സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കുമനുസരിച്ച് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കുകയെന്ന വിപുലമായ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുന്നത്. പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസപ്രവർത്തനങ്ങളെയും സ്നേഹിക്കുകയും മെച്ചപ്പെടുത്താനാഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും -ജനപ്രതിനിധികൾ, പ്രാദേശിക ഭരണകൂടങ്ങൾ, പൂർവ്വവിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, പൊതുപ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർക്ക്- സർഗാത്മകമായി ഇടപെടാനുള്ള അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. “അക്കാദമികമികവിലൂടെ വിദ്യാലയമികവ്” എന്ന മുദ്രാവാക്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എല്ലാ കുട്ടികൾക്കും സർവ്വതോമുഖമായ വികാസത്തിന് തുല്യ അവസരങ്ങൾ ലഭ്യമാക്കണം. സ്വന്തം കഴിവുകൾ കണ്ടെത്താനും ഉയർന്ന തലത്തിലേക്ക് എത്തിക്കാനും പരിമിതികൾ മറികടക്കാനും കുട്ടികൾക്ക് കഴിയണം. ഒപ്പം, പാരിസ്ഥിതിക അവബോധം, സാമൂഹികാവബോധം, വിമർശനാവബോധം, ലിംഗസമത്വധാരണ തുടങ്ങിയവയും ആർജ്ജിക്കണം. ഇതിനു വിദ്യാലയങ്ങൾ നിലവിലുള്ള പഠനബോധന രീതികൾ ബോധപൂർവ്വം പുനരാവിഷ്ക്കരിക്കേണ്ടതുണ്ട്. പഠനം രസകരവും വെല്ലുവിളികൾ ഉയർത്തുന്നതുമാക്കി മാറ്റാൻ സഹായിക്കുന്ന പഠനപ്രക്രിയ, ഐ.സി.ടി.സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പഠനാന്തരീക്ഷം, സമൂഹവുമായി സംവദിച്ച് പഠിക്കാനാവിശ്യമായ അവസരങ്ങൾ, വിവിധങ്ങളായ വിലയിരുത്തൽ രീതികൾ തുടങ്ങിയവ ഉൾചേർത്തുകൊണ്ടുള്ള ഒരു പഠന-ബോധനമാതൃക സ്കൂളുകൾക്ക് സ്വയം സൃഷ്ടിക്കാനാവണം. ഇതിനു സംസ്ഥാനതലത്തിൽ രൂപപ്പെടുത്തുന്ന രീതിശാസ്ത്രവും സഹായസംവിധാനങ്ങളും വിദ്യാലയങ്ങൾക്ക് കരുത്ത് പകരും. മറ്റ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൂതന അക്കാദമികപദ്ധതികളുടെ ആശയങ്ങളും സ്വീകരിക്കാൻ കഴിയാൻ കഴിയണം. ഇങ്ങനെ ഓരോ വിദ്യാലയവും സ്വയം സൃഷ്ടിച്ചും മറ്റുള്ളവരിൽനിന്നു സ്വീകരിച്ചും നവീകരിക്കപ്പെടണം. മികവുറ്റ അക്കാദമികപദ്ധതികൾ ഇതിനാവശ്യമാണ്. ഇത്തരത്തിൽ ഗവേഷണസ്വഭാവമുള്ള അക്കാദമിക പദ്ധതികൾ രൂപീകരിക്കാനും നടപ്പാക്കാനും വിദ്യാലയങ്ങൾ പ്രാപ്തമാക്കണം.
മികച്ച വിവരവിനിമയ സാങ്കേതികവിദ്യയുടെ പ്രയോഗവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെ പൂർണ്ണമായ വിനിയോഗവും സംസ്ഥാനത്തെ സ്കൂളുകളിൽ സാധ്യമാക്കും. വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലമുള്ള കുടുംബാംഗത്തിൽ നിന്ന് പഠിക്കാനെത്തിയ കുട്ടികൾക്ക് ഒരേ ക്ലാസ്സിൽ ഒരുമിച്ചിരുന്ന് പഠനപ്രക്രിയകളിൽ ഭാഗഭാക്കാകുന്നതിനുള്ള അവസരമാണ് നൽകേണ്ടത്. വ്യത്യസ്ത ശേഷിക്കാരായ കുട്ടികൾക്ക് ഇടം നൽകുന്ന പഠനപ്രക്രിയകളാണ് നടപ്പാക്കേണ്ടത്. പഠനത്തിനും വികസനത്തിനും തുല്യ അവസരവും ഉയർന്ന തലങ്ങളിലേക്ക് തനതായ കഴിവുകൾ ഉപയോഗിച്ച് പറന്നുയരാനുള്ള സാഹചര്യങ്ങളും കുട്ടികൾക്ക് ലഭ്യമാകണം.