വിദ്യാലയത്തിൽ പഠനപ്രവർത്തനങ്ങൾ ഇല്ലാത്തതുകൊണ്ട് അവർ വെറുതെയിരുന്നില്ല – പെരുനാട് ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപികമാർ. പണത്തിന്റെ കുറവുകൊണ്ട് ചായം പൂശാനാകാതെ ഭംഗി നഷ്ടപ്പെട്ട സ്കൂളിലെ ഹാൾ മുറി അവരുടെ കൈ സ്പർശത്തിൽ ഇന്ന് മനോഹരമായി തിളങ്ങുന്നു. സ്വന്തം കയ്യിൽ നിന്നുള്ള പണം കൂടി ചെലവഴിച്ച് പെയിന്റും ബ്രഷും വാങ്ങി സന്തോഷവും സംതൃപ്തിയും നിറഞ്ഞ മുഖത്തോടെ, ചായം പൂശുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന പെരുനാട് സ്കൂളിലെ അധ്യാപികമാരുടെ ചിത്രവും പത്രവാർത്തയും അതീവ സന്തോഷത്തോടെയാണ് കണ്ടത്. ആരും അവരെ അടിച്ചേൽപ്പിച്ചതായിരുന്നില്ല ഈ ജോലി. നിസ്വാർത്ഥമായ ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് അധ്യാപകർ സമൂഹത്തിന് മാതൃകയാകുന്നത്. മാതൃകാപരമായ ഒരു ദൗത്യം സ്വമേധയാ ഏറ്റെടുത്ത പെരുനാട് ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപികമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.