വിദ്യാഭ്യാസ മികവിന്റെ കാര്യത്തിൽ കേരളം അനന്യമായ മാതൃക സൃഷ്ടിക്കുമെന്നും ഇതിന് ഓരോ കുട്ടിയുടെയും സവിശേഷതകൾ തിരിച്ചറിഞ്ഞും ഉൾക്കൊണ്ടുമുള്ള ആസൂത്രണം വേണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 ഹയർ സെക്കണ്ടറി സ്കൂളുകൾക്കായുള്ള ഗുണമേന്മ പോഷണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ പദ്ധതികൾക്ക് ഫലം കണ്ടുതുടങ്ങി എന്നതിന്റെ തെളിവാണ് നീതി ആയോഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. വിദ്യാഭ്യാസ കാര്യത്തിൽ ഉയർന്ന സ്കോർ കരസ്ഥമാക്കി നാം ഒന്നാമതാണ്. ഇത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. കുറേക്കൂടി മെച്ചപ്പെട്ട പ്രകടനത്തിലൂടെ അടുത്ത വർഷം 90% സ്കോർ നേടി മുന്നേറാൻ നമുക്ക് സാധിക്കണം. അതിന് സ്കൂൾ സ്പെസിഫിക് ആയ പ്ലാനുണ്ടാകണം. കുറെ പരിപാടികൾ കൂട്ടിച്ചേർത്ത് വെച്ചാൽ പോര. എവിടെ നിന്ന് എവിടേക്ക് എത്തിച്ചേരും എന്നതിന്റെ വിശദാംശങ്ങൾ അടങ്ങിയതും ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതുമാകണം പ്ലാൻ. അക്കാദമിക മാസ്റ്റർപ്ലാൻ പരിശോധിക്കണം. ഓരോ കുട്ടിയെയും സംബന്ധിച്ച സൂക്ഷ്മതല വിശകലനം നടത്തി നിലവിലുള്ള അവസ്ഥ എന്ത് എന്ന് വിലയിരുത്തണം. നിശ്ചയമായും വിടവുകളുണ്ടാകും. അത് പരിഹരിക്കുന്നതിനാവണം പ്ലാനുകളുണ്ടാവേണ്ടത്. ജനകീയമായി പ്ലാനുകൾ വികസിപ്പിക്കണം. പoന പിന്നോക്കാവസ്ഥയ്ക്ക് സാമൂഹികമായ കാരണങ്ങളുണ്ടാകാം. വിദ്യാലയമോ അധ്യാപകരാ മാത്രം വിചാരിച്ചാൽ അവയെല്ലാം പരിഹരിക്കാനായി എന്നുവരില്ല. ജനപ്രതിനിധികളും മറ്റും വിചാരിച്ചാൽ പരിഹരിക്കാവുന്ന ധാരാളം കാര്യങ്ങളുണ്ടാകും. അതുകൊണ്ടാണ് പ്ലാനുകൾ ജനകീയമായി വികസിപ്പിക്കണം എന്ന് പറയുന്നത്. ഓരോ കുട്ടിക്കും ഒരു മാസ്റ്റർപ്ലാൻ ആണ് നമ്മുടെ ലക്ഷ്യം. അത് അധ്യാപകർ മാത്രം വികസിപ്പിക്കുന്ന ഒന്ന് ആകരുത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടിയുടെ സവിശേഷതകൾക്ക് ഇണങ്ങുന്ന പ്ലാനുകൾ വികസിപ്പിച്ച് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കണം. അതുവഴി ജനകീയമായ നമ്മുടേത് മാത്രമായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ, സർ സയ്യിദ് കോളേജ് പ്രിൻസിപ്പാൾ ഡോ. അസീസ്, ഡോ. പി.കെ.തിലക്, ഡോ. പി.കെ. ജയരാജ് മുതലായവർ സംസാരിച്ചു. ഡോ. അസീം സ്വാഗതവും രഞ്ചിത് നന്ദിയും പറഞ്ഞു.