ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച ആയിരം വിദ്യാലയങ്ങള്‍ സൃഷ്ടിക്കും

മന്ത്രി സി. രവീന്ദ്രനാഥ്

സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. മുഴുവന്‍ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥി അധിഷ്ഠിത കര്‍മ്മപദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസം ക്ലാസ്സ് മുറികളില്‍ ഒതുക്കി നിര്‍ത്താതെ കുട്ടികളിലെ യഥാര്‍ത്ഥ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കാന്‍ പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്ത് 141 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്ന് വരുന്നുണ്ട്.അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പുതിയ കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളും ഹൈടെക് ആക്കി മാറ്റി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ_സംരക്ഷണയജ്ഞം