തിരുവനന്തപുരം >ഈ അധ്യയനവർഷത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കെടുത്തപ്പോൾ 1.85 ലക്ഷം വിദ്യാർഥികളുടെ വർധന. സർക്കാർ വിദ്യാലയങ്ങളിലാണ‌് ഏറ്റവും കൂടുതൽ വർധന﹣ 6.3 ശതമാനം. എയ‌്ഡഡ‌് സ്കൂളുകളിൽ 5.3 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ അൺഎയ‌്ഡഡ‌് സ്കൂളുകളിൽ മുൻവർഷത്തെ അപേക്ഷിച്ച‌് 33,052 (എട്ട‌് ശതമാനം) വിദ്യാർഥികൾ കുറഞ്ഞു. ഉരുൾപൊട്ടൽമൂലം കണക്കെടുപ്പ‌് നടത്താത്ത ഏതാനും സബ‌് ജില്ലകളിലെ വിവരം വെള്ളിയാഴ്ച ലഭ്യമാകുന്നതോടെ പൊതുവിദ്യാലയങ്ങളിൽ പുതുതായെത്തിയ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന ഉണ്ടാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയപ്പോൾ ഭൗതിക, അക്കാദമിക നിലവാരം മെച്ചപ്പെട്ടതോടെ പൊതുവിദ്യാലയങ്ങളിലുണ്ടായ മികവ‌് പുതുതായെത്തുന്ന കുട്ടികളുടെ എണ്ണത്തിലും പ്രതിഫലിച്ചു. രണ്ടുവർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിൽ 3.3‌ ലക്ഷം വിദ്യാർഥികൾ പുതുതായെത്തി. ഈ വർഷം സർക്കാർവിദ്യാലയങ്ങളിൽ 71,257ഉം എയ‌്ഡഡ‌് സ്കൂളുകളിൽ 1,13,398 വിദ്യാർഥികളും പുതുതായെത്തി.

ഒന്നാംക്ലാസിൽമാത്രം 10,083 വിദ്യാർഥികൾ പുതുതായെത്തി. ഒന്നാംക്ലാസിൽ ഏറ്റവും കൂടുതൽ നവാഗതരെത്തിയത‌് മലപ്പുറത്താണ‌്﹣ 4978 കുട്ടികൾ. 25 വർഷത്തിനുശേഷം ആദ്യമായാണ‌് കഴിഞ്ഞവർഷം പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായത‌്.

Desabhimani
June 22