വിദ്യാകിരണം മിഷൻ പ്രസിദ്ധീകരിച്ച ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അനുഭവക്കുറിപ്പുകളും ഉൾക്കൊള്ളുന്ന, ബഹു. വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി എഡിറ്ററായി തയ്യാറാക്കിയ’കുരുന്നെഴുത്തുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികളുടെ സർഗാത്മകങ്ങളായ രചനകൾ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പ്രസിദ്ധീകരിക്കുന്നത് രാജ്യത്ത് തന്നെ ആദ്യ അനുഭവമാകാം. കുട്ടികളുടെ ചിന്തകളുടെയും എഴുത്തിന്റെയും ഉയർന്നുവരുന്ന വൈകാരിക തലവും പ്രകടിപ്പിക്കുന്നതിലെ വൈവിധ്യവും ശ്രദ്ധേയമാണ്. ആയിരക്കണക്കിന് ഡയറിക്കുറിപ്പുകൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നും ലഭിക്കുകയുണ്ടായി. അവയിൽനിന്നുമുള്ള എഴുത്തുകൾ ആണ് പുസ്തകത്തിലെ ഉള്ളടക്കം.

പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, കോട്ടൺഹിൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. അതോടൊപ്പമാണ് കുരുന്നെഴുത്തുകളുടെ പ്രകാശനവും നടന്നത്. പുസ്തകത്തിലെ രചയിതാക്കളായ വിദ്യാർത്ഥികൾക്ക് കൈമാറിക്കൊണ്ടാണ് ബഹുമാനപ്പെട്ട മന്ത്രി പ്രകാശനം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ബഹു. ജി ആർ അനിൽ, ശ്രീ. ആൻറണി രാജു എംഎൽഎ, നവകേരളം കോഡിനേറ്റർ ഡോ ടി എൻ സീമ , പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ എസ്. ഷാനവാസ് എസ് ഐ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ്, സമഗ്ര ശിക്ഷാ കേരള ഡയറക്ടർ ഡോ. ആർ. സുപ്രിയ, വാർഡ് കൗൺസിലർ ശ്രീമതി രാഖി രവികുമാർ,വിദ്യാകിരണം മിഷനിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു