കഴിഞ്ഞ മൂന്നു വർഷങ്ങളിൽ കേരളം നിറഞ്ഞു കേട്ട പേരാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. പൊതു വിദ്യാലയങ്ങൾ നാടിന്റെ സമ്പത്ത് ചോർത്തുന്ന ഇടങ്ങളല്ല, മറിച്ച് നാടിന്റെ ഭാവിയിലേക്കുള്ള സുസ്ഥിര നിക്ഷേപമാണെന്ന തിരിച്ചറിവാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
നാടിനോട് പ്രതിപത്തിയുള്ള, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന, മതനിരപേക്ഷ കാഴ്ചപ്പാടുള്ള, നാടിന്റെ ഭാവിയിൽ നിർണ്ണായക പങ്ക് വഹിക്കാനുള്ള പുതു തലമുറയെ മികച്ച രീതിയിൽ നമുക്ക് ഒരുക്കേണ്ടതുണ്ട്. അതിനായി ഏറ്റവും മികച്ച വിദ്യാഭ്യാസം നമ്മുടെ കുട്ടികൾക്ക് നൽകുക തന്നെ വേണം. ഈ ആശയമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ട് വക്കുന്നത്.
ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ രാജ്യത്തിനല്ല മറിച്ച് ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ മുന്നേറുന്നു. നൂറു കണക്കിന് വിദ്യാലയങ്ങൾ പുതുക്കി പണിതു കൊണ്ടിരിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയി മാറിയിരിക്കുന്നു. ക്ലാസ് മുറികൾ ശിശു സൗഹൃദവും സുരക്ഷിതവുമാകുന്നു.
ഈ മാറ്റങ്ങൾക്ക് ഒരു മികച്ച തെളിവാണ് തൃശൂർ ജില്ലയിലെ നെടുപുഴയിൽ സ്ഥിതി ചെയ്യുന്ന നൂറ്റി രണ്ട് വർഷം പൂർത്തിയായ ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ. പല വിധ നിഷേധങ്ങളുടേയും അവഗണനയുടേയും ഭാഗമായി ഈ വിദ്യാലയം തകർച്ചയുടെ വക്കിലായിരുന്നു. കുട്ടികളുടെ എണ്ണം ഇരുപത്തിയെട്ടിലെത്തി. എന്ത് ചെയ്യണമെന്ന് അധ്യാപകരും, അഭ്യുദയകാംക്ഷികളും ആശങ്കപ്പെട്ടിരുന്നപ്പോഴാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എത്തിച്ചേർന്നത്.
ഇപ്പോൾ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. കുട്ടികളുടെ എണ്ണം നൂറ്റി ഇരുപതിലെത്തിയിരിക്കുന്നു.
രാപ്പകലില്ലാതെ സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന കോർപ്പറേഷൻ കൗൺസിലർ ശ്രീമതി. ഷീബ പോൾസൺ, മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുന്ന അധ്യാപകർ, ചെറുപ്പക്കാരികളും ചെറുപ്പക്കാരും നിറഞ്ഞ സ്കൂൾ പി.ടി.എ, നാട്ടുകാർ എല്ലാവരുടേയും സ്വപ്നം സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുക എന്നത് തന്നെയാണ്. തൃശൂർ കോർപ്പറേഷൻ പുതുതായി നാലു ക്ലാസ് മുറികൾ നിർമ്മിച്ചു നൽകി. കുട്ടികൾക്കായി കളിസ്ഥലം ഒരുങ്ങിയിരിക്കുന്നു. എം.എൽ.എ യും ചീഫ് വിപ്പുമായ അഡ്വ. കെ.രാജൻ സ്കൂളിനായി പുതിയ ഊട്ടുപുര അനുവദിച്ചിരിക്കുന്നു. കുട്ടികൾക്കിരിക്കാനുള്ള ആധുനിക രതിയിലുള്ള ഇരിപ്പിടവും, കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനാവശ്യമായ പാത്രങ്ങളും നെടുപുഴ സർവീസ് സഹകരണബാങ്ക് നൽകി. സ്കൂളിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പി.ടി.എ അംഗങ്ങളും നാട്ടുകാരും സഹായവുമായി മുന്നിട്ടിറങ്ങിയതോടെ ഇതൊരു മാറ്റത്തിന്റെ പുതു ഗാഥയായി മാറുകയാണ്.
ഇക്കഴിഞ്ഞ ദിവസം പുതുതായി പണി കഴിപ്പിച്ച നാല് ക്ലാസ് മുറികൾ നമ്മുടെ പ്രിയങ്കരനായ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കുട്ടികൾക്ക് സമർപ്പിച്ചു.കട്ടികളും അധ്യാപകരും രക്ഷിതാക്കളും വലിയ പ്രതീക്ഷയിലാണ്….
തീർച്ചയായും ഈ കൊച്ചു വിദ്യാലയം കേരളത്തിലെ മറ്റു പൊതു വിദ്യാലയങ്ങൾക്കൊപ്പം അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലേക്കുള്ള പ്രയാണത്തിലാണ്…