിന് അനിവാര്യമാണ്.

ലക്ഷ്യങ്ങൾ

  • ഒരോ കുട്ടിക്കും അഭിരുചിയുള്ള മേഖലയിൽ സ്കൂൾ പഠനകാലത്ത് പ്രോത്സാഹനവും പിന്തുണയും അവസരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തലാണ്​ ടാലൻറ് ലാബിന്റെ പ്രധാന ലക്ഷ്യം.
  • പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃകകൾ സൃഷ്​ടിക്കുക.
  • ഗവേഷണ പഠനങ്ങൾ ഏറ്റെടുക്കാനുള്ള കഴിവ് ഉറപ്പാക്കുക.
  • സാംസ്​കാരിക വൈവിധ്യം തിരിച്ചറിഞ്ഞ് സാംസ്​കാരികാവബോധം വളർത്തുക.
  • അവതരണശേഷി വികസിപ്പിക്കുക.
  • പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം പൊതുവിദ്യാലയങ്ങളിൽ ഉറപ്പാക്കുക.
  • നേതൃത്വപാടവം വികസിപ്പിക്കുക.
  • കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക.

ടാലൻറ് ഗ്രൂപ്പുകൾ ഏതെല്ലാം?

  • ഭാഷാപരം -കവിതാരചന, കാവ്യാലാപനം, കഥാരചന, പുസ്​തക പാരായണം, പ്രസംഗം, ആസ്വാദന കുറിപ്പ്, ബുക്ക് റിവ്യൂ തുടങ്ങിയവ ഉൾപ്പെടുത്താം.
  • ശാസ്​ത്രപരം -ശാസ്​ത്ര വിജ്ഞാനം, ശാസ്​ത്രാന്വേഷണം, കൗതുകവാർത്തകൾ അവതരിപ്പിക്കൽ, ശാസ്​േത്രാപകരണ നിർമാണം തുടങ്ങിയവ.
  • ഗണിതപരം -ഗണിതാന്വേഷണം, മനക്കണക്ക്, പസിൽ, ഗണിതോപകരണ നിർമാണം, ജ്യാമിതീയ രൂപകൽപന തുടങ്ങിവ.
  • സാമൂഹ്യശാസ്​ത്രപരം -രാഷ്​ട്രീയം, ചരിത്രാന്വേഷണം, സംഘാടനം തുടങ്ങിയവ.
  • കലാപരം -അഭിനയം, ചിത്രരചന, സംഗീതം, നൃത്തം, കഥാപ്രസംഗം തുടങ്ങിയ കലകൾ.
  • നിർമാണപരം -ക്ലേ മോഡൽ, പേപ്പർ ക്രാഫ്​റ്റ്, പാചകം, ഇലക്​​ട്രോണിക്​സ്​​, തടികൊണ്ടുള്ള ശിൽപം തുടങ്ങിയവ.
  • കായികപരം -നീന്തൽ, വിവിധതരം കളികൾ
  • മറ്റിനങ്ങൾ -കൃഷി, സംവിധാനം, സംവാദം തുടങ്ങിയവ.