ഇടുക്കി: വിദ്യാകിരണം മിഷൻ പ്ലാറ്റ്ഫോമിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എസ് എസ്.കെ ബി പി സിമാർ, ട്രെയിനർമാർ, സി ആർ സി സിമാർ എന്നിവർക്കായി സംഘടിപ്പിച്ച ത്രിദിന റെസിഡൻഷ്യൽ പരിശീലന ശില്പശാല മൂന്നാർ ശിക്ഷക് സദനിൽ നടന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യകൾ നേടാൻ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടം എന്ന നിലയിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ പരിഗണിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 2024 – 25 അക്കാദമിക വർഷം പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി 50 പേർ പങ്കെടുക്കുന്ന ആദ്യ ബാച്ച് പരിശീലനം ബഹു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. നാരയണമാടസ്വാമി ഉദ്ഘാടനം ചെയ്തു. ഡിസ്ടിക്റ്റ് പ്രൊജക്റ്റ് കോ – ഓർഡിനേറ്റർ ശ്രീമതി.ബിന്ദുമോൾ ഡി അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ ശ്രീ. കെ.എ ബിനുമോൻ പദ്ധതി വിശദീകരണം നടത്തി. മൂന്നാർ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ. ശരവണൻ ചടങ്ങിൽ സന്നിഹിതനായി. ട്രെയിനർമാരായ ശ്രീ. ഷാജി തോമസ്, ശ്രീ. ലാൽ തോമസ്, ശ്രീ. ജോർജ് സേവ്യർ, ശ്രീ രജ്ജിത്ത് എന്നിവർ ക്ലാസ്സുകൾ നയിച്ചു.