പൊതുവിദ്യാഭ്യാസത്തില്‍ പ്രതീക്ഷയുളള വലിയൊരു ജനവിഭാഗം ഉളളപ്പോള്‍ത്തന്നെ വിദ്യാലയത്തിനുളളിലെ മികവ് അറിയാനവസരം ലഭിക്കാത്തതിനാല്‍ മുഖ്യധാരയില്‍ നിന്നും അകന്നുപോയവരും ഉണ്ട്. വിദ്യാലയമികവുകള്‍ സമൂഹവുമായി പങ്കുവെക്കുന്നതിലൂടെ കൂടുതല്‍ സമൂഹപിന്തുണ ലഭ്യമാകും. പ്രാദേശികസമൂഹത്തിന്റെ വിശ്വാസ്യത വര്‍ധിക്കും. കൂടുതല്‍ ശക്തമായ പ്രവര്‍ത്തനത്തിന് ഇത് പ്രചോദനവുമാകും. ഈ കാഴ്ചപ്പാടോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ഗോത്സവം 2018 മികവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്നത്.
ലക്ഷ്യങ്ങള്‍
- ഓരോ പൊതുവിദ്യാലത്തിന്റെയും പ്രവര്‍ത്തനപരിധിയിലുളള എല്ലാ കുട്ടികളേയും പൊതുവിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുകയും പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക.
- ഓരോ കുട്ടിയുടെയും മികവുകള്‍ പങ്കുവെക്കാനവസരം ഒരുക്കുന്നതിലൂടെ തുല്യതയിലും ഗുണനിലവാരത്തിലും ഊന്നിയ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ രൂപപ്പെടുത്തുന്നത് എന്ന ധാരണ സമൂഹത്തിന് പകരുക.
- പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നകുട്ടികള്‍ ആർജ്ജിച്ച നിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തി പ്രാദേശികസമൂഹത്തിന്റെ വിശ്വാസം നേടുക.
നടത്തേണ്ട കാലയളവ്
മാര്‍ച്ച് അവസാനവാരം മുതല്‍ ഏപ്രില്‍ പതിനഞ്ച് വരെ കാലയളവിലാണ് മികവുത്സവം നടത്തേണ്ടത്.
മികവുത്സവ നടത്തിപ്പ്
- ഓരോ വിദ്യാലയവും മികവുത്സവം നടത്തേണ്ടതാണ്.
- സമീപപ്രദേശത്തുളള സ്വതന്ത്ര എല്‍ പി സ്കൂളും യു പി സ്കൂളും സംയുക്തമായി മികവുത്സവം നടത്താവുന്നതാണ്.
- വിദ്യാലയത്തിനു പുറത്തുളള വേദിയിലാണ് മികവുത്സവം നടത്തേണ്ടത്. പൊതുസമൂഹത്തിലേക്ക് വിദ്യാലയമികവുകള്‍ എത്തിക്കുന്നതിനാണിത്. വിദ്യാലയവുമായി നിരന്തരം ബന്ധപ്പെടുന്ന രക്ഷിതാക്കള്‍ മാത്രം കാര്യങ്ങള്‍ അറിഞ്ഞാല്‍ പോര. നാളെ വിദ്യാലയത്തിലേക്ക് മക്കളെ അയക്കേണ്ടവരും പ്രാദേശികസമൂഹത്തില്‍ അഭിപ്രായരൂപീകരണം നടത്തുന്നവരുമെല്ലാം പൊതുവിദ്യാലയത്തിന്റെ കരുത്ത് അറിയണം.
- പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങളില്‍ മികവുത്സവം നടക്കണം. ഒരു വിദ്യാലയം തെരഞ്ഞെടുത്ത കേന്ദ്രം മികവുത്സവത്തിനായി മറ്റൊരു വിദ്യാലയം തെരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം.
- മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള പരിപാടിയായി വേണം നടത്തേണ്ടത്.
- എല്ലാ കുട്ടികള്‍ക്കും കഴിവുണ്ട്. അതിനാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കത്തക്കവിധം ആസൂത്രണം ചെയ്യണം. എന്നാല്‍ കുട്ടികളുടെ എണ്ണം വളരെക്കൂടുതലുളള വിദ്യാലയങ്ങളില്‍ എല്ലാ ക്ലാസുകള്‍ക്കും പ്രാതിനിധ്യം വരത്തക്കവിധം ക്രമീകരണം നടത്താവുന്നതാണ്
- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് മികവുത്സവത്തില്‍ മതിയായ പരിഗണനയും പ്രാതിനിധ്യവും ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. സംഘപ്രവര്‍ത്തനങ്ങള്‍ പരമാവധി ഉള്‍ച്ചേര്‍ക്കുന്നത് ഉചിതമാകും .
- യാതൊരു കാരണവശാലും മത്സരസ്വഭാവം പാടില്ല. പൊതുവിദ്യാലയങ്ങള്‍ തമ്മിലും, കുട്ടികള്‍ തമ്മിലും മത്സരിക്കാനുളള അവസരമോ വേദിയോ അല്ല സര്‍ഗോത്സവം.
- വിദ്യാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുമ്പോള്‍ ഒരേ ഇനത്തില്‍ ഒന്നിലധികം വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് അവതരണം വരാതിക്കാന്‍ ശ്രദ്ധിച്ചാല്‍ മത്സരഭാവം ഒഴിഞ്ഞുപോകും.
- അക്കാദമികമായ മികവാണ് അവതരിപ്പിക്കേണ്ടത്. ഭാഷ ( മാതൃഭാഷ, ഇംഗ്ലീഷ് , ഇതരഭാഷകള്‍) ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയ്ക് മുഖ്യപരിഗണന ലഭിക്കണം
- കലാപരിപാടിയോ യുവജനോത്സവത്തിന്റെ ചെറുപതിപ്പോ അല്ല മികവുത്സവം . പ്രവൃത്തിപരിചയ ഉല്പന്നങ്ങളുടെ പ്രദര്‍ശനവേദിയാക്കുകയും വേണ്ടതില്ല. സ്കൂള്‍ പഠനോപകരണങ്ങള്‍ , ചാര്‍ട്ടുകള്‍ തുടങ്ങിയവയും മികവുത്സവവേദിയില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ അക്കാദമിക മികവ് വിഷയാധിഷ്ടിതമായി വ്യക്തമാക്കുന്ന പാനലുകള്‍ ആകാം. കുട്ടികളുടെ പഠനത്തെളിവുകളുടെ ഫോട്ടോകള്‍ അടിക്കുറിപ്പോടെ പാനലുകളാക്കി പ്രദര്‍ശിപ്പിക്കാം.
- കുട്ടികളാണ് അവതരണങ്ങള്‍ നടത്തേണ്ടത്. മുന്‍കൂട്ടി പരിശീലിപ്പിച്ചവ വേദിയില്‍ വന്ന് അവതരിപ്പിക്കുന്നതിനല്ല മറച്ച് ആര്‍ജിച്ച കഴിവുകള്‍ പങ്കിടുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടത്.
സംഘാടകസമിതിയും ചുമതലകളും
- സംഘാടക സമിതി കൂടണം. സ്കൂള്‍ വികസനസമിതി/എസ് എം സി/ രക്ഷാകര്‍തൃസമിതി എന്നിവ ചേര്‍ന്ന് മികവുത്സവം നടത്തുന്നതിനും അതിന്റെ വേദിയും തീയതിയും സംഘാടന വിശദാംശങ്ങളും തീരുമാനിക്കണം.
- സംഘാടകസമിതിയുടെ അധ്യക്ഷ(ന്‍) ജനപ്രതിനിധി/വിദ്യാലയവികസനസമിതി/ ചെയര്‍പേര്‍സണ്‍/പ്രദേശത്തെ സാംസ്കാരിക സാമൂഹികനേതൃനിരയിലുളളവര്‍/മറ്റ് സാമൂഹികാംഗീകാരമുളളവര്‍ ആയിരിക്കണം. പ്രഥമാധ്യാപകന്‍/പ്രഥമാധ്യാപിക ജനറല്‍ കണ്‍വീനറാകണം. അക്കാദമിക് കമ്മറ്റിയും പ്രചരണകമ്മറ്റിയും വേണം. സ്റ്റേജ്, ഉച്ചഭാഷിണി എന്നിവയ്കും ചുമതലക്കാരുണ്ടാകണം.
- ഓരോ ക്ലാസിലെയും കുട്ടികള്‍ എന്തെല്ലാം കഴിവുകൾ മികവുത്സവത്തില്‍ പങ്കിടണമെന്ന് ധാരണയാവുകയും അതിന്റെ അവതരണക്രമം തീരുമാനിക്കുകയും വേണം.
- ഓരോ ഇനവും അവതരിപ്പിക്കുമ്പോള്‍ അതിനെ വിശകലനം ചെയ്ത് അക്കാദമിക ശ്രേഷ്ഠത വ്യക്തമാക്കുന്നതിന് പറ്റിയ ആളെ കണ്ടെത്തണം. പൊതുവേദിയില്‍ അഞ്ചു മിനിറ്റില്‍ കവിയാത്ത വിധം വിലയിരുത്തല്‍ നടത്തി കുട്ടികളെ അംഗീകരിക്കുകയും പൊതുവിദ്യാലയമികവ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യണം. എങ്കില്‍ മാത്രമേ സമൂഹത്തിന് പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവിന്റെ മാനം ബോധ്യപ്പെടുകയുളളൂ.
- മികവുത്സവത്തിന്റെ പ്രചരണം പ്രധാനമാണ്. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് കേരളത്തനിമയുളള പ്രചരണരീതികള്‍ ആലോചിക്കണം. പൂര്‍വവിദ്യാര്‍ഥികളുടെയും എസ് എം സിയുടെയും നേതൃത്വത്തില്‍ വിളംബരയാത്ര, കൈയെഴുത്തു പോസ്റ്റര്‍ പതിപ്പിക്കല്‍, പ്രധാനകവലകളില്‍ ബോര്‍ഡുകള്‍ ( പനയോല, മെടഞ്ഞതെങ്ങോല, തുണി, പഴയപനമ്പ്, പായ തുടങ്ങിയ സാധ്യതകള്‍ ആലോചിക്കണം) , നോട്ടീസ് , ഭവനസന്ദര്‍ശനം, നാട്ടിലെ പൊതുപരിപാടികളില്‍ അനൗണ്‍സ്മെന്റ് നടത്താനുളള ക്രമീകരണം, പത്രവാര്‍ത്ത എന്നിവയൊക്കെ നടത്താവുന്നതാണ്.
- ജനകീയമായി സംഘടിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്. പൊതുവിദ്യാലയം സമൂഹം ഏറ്റെടുക്കുന്നതിന്റെ പ്രത്യക്ഷതെളിവനുഭവമായി ഇത് മാറണം. ഉച്ചഭാഷിണി, പ്രചരണം, ലഘുഭക്ഷണം , വേദി അലങ്കരിക്കില്‍ എന്നിവ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ നടത്തണം.
- വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ എസ് എസ്എ, ആര്‍ എം എസ് എ, കൈറ്റ്, ഡയറ്റ് തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും ഏകോപിത പ്രവര്‍ത്തനമായിട്ടാണ് സര്‍ഗോത്സവം നടത്തേണ്ടത്.
- കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി പ്രാദേശിക സമൂഹവുമായി വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകള്‍ പങ്കിടുന്ന വിപുലമായ സംരംഭം എന്ന നിലയില്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും സര്‍ഗോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണം.
- രക്ഷാകര്‍തൃ സംവാദങ്ങള്‍ക്ക് എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ “നന്മ പൂക്കുന്ന നാളേക്ക്” എന്ന രക്ഷകര്‍ത്താക്കള്‍ക്കുള്ള പുസ്തകം പ്രയോജനപ്പെടുത്താവുന്നതാണ്.
- എസ്.എസ്.എ തയ്യാറാക്കിയ രക്ഷകര്‍ത്താക്കള്‍ക്കുള്ള ബ്രോഷര്‍ എവിടെയെങ്കിലും വിതരണം ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ അതും പ്രയോജനപ്പെടുത്താം .
മികവുത്സവം ഉളളടക്ക പരിഗണനകള്‍
മികവുത്സവത്തിലെ ഇനങ്ങളെ രണ്ടായി തരംതിരിക്കാം. നിര്‍ബന്ധമായി നടത്തേണ്ടവയും വിദ്യാലയത്തിന്റെ സാധ്യതയനുസരിച്ച് ചെയ്യാവുന്നവയും. അടിസ്ഥാനശേഷികള്‍ ഉറപ്പാക്കിയാണ് പൊതുവിദ്യാലയങ്ങളില്‍ അക്കാദമിക പ്രവര്‍ത്തനം നടക്കുന്നതെന്ന് തെളിവുകള്‍ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇനങ്ങളാണ് നിര്‍ബന്ധമായും നടത്തേണ്ടവയില്‍ ഉള്‍പ്പെടേണ്ടത്. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഓരോ വിദ്യാലയവും പുരോഗമിക്കുന്നതിന്റെ തെളിവുകളാണ് രണ്ടാം വിഭാഗത്തില്‍ വരിക. അതേപോലെ സമഗ്രവികാസം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ചു ധാരണപകരുന്നതിനും രണ്ടാം വിഭാഗം ഉപകരിക്കും. ഓരോ വിഭാഗത്തിലും പരിഗണിക്കാവുന്ന കാര്യങ്ങള്‍ ചുവടെ സൂചിപ്പിക്കുന്നു.
നിര്‍ബന്ധമായും നടത്തേണ്ടവ
-
- വായന
- മലയാളത്തിളക്കം, എല്ലാവരും സ്വതന്ത്ര വായനക്കാര്‍, ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ എന്നീ പരിപാടികള്‍ പ്രൈമറി ക്ലാസുകളില്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ വായന നിര്‍ബന്ധമായും നടക്കണം. പൊതുവിദ്യാലയത്തിലെ കുട്ടികളെല്ലാം അടിസ്ഥാന ഭാഷാശേഷി നേടിയവരാണെന്ന് കേരളസമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രക്രിയായി ഇത് മാറണം.
- ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ ചെറു ബാലസാഹിത്യ കൃതികള്‍ വേദിയില്‍ ഉച്ചത്തില്‍ വായിക്കല്‍, നിര്‍ദേശിക്കുന്ന പുസ്തകമെടുത്ത് നിശ്ചിത ഭാഗം വായിക്കല്‍, സദസ് നല്‍കുന്ന വായനക്കാര്‍ഡുകള്‍ വായിക്കല്‍ എന്നിങ്ങനെയുളള പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്
- വേദിയില്‍ വെച്ചിട്ടുളള പുസ്തകങ്ങളിലെ ആശയം പങ്കിടലും നടത്താം. ക്ലാസ് ലൈബ്രറിയില്‍ നിന്നും കുട്ടികളെടുത്തു വായിച്ചിട്ടുളള പുസ്തകങ്ങളാണ് വെക്കേണ്ടത്. അതില്‍ നിന്നും സദസ് ആവശ്യപ്പെടുന്ന പുസ്തകത്തെക്കുറിച്ച് കുട്ടികള്‍ വിവരിക്കും
- മൂന്നു മുതലുളള കുട്ടികള്‍ ആശയം വ്യക്തമാകും വിധം ഊന്നലുകള്‍ നല്‍കിയും വേഗത ആവശ്യമായിടത്ത് നിയന്ത്രിച്ചും ഭാവം ഉള്‍ക്കൊണ്ടും ആസ്വാദ്യവായന നടത്തല്‍. കുട്ടികളുടെ ഗ്രൂപ്പിന് സംഭാഷണ പ്രാധാന്യമുളള കഥാഭാഗങ്ങളോ കഥകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്ക്രിപ്റ്റോ നല്‍കാം. ആ ഭാഗം ആസ്വാദ്യമായി വായിച്ചവതരിപ്പിക്കണം.ഓരോരുത്തര്‍ക്കും നിശ്ചിത റോള്‍ നല്‍കിയാല്‍ മതിയാകും
- പുസ്തകം, കഥ, കവിത എന്നിവ തത്സമയം വായിച്ച് ആശയം വിശദീകരിക്കല്‍, വായിച്ച് ആസ്വാദനം , നിരൂപണം, അവലോകനം എന്നിവ അവതരിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തന സാധ്യതകള്‍ പരിഗണിക്കണം
- ലഘുശാസ്ത്ര പരീക്ഷണം
- വായന
എല്ലാ കുട്ടികളും ഏതെങ്കിലം ലഘുശാസ്ത്ര പരീക്ഷണം വേദിയില്‍ അവതരിപ്പിച്ച് അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം. മുപ്പതോ നാല്പതോ വസ്തുക്കള്‍ വേദിയില്‍ വെച്ചിട്ടുണ്ടായിരിക്കും. കുട്ടികള്‍ വന്ന് ഇഷ്ടമുളള വസ്തുക്കള്‍ ഉപയോഗിച്ച് തത്സമയം പരീക്ഷണം ചെയ്തു കാണിക്കുന്നു. അതിന്റെ തത്വം വിശദീകരിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്ക് അവസരം നല്‍കണം.
-
- ഇംഗ്ലീഷില്‍ തത്സമയ വിവരണം (വിഷയം നറുക്കിട്ടെടുക്കാം, സദസിനു നിര്‍ദേശിക്കാം. കുട്ടികളുടെ ക്ലാസ് നിലവാരം പരിഗണിച്ച് വേണം വിഷയം നിര്‍ദേശിക്കേണ്ടത്)
- തത്സമയ ആവിഷ്കാരങ്ങള്‍
വായനാസാമഗ്രി വായിച്ച് ആശയം വിശദീകരിക്കല്‍, തത്സമയ പ്രഭാഷണം, സംഭാഷണം. നല്‍കുന്ന പ്രമേത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ് എന്നിവ
- അടിസ്ഥാന ഗണിതശേഷി
എല്ലാ കുട്ടികളും അടിസ്ഥാന ഗണിതശേഷി ആര്‍ജിച്ചവരാണെന്ന് ബോധ്യപ്പെടുത്തുന്ന തത്സമയ പ്രവര്‍ത്തനങ്ങള്‍. ഉദാഹരണം കലണ്ടര്‍ ഗണിതം (കലണ്ടര്‍ പ്രദര്‍ശിപ്പിക്കുന്നു. കലണ്ടറിനെ ആധാരമാക്കി ചതുഷ്ക്രിയകളിലുളള കഴിവ് വ്യക്തമാക്കാന്‍ സഹായകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയല്‍, അഞ്ചിന്റേയും ആറിന്റെയും ഗുണിതമായി വരുന്ന സംഖ്യകള്‍ ഈ കലണ്ടറിലുണ്ടോ?ഏത്?, മൂന്നുകൊണ്ട് നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ടിതില്‍? രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിച്ചാല്‍ പതിനെട്ടു കിട്ടും. കലണ്ടറില്‍ ആ സംഖ്യകളുണ്ട് . കണ്ടെത്താമോ? കോണോടു കോണ്‍ കൂട്ടിയാല്‍ ….സംഖ്യ ഉത്തരമായി ലഭിക്കും. ഏതെല്ലാം സംഖ്യകളാണെന്നു കണ്ടെത്താമോ എന്നിങ്ങനെ സാധ്യതകള്‍)
സാധ്യതയനുസരിച്ച് നടത്താവുന്നവ
- ഗണിതപസിലുകളുടെ അവതരണം
- നടത്തിയ ശാസ്ത്ര-സാമൂഹിക ശാസ്ത്രപ്രോജക്ടുകളുടെയും ഗണിത പ്രോജക്ടുകളുടെയും പങ്കിടല്‍. വിദ്യാലയത്തില്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ പ്രോജക്ടുകളുടെ കണ്ടെത്തലുകളാണ് പങ്കിടേണ്ടത്. ഉയര്‍ന്ന നിലവാരത്തിലുളള പഠനത്തിനു കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതിനാണ് ഇത്.
- കൊറിയോഗ്രാഫി
- പാഠപുസ്തകബാഹ്യമായ ഉളളടക്കത്തെ അടിസ്ഥാനമാക്കിയുളള തത്സമയ രംഗാവിഷ്കാരം. കഥ, കവിത എന്നിവ തത്സമയം നല്‍കും. കുട്ടികളുടെ സംഘങ്ങള്‍ക്ക് പത്തുമിനിറ്റ് ആസൂത്രണം നടത്തിയശേഷം അതിന്റെ രംഗാവിഷ്കാരം നടത്താം.
- പ്രാദേശിക ചരിത്രരചന നടത്തിയിട്ടുണ്ടെങ്കില്‍ പ്രധാന കണ്ടെത്തലുകളുടെ അവതരണം
- പൊതുപ്രസക്തമായ വിഷയത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം
- ഞങ്ങളുടെ പഠനം ഞങ്ങളുടെ നിലവാരം -പഠനത്തെളിവു വെച്ചുളള വിശകലനം
- ക്ഷണിക്കപ്പെട്ടവരുമായി തത്സമയ അഭിമുഖം ( സാധ്യതയനുസരിച്ച് ഏതു ഭാഷയില്‍ എന്നു നിശ്ചയിക്കാം)
- കാവ്യമാലിക ( മലയാള കവിതകള്‍ കോര്‍ത്തിണക്കിയുളള പരിപാടി എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കി)
- പഠനനേട്ടങ്ങൾ ഉറപ്പാക്കി മുന്നേറുന്നവര്‍,( പഠനനേട്ടങ്ങള്‍ പരിചയപ്പെടുത്തലും അത് ആര്‍ജിച്ചതിന്റെ തെളിവു പങ്കിടലും)
- ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട അവതരണം
- പ്രതിഭാശേഷീ പോഷണം ( ടാലന്റ് ലാബ്) അനുഭവം പങ്കിടല്‍
- സര്‍ഗാത്മക രചനകളുടെ അവതരണം
- തത്സമയം കേട്ട കഥ, കവിത എന്നിവയെ ചിത്രീകരിക്കല്‍. ഒരു കവിതയോ കഥയോ വേദിയില്‍ വായിച്ച്/ ചൊല്ലി അവതരിപ്പിക്കുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് പേപ്പര്‍ നല്‍കുന്നു. കേട്ട കഥയിലെ ഒരു രംഗം ചിത്രീകരിച്ച് അതിന് അടിക്കുറിപ്പെഴുതണം. ഈ ചിത്രങ്ങള്‍ സദസ്സിനു പരിശോധിച്ച് കവിതയുമായും കഥയുമായുമുളള പൊരുത്തം ബോധ്യപ്പെടാവുന്നതാണ്
- കലാപരമായ കഴിവുകളുളള കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ കവിത അവതരിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അതിന്റെ രംഗാവിഷ്കാരം നടത്താം. വേറൊരാള്‍ക്ക് അതിന്റെ തത്സമയ ചിത്രീകരണവും ആകാം.
സംഘാടനം പ്രത്യേകം ശ്രദ്ധിക്കേണ്ടത്
- എ.ഇ.ഒ , ബി.പി.ഒ , എസ്.എസ്.എ ട്രയിനര്‍മാര്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍ , ഡയറ്റ് ഫാക്കല്‍റ്റി , ആര്‍.എം.എസ്.എ ഉദ്യോഗസ്ഥര്‍ , ഡി.ഇ.ഒ, ഡി.ഡി.ഇ എന്നിവരുടെ കൂട്ടായ ശ്രമമാണ് ജില്ലാതലത്തിലെ ഈ പരിപാടിയുടെ വിജയത്തിനാധാരം .
- അടുത്ത വര്‍ഷം ഓരോ ക്ളാസ്സിലും ചുരുങ്ങിയത് 10% കുട്ടികളെയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ കഴിയണം . ഇതിനായി വ്യക്തമായ ആസൂത്രണം വേണം.
- തദ്ദേശ ഭരണ സ്ഥാപനങ്ങളെയും അവിടുത്തെ ജനപ്രതിനിധികളെയും എല്ലാ ഘട്ടത്തിലും ഈ പരിപാടിയുമായി ബന്ധിപ്പിക്കണം . വാര്‍ഡ് മെമ്പറുടെ സാന്നിധ്യം സമിതിയില്‍ ഉണ്ടാകണം.
- മികവുത്സവം തീരുമാനിച്ചു കഴിഞ്ഞാല്‍ സ്കൂളിന്റെ ക്യച്ച്മെന്റ് ഏരിയയിലുള്ള മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് പരിപാടിക്കായി ആളുകളെയും കുട്ടികളെയും ക്ഷണിക്കണം . ഏറ്റവും മികച്ച ഒരു ക്യാമ്പയിന്‍ പരിപാടിയായി ഭവന സന്ദര്‍ശനത്തെ മാറ്റണം
- ഒന്നാം ക്ളാസ്സിലേക്ക് പുതുതായി വരാന്‍ സാധ്യതയുള്ള കുട്ടികള്‍ക്കായി ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കണം . ഈ സമയത്ത് ഈ കുട്ടികളുടെ പരിപാടികള്‍ ആവാം.
- പ്രവേശനോത്സവത്തിന് മുന്നോടിയായി നടത്തുന്ന ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തനമാണ് മികവുത്സവം . കുട്ടികളുടെ അക്കാദമിക മികവറിയാന്‍ യഥാര്‍ത്ഥ മികവിന്റെ ഉത്സവമാക്കി നാടിന്റെ അറിവുത്സവമാക്കി മാറ്റാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ കഴിയണം.