” പൊതു വിദ്യാഭ്യാസം കൂടുതൽ ശാക്തികരിക്കും. ജനാധിപത്യ ബോധവും മതനിരപേക്ഷ ചിന്തയുമുള്ള പുതു തലമുറയ്ക്കായി എല്ലാവിധത്തിലുമുള്ള വികസനം പൊതു വിദ്യാലയത്തിൽ ഉറപ്പ് വരുത്തു ” മെന്ന്  ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സർക്കാരിൻറെ നോർദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിൽ മുരിക്കും വയൽ, പനക്കച്ചിറ , കൊമ്പുകുത്തി ഗവൺമെൻറ് സ്കൂളുകളിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബിന്റെ ഒരുകോടി രൂപ മുതൽമുടക്കി നിർമ്മിച്ച ലാബ് ഉദ്ഘാടനം നടന്നു. ഗവൺമെൻറ് ഹൈസ്കൂൾ കൊമ്പുകുത്തിയും ഗവൺമെൻറ് ഹൈസ്കൂൾ പനക്കച്ചിറയും രണ്ടുകോടി രൂപ വീതം നബാർഡ് ഫണ്ട് വിനിയോഗിച്ചാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. ജി യു പി എസ് മറവൻതുരുത്ത് ഒരുകോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി  നിർവഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദുവിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളും നവകേരളം കർമ്മപദ്ധതി വിദ്യാകിരണം കോഡിനേറ്റർ കെ ജെ പ്രസാദും ചടങ്ങുകളിൽ പങ്കെടുത്തു.