തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈ ലോക് ഡൌൺ കാലത്ത് അനുകരണീയമായ മറ്റൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മിഴി എന്ന പേരിൽ കുട്ടികളുടെ ഒരു യൂട്യൂബ് ചാനൽ. കുട്ടികളുടെ പാട്ടും കഥയും കവിതയും പരീക്ഷണങ്ങളുമൊക്കെ ചിത്രീകരിച്ച വീഡിയോകളാണ് ഈ ചാനലിന്റെ വിഭവങ്ങൾ. ഓരോ കുട്ടിയും സ്വന്തം വീട്ടിലിരുന്ന് കലാപ്രകടനം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് വീഡിയോ വാട്സാപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. നൂറിലധികം വീഡിയോകൾ ഇതിനകം ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ ഈ ചാനലിൽ സ്വന്തം കലാസൃഷ്ടി അവതരിപ്പിക്കുന്നു.
പിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ, ക്ലാസ് പിടിഎ കൺവീനർമാർ എന്നിവരുടെ കൂട്ടായ്മയാണ് ഈ പ്രവർത്തനം ഏകോപിപ്പിച്ചത്. ചാനലിന്റെ സാങ്കേതിക സഹായം സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ പാസ്റ്റ് (Progressive Alumni for Student Support at Thattathumala) ആണ് നിർവഹിച്ചത്.
വളരെ മാതൃകാപരമായ പ്രവർത്തനമാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ല. കുട്ടികളും വളരെ ആവേശകരമായാണ് ഈ പ്രവർത്തനത്തിൽ പങ്കെടുത്തത് എന്ന് ഓരോ വീഡിയോയിലും പ്രസരിക്കുന്ന അവരുടെ ഊർജവും ഉത്സാഹവും തെളിവു നൽകുന്നു. എത്ര ആത്മവിശ്വാസത്തോടെയാണ് ഓരോ കുട്ടിയും തങ്ങളുടെ കലാമികവ് പ്രകടിപ്പിച്ചിരിക്കുന്നത്! ലോക്ഡൌൺ കാലത്ത് കുട്ടികൾക്ക് അവരുടെ സർഗശേഷിയിൽ ആഹ്ലാദത്തോടെ മുഴുകുന്നതിന് അവസരമൊരുക്കുകയും ഇത്തരമൊരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി സമയം നീക്കിവെയ്ക്കുകയും ചെയ്തത് തീർച്ചയായും അഭിനന്ദനാർഹമായ പ്രവർത്തനം തന്നെയാണ്.
ഈ ചാനൽ യാഥാർത്ഥ്യമാക്കിയ എല്ലാവരെയും ഉള്ളു തുറന്ന് അഭിനന്ദിക്കുന്നു. ഇത്തരമൊരു ലക്ഷ്യം നിറവേറ്റാൻ സ്കൂളിനൊപ്പം നിൽക്കുന്ന പാസ്റ്റ് എന്ന പൂർവവിദ്യാർത്ഥി സംഘടനയെയും അതിന്റെ പ്രവർത്തകരെയും പ്രത്യേകം അനുമോദിക്കുന്നു.
ഇതോടൊപ്പം, കോവിഡ് വ്യാപിക്കുന്നത് തടയുന്നതിനു വേണ്ടി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ തന്നെ കഴിയുന്ന കുട്ടികൾക്കായി ഓൺലൈൻ സംവിധാനത്തിലൂടെ ‘അവധിക്കാല സന്തോഷങ്ങൾ’, ‘അക്ഷരവൃക്ഷം’ എന്നീ പഠന-പഠനേതര പ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അവസരം ഒരുക്കിയിട്ടുണ്ട്. ഈ സൌകര്യങ്ങളും വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഫലപ്രദമായി ഉപയോഗിക്കണമെന്നഭ്യർത്ഥിക്കുന് നു.
തട്ടത്തുമല സ്കൂളിന്റെ മിഴി യൂട്യൂബ് ചാനൽ സന്തോഷപൂർവം പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നു.
#പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം