ഇംഗ്ലീഷ് വായനാകോർണർ
- ലോവർ പ്രൈമറിയിലെ എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് പുസ്തകങ്ങൾ ലഭ്യമാക്കും.
- എൻ ബി ടി പോലെയുള്ള പ്രസാധകരുടെ നിലവാരമുള്ള ലളിതമായ പുസ്തകങ്ങളാണ് നൽകുക.
- ഇംഗ്ലീഷ് പുസ്തകവായനയിലൂടെ കുട്ടികളുടെ പദസമ്പത്ത് വർധിപ്പിക്കും. വായനാനുഭവങ്ങളുടെ ഇംഗ്ലീഷ് ആവിഷ്‌ക്കാരങ്ങൾ നടത്തും. ഇംഗ്ലീഷിൽ സ്വതന്ത്രവായനക്കാരാക്കും. ഇതിനാവശ്യമായ പരിശീലനം വിദ്യാലയങ്ങൾക്ക് നൽകും.
എല്ലാവരും സ്വതന്ത്രവായനക്കാർ
- മലയാളത്തിളക്കം, ഒന്നാംക്ലാസ്സ് ഒന്നാന്തരം വായന, എന്നീ പരിപാടികളുടെ തുടർച്ചയായി എല്ലാ ക്ലാസുകളിലും “എല്ലാവരും സ്വതന്ത്രവായനക്കാർ” എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായുള്ള വായനാസാമഗ്രികൾ എസ് സി ഇ ആർ ടിയുടെ സഹകരണത്തോടെ തയ്യാറാക്കും.
- വായനാസാമഗ്രികളുടെ സെറ്റ് ജൂൺമാസം തന്നെ വിദ്യാലയങ്ങളിൽ എത്തിക്കും.
- വായനയുടെ ഉയർന്ന തലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അധ്യാപകരെ പരിചയപ്പെടുത്തും.
- ഒന്നാംക്ലാസ് മുതൽ എല്ലാ കുട്ടികൾക്കും ആസ്വാദ്യ വായന, വിജ്ഞാനപോഷണ വായന എന്നിവയിൽ അനുഭവം ലഭിക്കും.
ഞങ്ങളും ശാസ്ത്രത്തോടൊപ്പം
- എൽ.പി.സ്‌കൂളുകളിലും യു.പി. സ്‌കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കും. ശാസ്ത്രപരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്നതാണ് ലക്ഷ്യം. ഇതിനാവശ്യമായ ശാസ്ത്ര പരീക്ഷണോപകരണങ്ങൾ വിദ്യാലയങ്ങളിൽ നിർമ്മാണക്കളരി സംഘടിപ്പിച്ച് വികസിപ്പിക്കും.
- അധ്യാപകർക്ക് രണ്ടുദിവസത്തെ പ്രായോഗിക പരിശീലനം നൽകും.
- ഓരോ കുട്ടിയും പരീക്ഷണോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരീക്ഷണങ്ങൾ അവരുടെ ക്ലാസ് നിലവാരത്തിനനുസരിച്ച് വിശദീകരിക്കുന്നതിനും പ്രാപ്തരാകും.
അക്കാദമിക മാസ്റ്റർ പ്ലാനിലൂടെ ഉന്നതനിലവാരത്തിലേക്ക്
- വിദ്യാലയങ്ങൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിലെ പൊതുവായ ഇനങ്ങൾ ബി ആർ സി തലത്തിൽ ക്രോഡീകരിച്ച് ആവശ്യമായ പിന്തുണ നൽകും.
- അക്കാദമിക മാസ്റ്റർ പ്ലാനിന്റെ നിർവഹണകലണ്ടർ തയ്യാറാക്കുന്നതിന് വിദ്യാലയങ്ങളെ സഹായിക്കും.
- അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന്റെ ഫലമായുണ്ടായ നേട്ടങ്ങളും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളും ക്രോഡീകരിച്ച് വ്യാപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തും.
പരിസ്ഥിതി പരീക്ഷണശാല
- ജൈവവൈവിധ്യ ഉദ്യാനത്തിന്റെ അടുത്ത ഘട്ടമായി പരിസ്ഥിതി പരീക്ഷണശാല എന്ന പദ്ധതി നടപ്പിലാക്കും. ജൈവവൈവിധ്യ ഉദ്യാനത്തെ വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധിപ്പിച്ച് ‘കാമ്പസിനെ പാഠപുസ്തകമാക്കുക’ എന്ന ആശയം സാക്ഷാത്ക്കരിക്കുന്നതിനാണ് ഇത്.
- ഓരോ ക്ലാസിലേക്കും കൈപ്പുസ്തകം തയ്യാറാക്കി അധ്യാപകർക്ക് നൽകും.
- കുട്ടികൾക്ക് ഹരിതഡയറി നൽകും.
ക്ലാസ് ഗണിത ലാബുകൾ
- നൂറ്റിയറുപത്തെട്ട് വിദ്യാലയങ്ങളിൽ ഈ വർഷം നടപ്പിലാക്കിയ ക്ലാസ് ഗണിത ലാബ് പ്രവർത്തനം എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും.
- എൽ പി തലത്തിലും യു പി തലത്തിലും നടപ്പിലാക്കും
- ഇതിനാവശ്യമായ പഠനോപകരണനിർമാണ പരിശീലനം അധ്യാപകർക്ക് നൽകും
സയൻസ് പാർക്ക്
- തെരഞ്ഞെടുത്ത യു പി സ്‌കൂളുകളിൽ സയൻസ് പാർക്ക് നടപ്പിലാക്കും
- ഭൗതികശാസ്ത്ര പരീക്ഷണോപകരണങ്ങൾ, ചാർട്ടുകൾ, ശാസ്ത്രലൈബ്രറി, ഐ സി ടി വിഭവങ്ങൾ എന്നിവയടങ്ങുന്നതാവും സയൻസ് പാർക്ക്
- കുട്ടികൾക്ക് സ്വയം ചെയ്തു പരിശീലിക്കുന്നതിന് സഹായകമായ രീതിയിലാണ് ഇത് ക്രമീകരിക്കുക.
- കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ജി എം യു പി സ്‌കൂളിൽ നടപ്പിലാക്കിയ സയൻസ് പാർക്കിന്റെ അനുഭവങ്ങൾ പ്രയോജനപ്പെടുത്തും.
പ്രതിഭാകേന്ദ്രങ്ങൾ
- ഈ വർഷം ആരംഭിച്ച പ്രാദേശികപ്രതിഭാകേന്ദ്രങ്ങൾ തുടരും
- അവധിക്കാലത്ത് കുട്ടികൾക്ക് പ്രതിഭാക്യാമ്പുകൾ സംഘടിപ്പിക്കും
- പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ആരംഭിച്ച ഈ പരിപാടി ശക്തിപ്പെടുത്തും.
കൊഴിഞ്ഞുപോക്കില്ലാത്ത വയനാട്
- വയനാട് ജില്ലയിൽ ഇനിയും സ്‌കൂളിലെത്താത്ത കുറച്ച് കുട്ടികളുണ്ട് എന്ന് എസ് എസ് എ കണ്ടെത്തിയിട്ടുണ്ട്. കുറച്ചു കുട്ടികൾ ഇടയ്ക്കുവെച്ച് കൊഴിഞ്ഞുപോകുന്നുമുണ്ട്. സ്ഥിരമായി ഹാജരാകാത്ത കുട്ടികളുമുണ്ട്. ഇത് പരിഹരിക്കുന്നതിനായി അതിവിപുലമായ സ്‌കൂൾ പ്രവേശന കാമ്പെയിൻ അവധിക്കാലത്ത് നടത്തും. ഊരു വിദ്യാകേന്ദ്രം, മെന്റർ ടീച്ചർമാർ തുടങ്ങിയവരുടെ സഹായത്തോടെ പ്രവേശിക്കപ്പെട്ട എല്ലാവരും സ്ഥിരമായി വിദ്യാലയത്തിലെത്തുന്ന സാഹചര്യം സൃഷ്ടിക്കും. ഒരു കുട്ടിപോലും കൊഴിഞ്ഞുപോകുന്നില്ല എന്നുറപ്പുവരുത്തും.
- വാർഡ് വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കും
- പ്രതിമാസ അവലോകനം വാർഡ് അടിസ്ഥാനത്തിലും സ്‌കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ഊരുകൂട്ട തലത്തിലും നടത്തും.
ക്ലാസ് പി ടി എ യിൽ നിലവാരത്തെളിവുകൾ
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ട് വെച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് പി ടി എ യോഗങ്ങളിൽ നിലവാരത്തെളിവുകൾ വിശകലന റിപ്പോർട്ട് സഹിതം പങ്കിടും.
- ജൂൺമാസം എല്ലാ ബി ആർ സികളിലും ഓരോ വിദ്യാലയത്തിൽ വീതം നടപ്പിലാക്കും.
- ജൂലൈമാസം ഓരോ പഞ്ചായത്തിലും ഓരോ വിദ്യാലയത്തിൽ നടപ്പിലാക്കും
- ആഗസ്റ്റ് മാസം എല്ലാ വിദ്യാലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
പഠനവിടവില്ലാത്ത ക്ലാസനുഭവങ്ങൾ
- എൻ സി ഇ ആർ ടി നാഷണൽ അച്ചീവ്‌മെന്റ് സ്റ്റഡി നടത്തുകയും ഓരോ ജില്ലയിലെയും ഓരോ ക്ലാസിലെയും പഠനവിടവുകൾ (ലേണിംഗ് ഗ്യാപ്പ്) കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
- കണ്ടെത്തിയ പഠനവിടവുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനപാക്കേജിന്റെ കരട് മാതൃകയും എൻ സി ഇ ആർ ടി നൽകിയിട്ടുണ്ട്.
- കേരളത്തിലെ ടേം മൂല്യനിർണ്ണയത്തെ അച്ചീവ്‌മെന്റ് സ്റ്റഡിയായി കണ്ട് അതത് ടേമിലെ പഠനനവിടവുകൾ നിർണയിക്കുകയും പരിഹാരപ്പാക്കേജ് തയ്യാറാക്കുന്നതിന് അതത് വിദ്യാലയങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യും.
- മുൻവർഷം കണ്ടെത്തിയ പഠനവിടവുകൾ വരും വർഷം സംഭവിക്കാതിരിക്കാൻ വേണ്ട പിന്തുണാസാമഗ്രികളും പരിശീലനവും അധ്യാപകർക്ക് നൽകും.
ഉൾച്ചേർക്കൽ വിദ്യാഭ്യാസവും അനുരൂപീകരണവും
- റിസോഴ്‌സ് അധ്യാപകർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും. പ്രത്യേക പരിഗണന അർഹിക്കുന്ന കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിലേക്ക് ഇവരുടെ സേവനം വിട്ടുകൊടുക്കും.
- പഠനാനുഭവങ്ങളുടെ അനുരൂപീകരണമാതൃകകൾ വികസിപ്പിക്കും. ഇതിനായി സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് രൂപപ്പെടുത്തും.
- ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിൽ പുതുരീതികളുടെ സാധ്യത പരിശോധിക്കും. പ്രാദേശിക സ്‌നേഹക്കൂട്ടങ്ങൾ രൂപീകരിക്കും. പ്രാദേശിക സ്‌നേഹക്കൂട്ടങ്ങളുടെ പ്രതിനിധികൾക്ക് പരിശീലനം നൽകും.
- മാസത്തിലൊരിക്കലെങ്കിലും ഇത്തരം കുട്ടികൾക്ക് വിദ്യാലയാനുഭവം ലഭിക്കുന്നതിന് അവസരമൊരുക്കും. അതോടൊപ്പം വിദ്യാലയം വീട്ടിലേക്ക് എന്ന പരിപാടിയും നടപ്പിലാക്കും.
സമഗ്രമികവിന്റെ വിദ്യാലയം (Total Quality Schools)
- ഓരോ ബി ആർ സിയിലും സന്നദ്ധമാകുന്ന ഓരോ വിദ്യാലയം വീതം തെരഞ്ഞെടുത്ത് പൊതുവിദ്യാഭ്യാസസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രാവർത്തികമാക്കുന്നതിനും അക്കാദമിക മാതൃകകൾ സൃഷ്ടിക്കുന്നതിനും നടപടി സ്വീകരിക്കും.
- ശാലാസിദ്ധി, എസ് എസ് എ, വിജയിപ്പിച്ച പ്രവർത്തനങ്ങൾ എന്നിവ ഈ വിദ്യാലയങ്ങളിൽ നടപ്പിലാക്കും.