അതിജീവനത്തിൻ്റെ  ഈ കാലത്ത് പൂക്കളും , ശലഭങ്ങളും,കിളികളും, ചെമ്പൂര് എൽ.പി.എസിൻ്റ  പച്ച തുരുത്തിലേക്ക് പറന്നെത്തുകയാണ്. സ്കൂൾ തുറന്നെത്തുന്ന കുട്ടിക്കൂട്ടങ്ങളെ കാത്തിരിക്കുന്നത്  ഔഷധ സസ്യങ്ങൾ ഉൾപ്പടെയുള്ള മികച്ചൊരു ജൈവ കലവറയാണ്. ചെമ്പൂര് ഗവൺമെൻറ് എൽ പി എസിലെ പ്രഥമാധ്യാപിക ശ്രീമതി ഗീതാകുമാരിയുടെ നേതൃത്വത്തിൽ  അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്നാണ് മനോഹരമായൊരു ജൈവ വൈവിധ്യ ഉദ്യാനത്തിന് രൂപം നൽകിയത്.ആറുമാസ കാലയളവുകൊണ്ട്   കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്താതെ പൊതു അവധികളിലും മറ്റവധിദിവസങ്ങളിലും എന്നത്തെയും പോലെ അധ്യാപകർ  സ്കൂളിലെത്തിയാണ് ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെ നിർമ്മാണത്തിൽ പങ്കാളികളായത്. അധ്യാപകനായ സാബു കൊറ്റാമമാണ് സൃഷ്ടിയെന്ന ജൈവവൈവിധ്യ ഉദ്യാനത്തിൻ്റെ രൂപകല്പന നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ശ്രീ അജി തെക്കുംകരയുടേയും  അധ്യാപകരുടേയും  സഹകരണത്താൽ ഉപയോഗശൂന്യമായി കിടന്ന പ്രദേശത്തൊരുഗ്രൻ   ജൈവ പാർക്കൊരുങ്ങി .
 
              കൃത്രിമമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാതെ  സ്കൂൾ ക്യാംപസിലെ മരങ്ങളേയും,  ചെടികളെയും  നിലനിർത്തിക്കൊണ്ടാണ് ഉദ്യാനം ഒരുക്കിയത്. വിദ്യാലയം മുഴുവനിതിൻ്റെ ഭാഗമാണ്.
 കഴിഞ്ഞ വർഷത്തെ ഹരിതവിദ്യാലയ പ്രശംസാപത്രം ചെമ്പൂര് ഗവൺമെൻറ് എൽപിഎസ് ലഭിച്ചിരുന്നു.
 
     പ്രഥമാധ്യാപിക ശ്രീമതി ഗീതാകുമാരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ മോഡൽ പ്രീ സ്കൂളുകളിൽ ഒന്നായി ചെമ്പൂര് ഗവൺമെൻറ് എൽ പി എസ് എസ് മാറി . ഡിവിഷനുകളുടെ എണ്ണം വർദ്ധിച്ചു ,ആറോളം പുതിയ സ്മാർട്ട് ക്ലാസ് റൂമുകളുടെ  നിർമ്മാണണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. അറബ് ഭാഷാ പഠനത്തിന്  തുടക്കം കുറിച്ചതോടൊപ്പം  സ്കൂൾ ടാലൻ്റ് ലാബായ കളിയരങ്ങിൻ നേതൃത്വത്തിൽ കുട്ടികൾക്ക് സംഗീതം, നൃത്തം, നാടകം ,ചിത്ര രചന, കരാട്ടെ, ചെണ്ട തുടങ്ങിയ മേഖലകളിൽ സൗജന്യ പരിശീലനം നൽകി. ചെമ്പൂര്  ഗവൺമെൻറ് എൽ പി എ സി നെ മികവുകളുടെ പാഠശാലയാക്കി മാറ്റിയാണ് ഗീത ടീച്ചർ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചത്. പക്ഷേ ടീച്ചർ കുട്ടികൾക്കായി കരുതിവച്ചത്   പൂക്കളും ചെടികളും മരങ്ങളും കൊണ്ട് കുട്ടികളെ കൊതിപ്പിക്കുന്ന പച്ചപ്പിൻ്റെ പറുദീസയാണ്. കോവിഡ് കാലം കഴിഞ്ഞ് കുട്ടികൾ സ്കൂളിലെത്തുമ്പോൾ ശലഭ നൃത്തങ്ങളുടെ പൂക്കാലമാണ് കുട്ടികളെ കാത്തിരിക്കുന്നത്