എന്റെ കേരളം പ്രദര്‍ശന വിപണനമേള
 
പാലക്കാട് : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയ എൻറെ കേരളം പ്രദർശന വിപണന മേള ജനശ്രദ്ധ പിടിച്ചുപറ്റി. സർക്കാരിൻറെ വിവിധ വികസന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും നേർക്കാഴ്ചയായിരുന്നു മേള .
 
പൊതുജന സേവനങ്ങളുടെ സ്റ്റാളുകൾ  ആയിരങ്ങളാണ് പ്രയോജനപ്പെടുത്തിയത്. 200 സർക്കാർ , അർദ്ധ സർക്കാർ സ്റ്റാളുകളും വിവിധ സംരംഭകരുടെ സ്റ്റാളുകളും മേളയിൽ അണിനിരന്നു.  കുടുംബശ്രീയുടെ 32 വിൽപ്പന സ്റ്റാളുകളും 8 ഭക്ഷ്യസ്റ്റാളുകളുമാണ് മേളയിൽ ഉണ്ടായിരുന്നത്. അട്ടപ്പാടി പറമ്പിക്കുളം എന്നിവിടങ്ങളിൽ നിന്ന് ഗോത്ര ഉത്പന്നങ്ങൾ എത്തിച്ച് ആദിവാസി സ്ത്രീകളെ മേളയുടെ ഭാഗമാക്കാനായത് ഏറെ ശ്രദ്ധേയമായി. സർക്കാരിന്റെ വിവിധ സ്റ്റാളുകൾ സേവന കേന്ദ്രങ്ങളായി മാറി. നവകേരളം കർമ്മ പദ്ധതിയുടെ വിദ്യാകിരണം ശ്രദ്ധേയമായി.
 
ലോകത്തെവിടെയുമിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനവും കൈറ്റ് മുഖേന റോബോട്ടിക്‌സ് ട്രെയ്‌നിങ് ലഭിച്ച ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുമായി ബന്ധപ്പെട്ട് വികസിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളുമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാള്‍. 2022-23 വര്‍ഷത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളും വീഡിയോ വാളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് കൂടാതെ സബ്ജില്ലാ തലത്തില്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ അവതരണങ്ങള്‍, രക്ഷിതാക്കളുടെ അനുഭവങ്ങള്‍, ഗണിത വിജയം, ഉല്ലാസ ഗണിതം എന്നിവയില്‍ പഠിച്ച കുട്ടികളുടെ മികവുകളുടെ നേര്‍സാക്ഷ്യങ്ങള്‍, പസിലുകള്‍, റിഡിലുകള്‍, ക്വിസ്, അടിക്കുറിപ്പ് മത്സരങ്ങളും എല്ലാ ദിവസവും നടന്നു വരുന്നു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ സോഫ്റ്റ്‌വെയറും മറ്റ് സാങ്കേതികതയും ഉപയോഗിച്ച് തയ്യാറാക്കിയ ശാസ്ത്ര പരീക്ഷണ രീതികളും സ്റ്റാളിലൊരുക്കിയിട്ടുണ്ട്. ഓംസ് ലോ, അവഗാഡ്രോസ് ലോ തുടങ്ങി സയന്‍സ് സംബന്ധമായ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ മൊബൈല്‍ ഫോണില്‍ അപ്ലിക്കേഷന്‍ വഴി ഡയഗ്രം, അനാലിസിസ് ആയി അറിയാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. സമഗ്ര ശിക്ഷാ കേരള മുഖേന വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ടിങ്കറിങ് ലാബാണ് സ്റ്റാളിലെ മറ്റൊരാകര്‍ഷണം. റോബോട്ടിക്‌സ്, ചിപ്‌സ് ഉപയോഗിച്ച് സൃഷ്ടിച്ച ഉപകരണങ്ങളെക്കുറിച്ച് സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട്.
ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേകം അവസരം
 
ജില്ലയിലെ വിവിധ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിവിധ പരിപാടികളാണ് സ്റ്റാളിലെ മറ്റൊരു സവിശേഷത. ഭിന്നശേഷി കുട്ടികളുടെ കഥ, കവിത, സിനിമാ ഗാനങ്ങള്‍, നൃത്തം തുടങ്ങി സവിശേഷ കലാപരിപാടികളും അവര്‍ തയ്യാറാക്കിയ പ്രദര്‍ശന വസ്തുക്കളും സ്റ്റാളിലുണ്ട്. രക്ഷിതാക്കളും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരും കുട്ടികള്‍ക്ക് പിന്തുണയായി കൂടെയുണ്ട്.
സംസ്ഥാനതല കലോത്സവത്തിലും ദേശീയതലത്തില്‍ കലാമത്സരങ്ങളിലും പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 
 
ജില്ലയിലെ 13 ബി ആർ സി കളുടെ കീഴിലുള്ള സ്കൂളുകളിലെ കുട്ടികളാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ അവസാന റൗണ്ടുകളിൽ എത്തിയ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾ പരിപാടിയുടെ പുനരവതരണം നടത്തി.
 എല്ലാ ദിവസവും പ്രദർശനങ്ങൾക്കുപുറമെ കുട്ടികളുടെ അക്കാദമിക മികവുകൾ സ്റ്റാളിൽ അവതരിപ്പിക്കുന്നു. ഒരു ദിവസം 2 ബി ആർ സി ക്കാണ് ചുമതല. പൊതുവേദി എല്ലാ ദിവസവും 12 മുതൽ 2 വരെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. നവകേരളം കർമ്മ പദ്ധതിയുടെ വിദ്യാകിരണം ശ്രദ്ധേയമായി.