‘ഹലോ ഇംഗ്ലീഷ‌്’ ഈ വർഷം മുതൽ

തിരുവനന്തപുരം > ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ മണിമണിയായി ഇംഗ്ലീഷ‌് പറയിക്കാനുള്ള ‘ഹലോ’ ഇംഗ്ലീഷ‌് പദ്ധതി ഈ വർഷം മുതൽ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പാക്കും. കഴിഞ്ഞവർഷം ജില്ലയിൽ ഒരു സ്കൂൾ എന്ന നിലയിൽ നടപ്പാക്കിയിരുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇത്തവണ എല്ലാ സർക്കാർ, എയ‌്ഡഡ‌് സ്കൂളുകളിലും ആരംഭിച്ചുകഴിഞ്ഞു.

വിദ്യാർഥികളുടെ സജീവപങ്കാളിത്തമുറപ്പാക്കിയുള്ള പ്രവർത്തന‐പരിശീലന രീതികളിലൂടെയാണ‌് ഇംഗ്ലീഷ‌് പഠനം. ആദ്യഘട്ടം ‘പഠിതാവിനെ അറിയുക’യുടെ വിശദ മാർഗരേഖ (ആക്ടിവിറ്റി പാക്കേജ‌്) രണ്ടിനുതന്നെ വിദ്യാലയങ്ങളിൽ എത്തിയിരുന്നു. വിദ്യാർഥികളുടെ കഴിവുകളും ബലഹീനതകളും കൂടുതൽ ശ്രദ്ധ ആവശ്യമായ മേഖലകളും അധ്യാപകർക്ക‌് മനസ്സിലാകുംവിധമാണ‌് ആദ്യഘട്ടപരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത‌്.

മറ്റ‌് പാഠ്യവിഷയങ്ങളെ ബാധിക്കാതെ ആഴ്ചയിൽ രണ്ടുപ്രാവശ്യം രണ്ട‌് മണിക്കൂർ നീളുന്ന തുടർ വർക‌്ഷോപ്പുകളിലൂടെയാണ‌് ആദ്യഘട്ട ഇംഗ്ലീഷ‌് പഠനം. ചിത്രരചന, കഥയെഴുത്ത‌് തുടങ്ങി ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനങ്ങളാണ‌് ഉൾപ്പെടുത്തിയിരിക്കുന്നത‌്. ആദ്യ പത്തുമണിക്കൂർ പഠനത്തിനുശേഷം കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വിവിധ ആവിഷ്കാരങ്ങളും പഠനത്തെളിവുകളും അവതരിപ്പിക്കുന്ന പഠനോത്സവം സംഘടിപ്പിക്കും. ബോധനസമ്പ്രദായത്തെക്കുറിച്ച‌് രക്ഷിതാക്കൾക്കുള്ള അബദ്ധധാരണകളും ആശയങ്ങളും ഉടച്ചുവാർക്കുകയാണ‌് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത‌്.

രണ്ടാംഘട്ടത്തിന്റെ വിശദമാർഗരേഖ 20നകം വിദ്യാലയങ്ങളിൽ എത്തിക്കും. കഥയും കവിതയുമെല്ലാം പഠിക്കുകയാണെന്ന ചെറുബോധ്യംപോലുമുളവാക്കാത്തവിധം രസകരമായ പഠനാനുഭവം സാധ്യമാക്കാനാണ‌് ഹലോ ഇംഗ്ലീഷ‌് ലക്ഷ്യമിടുന്നത‌്. ക്ലാസ് റൂം തിയറ്റർ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ, അനുബന്ധവായനയും എഴുത്തും മറ്റ‌് ആവിഷ്കാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ വിദ്യാർഥികളുടെ സമഗ്ര വികസനം സാധ്യമാകും. ക്ലാസ് റൂം ലൈബ്രറിയിലൂടെ കുട്ടികളുടെ സ്വതന്ത്രവായനയ്ക്കുള്ള അവസരം സൃഷ്ടിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക‌് പ്രത്യേക പരിഗണന നൽകും.

അധ്യാപകരുടെ ഭാഷാശേഷി വർധിപ്പിക്കാനുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമാണ‌്. പദ്ധതി നടത്തിപ്പിനായി എട്ടുദിവസം നീണ്ടുനിൽക്കുന്ന അധ്യാപകപരിശീലനം മധ്യവേനൽ അവധിക്കാലത്തുതന്നെ സർവശിക്ഷാ അഭിയാൻ പൂർത്തിയാക്കിയിരുന്നു. എല്ലാ സ്കൂളുകളിൽനിന്നും എൽപിയിൽനിന്ന‌് ഒരാൾക്കും അപ്പർ പ്രൈമറിയിൽനിന്ന‌് രണ്ട‌് അധ്യാപകർക്കുംവീതമാണ‌് പരിശീലനം നൽകിയത‌്. പരിശീലനം നേടിയ അധ്യാപകർക്ക‌് സ്കൂളുകളിൽ ‘ഹലോ ഇംഗ്ലീഷ‌്’ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം ലഭിക്കും. 25നുശേഷം ഹലോ ഇംഗ്ലീഷിന്റെ സംസ്ഥാനതല ഉദ‌്ഘാടനം വിദ്യാഭ്യാസമന്ത്രി നിർവഹിക്കും.

Monday Jun 18, 2018
Desabhimani