കോട്ടയം: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്റെ തുടര്‍ച്ചയായി ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലൂടെയും മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് നടത്തിയതെന്ന് വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കോട്ടയം ഇടനാട് സര്‍ക്കാര്‍ എല്‍.പി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 2500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും പ്ലാന്‍ ഫണ്ട് വഴി 60കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കി. ഇത്തരം വികസന പ്രവര്‍ത്തനങ്ങളുടെയും മഹാമാരിക്കാലത്ത് വിദ്യാഭ്യാസ വകുപ്പും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെയും അംഗീകാരമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ദേശീയ മികവ് സൂചികയില്‍ കേരളം ഒന്നാമതെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യപൂര്‍ണ്ണമായ ഭാവിക്കുമാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇതിനായി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്‌ക്കാര ജേതാവും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന അനഘ 
ജെ. കോലത്തിനെ ചടങ്ങില്‍ ആദരിച്ചു.
 
മാണി  സി. കാപ്പന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു,  വൈസ് പ്രസിഡന്റ് സീന ജോണ്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബെന്നി മുണ്ടത്താനം, ആനിയമ്മ ജോസ്, അഖില അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ബാബു കുര്യത്ത് , ഗ്രാമപഞ്ചായത്തംഗം അനസ്യ രാമന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ആര്‍. പ്രസാദ്, രാമപുരം എ.ഇ.ഒ:. കെ.കെ ജോസഫ്,  കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പ് കുഴികുളം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ലാലിച്ചന്‍ ജോര്‍ജ്ജ്, അഡ്വ നാരായണന്‍ നമ്പൂതിരി , എം.പി സജി,  പി.എന്‍ . സോമശേഖരന്‍ നായര്‍,  സജി മഞ്ഞക്കടമ്പില്‍,സ്‌കൂള്‍ പ്രധാനധ്യാപിക എം.കെ അജിത മോള്‍ 
എന്നിവര്‍ പങ്കെടുത്തു.സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 1.14 കോടി രൂപ ഉപയോഗിച്ചാണ് 5468 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇരു നില കെട്ടിടം പണിതത്. ആറ് ക്ലാസ്സ് മുറികള്‍, ഒരു ഓഫീസ് മുറി സ്റ്റാഫ് റൂം എന്നിങ്ങനെ എട്ട് മുറികളാണ് പുതിയ കെട്ടിടത്തില്‍ ഉള്ളത്.