ചെങ്ങന്നൂർ ഉപജില്ലാ പഠനോത്സവം
 
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ലാ പഠനോത്സവം പെണ്ണുക്കര ഗവൺമെൻ്റ് യു പി സ്കൂളിൽ നടന്നു.പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിലൂടെ  വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി,ഗണിതം, ശാസ്ത്രം , ഐ ടി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നേടിയ ആഴത്തിലുള്ള അറിവിനെ സ്വതന്ത്രമായ ഭാഷയിലും രീതിയിലും പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നു. സദസ്സുമായി ഈ വിഷയങ്ങളിൽ തുറന്ന ചർച്ചയ്ക്കും കുട്ടികൾ തയ്യാറാകുന്നു. സ്കൂളിന് പുറത്താണ് പഠനോത്സവത്തിന് വേദി കണ്ടെത്തുക. വിവിധ കോർണറുകളിൽ നാലും അഞ്ചും പഠനോത്സവങ്ങൾ സംഘടിപ്പിച്ച വിദ്യാലയങ്ങളുമുണ്ട്.പഠനപ്രക്രിയയുടെ ഭാഗമായി ക്ലാസ്സ് മുറികളിൽ രൂപപ്പെട്ട ഉല്പന്നങ്ങളുടെ പ്രദർശനവും വിദ്യാഭ്യാസ സദസ്സും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാലയ വികസനസമിതി തുടങ്ങിയവയുടെ സഹകരണം ഉറപ്പു വരുത്തിയാണ് വിദ്യാലയങ്ങൾ ഇത് സംഘടിപ്പിക്കുന്നത് .എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചാണ് പഠനോത്സവം മുന്നേറുന്നത്. കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ക്ലാസ്സ് തല പഠനോത്സവവും പിന്നീട് സ്കൂൾ തലവും നടക്കും. എല്ലാ ഹൈസ്കൂളുകളിലും ഇത് നടന്നു കഴിഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളുൾപ്പെടെ തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് വിദ്യാലയങ്ങൾ മുന്നോട്ട് പോകും.പെണ്ണുക്കര കോയിൽത്തറയിൽ തറവാട്ടിൽ വെച്ച് നടന്ന സബ്ജില്ലാപഠനോത്സവം അഡ്വ സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ  ജി കൃഷ്ണകുമാർ പദ്ധതി വിശദീകരണം നടത്തി. ആല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ശോഭ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന മാത്യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബിന്ദു, ബി ആർ സി ട്രെയിനർ എം.സുധീർഖാൻ റാവുത്തർ, എസ്.എം.സി ചെയർപേഴ്സൺ സീമ ശ്രീകുമാർ, പി ജി വരദരാജൻ നായർ, കെ.എം ചന്ദ്രശർമ്മ, രജനി സതീഷ്, പ്രഥമാധ്യാപിക പി എസ് ശ്രീകുമാരി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മാസ്റ്റർ നന്ദു കെ യോഗത്തിൽ സ്വാഗതം ആശംസിക്കുകയും സ്കൂൾ ലീഡർ മാസ്റ്റർ ശിവദത്തൻ എസ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
 
അടിക്കുറിപ്പ്  : ചെങ്ങന്നൂർ ഉപജില്ലാ പഠനോത്സവം പെണ്ണുക്കര കോയിൽത്തറയിൽ തറവാട്ടിൽ അഡ്വ സജി ചെറിയാൻ എം.എൽ.എ ശാസ്ത്ര പരീക്ഷണത്തിലൂടെ ഉദ്ഘാടനം ചെയ്യുന്നു.  

 

SAMAGRA SHIKSHA ABHIYAN
BLOCK RESOURCE CENTER 
PULIYOOR P.O,CHENGANNUR
Phone: 0479-2362500