ശ്രദ്ധ

ഓരോ വിദ്യാർത്ഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത്‌ അവരെ മികവിലേക്കുയർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ. പഠനപ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി ഈ അദ്ധ്യയനവർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ – മികവിലേക്കൊരു ചുവട്.

ശ്രദ്ധപദ്ധതി പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻ നിരയിൽ എത്തിക്കാൻ സഹായകമാകുന്ന പഠന പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ 3,5,8 ക്ലാസ്സുകളിൽ മലയാളം,ഇംഗ്ലീഷ്,കണക്കു,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പ്രയാസം നേരിടുന്ന കുട്ടികൾക്കാണ് പരിഗണന നൽകുന്നത്.

ആദ്യ പാദ വാർഷിക പരീക്ഷയുടെ വിശകലനത്തിലൂടെ ഓരോ കുട്ടിയും നേടിയ പഠന നേട്ടങ്ങളോടൊപ്പം, നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും ഓരോ അധ്യാപകനും കണ്ടെത്തി അവരെ വേറെ വേറെ കൂട്ടങ്ങളിലായി തിരിച്ചാണ് ശ്രദ്ധ പഠന പിന്തുണ പരിപാടി നടത്തുന്നത്. ഓരോ കുട്ടിക്കും അർഹമായ പിന്തുണ ലഭിക്കേണ്ടതിനാൽ അതാത് ക്ലാസ് തല കൂട്ടങ്ങളിലെ കുട്ടികളുടെ എണ്ണം 25ൽ കൂടുതലുണ്ടെങ്കിൽ ഒന്നിലധികം പഠനകൂട്ടങ്ങൾ ആക്കും.

വിദ്യാലയത്തിൽ ഓരോ വിഷയത്തിലും ഒന്നാം ഘട്ടത്തിൽ ഒരു ഏകദിന ക്യാമ്പും ഉയർന്ന ഒന്നിടവിട്ട മൂന്നു ദിവസങ്ങളിൽ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പഠനപ്രവർത്തനങ്ങളുമാണ് നടക്കേണ്ടത്. ഏകദിന ക്യാമ്പിലും തുടർന്നുള്ള സെക്ഷനുകളിലുമായി നടക്കുന്ന പ്രവർത്തനങ്ങളിലൂടെ നിശ്ചിതമായ പഠന തെളിവുകൾ ഉണ്ടാകണം. രചനകൾ, ചിത്രങ്ങൾ, നിർമ്മിതികൾ, ഗ്രാഫിക് ഓർഗനൈസർ, റിപ്പോർട്ടുകൾ, വാചിക പാഠങ്ങൾ, പഠന പ്രകടനങ്ങൾ, സ്വയം വിശകലനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഓരോ പ്രവർത്തനത്തിലൂടെയും രൂപപ്പെടണം. അത് കുട്ടിയുടെ പ്രൊഫൈലിന്റെ ഭാഗമാവുകയും ചെയ്യും.

‘ശ്രദ്ധ’ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രവർത്തനാനുഭവങ്ങൾ, അധ്യാപകർ വികസിപ്പിച്ചെടുത്ത മൗലിക പ്രവർത്തന രീതികൾ, കുട്ടികളുടെ പഠനത്തിലുണ്ടായ പുരോഗതി എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുക.

നവപ്രഭ

ഒമ്പതാം ക്ലാസ്സിൽ പഠന പിന്നോക്കാവസ്ഥ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്ക് പരിഹാരബോധനം ഉറപ്പാക്കുന്നതിന് രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആർ.എം.എസ്.എ.) കേരള നടപ്പാക്കുന്ന പദ്ധതിയാണ് ‘നവപ്രഭ’. ഏതാണ്ട് 60000 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ശാസ്ത്രം, ഗണിതം, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾ നവപ്രഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്നാംപാദ പരീക്ഷയിലെ സ്കോറിനെ അടിസ്ഥാനപ്പെടുത്തി പഠനപിന്നോക്കാവസ്ഥയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രവൃത്തി സമയത്തിനു ശേഷം അധികസമയം പ്രയോജനപ്പെടുത്തിയാണ് പരിഹാര ബോധന ക്ലാസ് നൽകുന്നത്. പോസ്റ്റ് ടെസ്റ്റിലൂടെ കുട്ടികൾക്ക് വന്നമാറ്റം ശാസ്ത്രീയമായി വിലയിരുത്തുകയും ചെയ്യും.

ആവശ്യമായ പിന്തുണാ സംവിധാനവും മോണിറ്ററിങ്ങും ഉറപ്പാക്കാനായി നവപ്രഭ മൊബൈൽ അപ്പ്ലിക്കേഷനും, ദൈനംദിന ക്ലാസ്സുകളുടെ വിവരം, കുട്ടികളുടെ ഓരോ ക്ലാസ്സിലും ലഭിക്കേണ്ട പഠനോദ്ദേശ്യങ്ങൾ, പഠനവിഭവങ്ങൾ, പഠനാസൂത്രണം, പഠന പിന്തുണ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കു നവപ്രഭ വെബ്‌സൈറ്റും ലഭ്യമാക്കിയിട്ടുണ്ട്. നവപ്രഭയുടെ ഭാഗമായി അധിക പഠന സൗകര്യം ഉറപ്പാക്കിയിട്ടുള്ള വിദ്യാർഥികളുടെ പേരുവിവരം, ദൈനംദിന ക്ലാസ്സുകളുടെ വിവരം, ഹാജർ എന്നിവ നവപ്രഭ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകുന്നു. ദൈനംദിന ക്ലാസ്സുകളുടെ വിവരം, കുട്ടികളുടെ ഓരോ ക്ലാസ്സിലും ലഭിക്കേണ്ട പഠനോദ്ദേശ്യങ്ങൾ, പഠനവിഭവങ്ങൾ, പാഠ ആസൂത്രണം, പഠന പിന്തുണ സംവിധാനങ്ങൾ, വിലയിരുത്തൽ തുടങ്ങിയവ നവപ്രഭ വെബ്‌സൈറ്റിലും തയാറാണ്.

അറുപതു പഠനമണിക്കൂറുകളിൽ ഫലപ്രദമായി അധ്യയനം നടന്ന് കേരളത്തിലെ മുഴുവൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കും അടിസ്ഥാന ശേഷികൾ ആർജ്ജിക്കുമെന്നു ഉറപ്പുവരുത്തുകയാണ് ആർ.എം.എസ്.എ. യുടെ ലക്ഷ്യം.

മലയാളത്തിളക്കം

എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന 2 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാതൃ ഭാഷാപരമായ കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയത്. സംസ്ഥാനത്തെ രണ്ടരലക്ഷത്തോളം കുട്ടികൾ ഈ പരിപാടിയിലൂടെ കടന്നുപോയി. ഇതിൽ 80% നു മേൽ കുട്ടികൾ വിജയം കൈവരിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ പരിപാടി നടപ്പിലാക്കി. ഹൈസ്‌കൂൾ ക്ലാസിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് അപേക്ഷകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു.

ഗണിതവിജയം

നമ്മുടെ ചുറ്റുപാടുകളെയും സവിശേഷമായി നിർമ്മിക്കുന്ന പഠനോപകരണങ്ങളെയും സമർത്ഥമായി ഉപയോഗിച്ച് 3,4 ക്ലാസുകളിലെ കുട്ടികളുടെ ഗണിത ബോധനശേഷികൾ വർദ്ധിപ്പിക്കുന്നതിനു സഹായകമായ പദ്ധതി. തെരഞ്ഞെടുത്ത 300 ഓളം സ്‌കൂളുകളിലെ 5000-ത്തി ലധികം കുട്ടികൾ ഈ പരിപാടിയിലൂടെ കടന്നുപോയി. ഇതിൽ 85 % നു മേൽ കുട്ടികൾ വിജയം കൈവരിച്ചു. മറ്റു സ്‌കൂളുകളിൽ നിന്നും യു.പി. ക്ലാസുകളിൽ നിന്നും ഈ പരിപാടി വ്യാപിപ്പിക്കുന്നതിന് സമ്മർദ്ദമുണ്ട്.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ആത്മവിശ്വാസത്തോടെ പറയാനും എഴുതാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി എൽ.പി,യു.പി ക്ലാസുകളിൽ നടപ്പിലാക്കിയ പദ്ധതി. തെരഞ്ഞെടുത്ത സ്‌കൂളുകളിൽ നടപ്പിലാക്കി. സ്‌കൂളുകൾക്ക് വലിയ സ്വീകാര്യത ഈ പദ്ധതിയ്ക്കുണ്ട്.

ക്ലാസ് ലൈബ്രറി

കുട്ടികളിലെ വായന പരിപോഷിപ്പിക്കുന്നതിനും ഒന്നാന്തരം വായനക്കാരെ സൃഷ്ടിക്കുന്നതിനുമായി ഒന്നാം ക്ലാസിലെ എല്ലാ ഡിവിഷനിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ച പദ്ധതി. സംസ്ഥാനത്തെ മുഴുവൻ ഒന്നാം ക്ലാസ് ഡിവിഷനിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു. ചില ബി.ആർ.സികളിലും ചില പഞ്ചായത്തുകളിലും മുഴുവൻ രണ്ടാം ക്ലാസിലും മറ്റു ചില പഞ്ചായത്തുകളിൽ എല്ലാ എൽ.പി. ക്ലാസുകളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു. ഇതിനായി പല പഞ്ചായത്തുകളും സംഘടനകളും പൂർവ്വ വിദ്യാർത്ഥികളും മുന്നോട്ടു വന്നു കഴിഞ്ഞു.

പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ

പിന്നാക്ക ജനവിഭാഗത്തിൽപ്പെട്ടവരും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുമായ കുട്ടികൾ കൂടുതലുള്ള വിദ്യാലയത്തെ കേന്ദ്രീകരിച്ച് കുട്ടികളുടെ പാഠ്യേതരകഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനപ്രയാസങ്ങൾ പരിഹരിക്കുന്നതിനുമായി ആരംഭിച്ച കേന്ദ്രങ്ങൾ. കുട്ടികളുടെ നൈസർഗിക പ്രതിഭകളുടെ പോഷണം സാദ്ധ്യമായി. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലെ സ്‌കൂളുകളിൽ കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്താൻ സാധിച്ചു. പഠനാനുബന്ധ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് വീടുകളിൽ സാഹചര്യം ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യവും പിന്തുണയും ലഭിച്ചു.

ടാലന്റ് ലാബ്

കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്‌കൂളുകൾ ക്രേന്ദ്രീകരിച്ച് ആരംഭിച്ച പദ്ധതി. അധ്യാപകരുടേയും വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള പൂർവ്വ വിദ്ധ്യാർത്ഥികളുടെയും കലാ കായിക മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള വിദഗ്ധരുടേയും സഹായം ഈ പരിപാടിയിലൂടെ സ്‌കൂളുകൾക്ക് ലഭിച്ചു.

ജൈവവൈവിധ്യ ഉദ്യാനം

പ്രകൃതിയിൽ നിന്ന് അനുഭവങ്ങളിലൂടെ പഠിക്കുക എന്ന ഊന്നൽ നൽകുന്നതിനായി നടപ്പിലാക്കിയ പദ്ധതി.ക്യാമ്പസിനെ ഒരു പാഠപുസ്തകമാക്കി മാറ്റുന്നതിനായി നടപ്പിലാക്കിയ പദ്ധതി. എസ്.എസ്.എ വഴി 602 സ്‌കൂളുകൾക്ക് ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന് സാമ്പത്തികസഹായം നൽകി. സാമ്പത്തിക സഹായം ലഭിച്ച സ്‌കൂളുകളും അത് ലഭിക്കാത്ത സ്‌കൂളുകളും മറ്റ് സ്‌ത്രോതസുകളിൽ നിന്നും പണം കണ്ടെത്തിയും മറ്റും ജൈവവൈവിധ്യ ഉദ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂന്തോട്ടങ്ങളും ശലഭോദ്യാനങ്ങളും ഔഷധത്തോട്ടങ്ങളും പച്ചക്കറിതോട്ടങ്ങളും വാഴകൃഷിയും, നെൽ കൃഷിയുമൊക്കെ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്.

വേനൽപ്പച്ച

പ്രകൃതി പഠന പ്രവർത്തന പുസ്തകം (വേനൽപ്പച്ച) കുട്ടികൾക്കും സ്‌കൂളിനും ഒന്നുമുതൽ 8 വരെ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ‘വേനൽപ്പച്ച’ വിതരണം ചെയ്തു. എല്ലാ സ്‌കൂളുകൾക്കും ജൈവവൈവിധ്യ ഉദ്യാന നിർമ്മാണ പരിപാലന കൈപ്പുസ്തകം നൽകി. പരിസ്ഥിതി സൗഹാർദപരമായ വിദ്യാലയാന്തരീക്ഷം, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്നിവ സാക്ഷാത്കരിക്കുന്നതിനും ജൈവവൈവിധ്യ ഉദ്യാന നിർമ്മിതിക്കും പരിപാലനത്തിനും ഊന്നൽ നൽകുന്നതിനായി നടപ്പിലാക്കിയ പദ്ധതി. നേരനുഭവങ്ങളിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയുമുള്ള പഠനത്തിന് ജൈവവൈവിധ്യ ഉദ്യാനം പ്രയോജനപ്പെടുത്തുന്നതിനും അക്കാദമിക ആസൂത്രണം നടത്തുന്നതിനും സ്‌കൂളുകൾക്ക് സഹായകമായി.

അദ്ധ്യാപക പഠനകൂട്ടായ്മകൾ

പാഠ്യപദ്ധതി നിർവ്വഹണം ഗവേഷണാത്മകമായി ഏറ്റെടുക്കാൻ സന്നദ്ധതയുള്ള അദ്ധ്യാപകരുടെ ബി.ആർ.സി തലത്തിൽ രൂപീകരിച്ച കൂട്ടായ്മകൾ. അന്വേഷണാത്മകതയും മികവുകളുടെ വ്യാപനവും ത്വരിതപ്പെടുത്താൻ കഴിഞ്ഞു. വിഷയബന്ധിതമായി പ്രതിമാസ ആസൂത്രണം, പഠനോപകരണ നിർമ്മാണം, ഐ.സി.റ്റി സാധ്യതകളുടെ പ്രയോഗം, ലഘുജേർണൽ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ട്.

ക്ലാസ് ഗണിതലാബ്

കുട്ടികൾക്ക് ഗണിതം കൗതുകകരവും ആസ്വാദവുമാക്കുന്നതിനും ഗണിതശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട പദ്ധതി. എൽ.പി വിദ്ധ്യാലയങ്ങളിലും , യു.പി വിദ്ധ്യാലയങ്ങളിലും നടപ്പിലാക്കിയ പദ്ധതി. നിരവധി സ്‌കൂളുകളിൽ എസ്.എസ്.എ യുടെ ധനസഹായത്തോടെയും മറ്റിടങ്ങളിൽ പഞ്ചായത്തുകളുടേയും അദ്ധ്യാപകരുടേയും ഒക്കെ സഹായത്തോടെയും ക്ലാസ് ഗണിതലാബുകൾ പ്രവർത്തനക്ഷമമാക്കി.

കോർണ്ണർ പി.ടി.എ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യവും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളും വിദ്യാലയമികവുകളും കുട്ടികളുടെ കഴിവുകളും പൊതുജനങ്ങളെ അറിയിക്കുന്നതി നും അവരുടെ സഹായം ഉറപ്പുവരുത്തുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതി. വൈകുന്നേരങ്ങളിൽ വിദ്യാകേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികൾക്ക് പഠനപ്രയാസങ്ങൾ പരിഹരിക്കുന്നതിന് പ്രാധാന്യം നൽകിയും വിവിധ പഠന പ്രവർത്തനങ്ങൾ നൽകിയും അനുയോജ്യരായ വിദ്യാവോളണ്ടിയർമാരെ നിയമിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതി. പ്രാദേശികമായി വിദ്യാഭ്യാസ സദസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. ജനപ്രതിനിധികളുടേയും സാമൂഹ്യപ്രവർത്തകരുടേയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം. പാർശ്വവൽക്കൃത ഗോത്രജലവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന വയനാട് ജില്ലയിൽ വളരെ വിജയപ്രദമായും സ്വീകാര്യമായും നടത്തിയ പരിപാടിയായിരുന്നു.

ഊരു വിദ്യാകേന്ദ്രങ്ങളും വിദ്യാ വോളണ്ടിയറും

വൈകുന്നേരങ്ങളില്‍ വിദ്യാകേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് പഠനപ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കിയും വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കിയും അനുയോജ്യരായ വിദ്യാവോളണ്ടിയർമാരെ നിയമിച്ചുകൊണ്ട് നടപ്പിലാക്കിയ പദ്ധതിയാണിത്. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണിത്.

വിദ്യാലയ കൂട്ടുചേരൽ പരിപാടി (സ്‌കൂൾ ട്വിന്നിംഗ് പ്രോഗ്രാം)

വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ മേഖലകളിലെ മികച്ച മാതൃകകളുടെ നേരനുഭവങ്ങള്‍ ലഭിക്കുന്നതിന് വിദ്യാലയങ്ങള്‍ നേരിട്ട് സന്ദർശിക്കുന്നതിന് അവസരം ഒരുക്കിയ പദ്ധതി ആണ് വിദ്യാലയ കൂട്ടുചേരല്‍ പരിപാടി. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണിത്.

ശാസ്ത്ര പഠനയാത്രകള്‍

എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണ് ശാസ്ത്ര പഠനയാത്രകള്‍. അന്വേഷണ പഠനങ്ങള്‍ക്കും തനതു ശേഷി പ്രകടനങ്ങള്‍ക്കും അവസരം നല്‍കുന്നതിനായി വിവിധ ശാസ്ത്രസ്ഥാപനങ്ങള്‍, പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കു സംഘടിപ്പിച്ച പഠനയാത്രകള്‍ ആണ് ഇതിൽ ഉൾപ്പെടുന്നത്.

പുസ്തകവണ്ടി

സഞ്ചരിക്കുന്ന പുസ്തകങ്ങള്‍, ഒരു വിദ്യാലയത്തില്‍ നിന്ന് മറ്റൊരു വിദ്യാലയത്തിലേയ്ക്ക് യാത്രയ്ക്കിടയില്‍ കുട്ടികളില്‍ അറിവിന്റെ, വായനയുടെ ആനന്ദം നിറച്ച് ഒരുകൂട്ടം പുസ്തകങ്ങളെ വിദ്യാലയത്തില്‍ എത്തിച്ച് അവിടെ അത് വായിക്കുന്നതിനും വായനാകുറിപ്പുകള്‍ തയ്യാറാക്കുന്നതിനും അവസരം ഒരുക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതി ആണ് പുസ്തകവണ്ടി. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണിത്.

കൂട്ട് കൂടാൻ പുസ്തകചങ്ങാതി

കിടപ്പിലായിപ്പോയ കുട്ടികള്‍ക്കു വേണ്ടി ഓരോ ബി.ആര്‍.സി യിലും അവരവരുടെ പരിധിയില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഒരാള്‍ക്ക് 100 പുസ്തകം എന്ന കണക്കില്‍ നൽകുന്ന പദ്ധതിയാണ് കൂട്ട് കൂടാൻ പുസ്തകചങ്ങാതി. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണിത്.

കൈത്തറി യൂണിഫോം വിതരണം

പരമ്പരാഗത കൈത്തറി യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് സുഖകരമായ തുണി നല്‍കുന്നതിനും നടപ്പിലാക്കിയ പദ്ധതിയാണ് കൈത്തറി യൂണിഫോം വിതരണ പദ്ധതി. എസ്.എസ്.എ.കേരളം 2017-2018 വർഷം നടപ്പാക്കി വരുന്ന പദ്ധതിയാണിത്.

ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് എൽ.പി.ജി സംവിധാനം ഒരുക്കൽ

പരിസരമലിനീകരണം കുറയ്ക്കുന്നതിനും വേഗതയിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും 2017-18 വർഷത്തെ സ്‌കൂൾ ഗ്രാന്റിൽ നിന്നും ഒരു വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകവാതക സംവിധാനം ഏർപ്പെടുത്തി.

പഠനവീട് (ഷെൽട്ടർ)

ആദിവാസിമേഖലയിലെ കുട്ടികൾക്ക് പഠനതുടർച്ച ഉറപ്പുവരുത്തുന്നതിനും പഠനപ്രവർത്തനങ്ങളിൽ ഇടപെടുന്നതിനുവേണ്ടി ആദിവാസി വിദ്യാർത്ഥികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള കേന്ദ്രമായി ഷെൽട്ടറിനെ ഉയർത്താൻ കഴിഞ്ഞു. പ്രാരംഭ ഘട്ടത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലും രണ്ട് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഔട്ട് ഓഫ് സ്‌കൂൾ ചിൽഡ്രൻ-സ്‌കൂൾച ലേഹം

സമ്പൂർണ്ണ സ്‌കൂൾ പ്രവേശനവും കൊഴിഞ്ഞുപോക്ക് കുറയ്ക്കലും ലക്ഷ്യമിട്ടു നടത്തിയ പദ്ധതി. ഇതര സംസ്ഥാനക്കാരായ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടികളെ സ്‌കൂളിലെത്തിക്കും. കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് ആകർഷിക്കുന്നതിനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും സാമൂഹികപങ്കാളിത്തത്തോടെയും സർവ്വേ നടത്തി കണ്ടെത്തിയ കുട്ടികളെ അടുത്തുള്ള സ്‌കൂളുകളിൽ പുതുതായി പ്രവേശിപ്പിക്കാൻ കഴിഞ്ഞു.