വയനാട്, ചേകാടി [തിരുനല്ലി] : 3 വർഷം മുമ്പ് 2021 ൽ ഒന്നാം തരത്തിൽ 3 കുട്ടികളുമായി ആകെ 23 വിദ്യാർഥികളുണ്ടായിരുന്ന വിദ്യാലയമാണ് തിരുനെല്ലി പഞ്ചായത്തിലെ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗവ എൽ.പി.സ്കൂൾ ചേകാടി. രക്ഷിതാക്കളും സമൂഹവും പുറം തിരിഞ്ഞു നിന്ന് ഈ വിദ്യാലയം ഇനി രക്ഷപ്പെടില്ല എന്ന അവസ്ഥയിൽ ആയിരുന്നു.
എന്നാൽ 2022 മുതൽ ചേകാടി ഗവ. എൽ.പി. സ്കൂളിൻ്റെ ചരിത്രം മാറുകയായിരുന്നു. കോവിഡ് കാലത്തിനു ശേഷം പ്രഥമധ്യാപകനായി ചാർജെടുത്ത പി.വി. ജയകുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ പി.ടി.എ., സ്കൂൾ വികസന സമിതി, അധ്യാപകർ എന്നിവരുടെ കൂട്ടായ്മയിൽ ഓരോ വർഷവും സ്കൂൾ വളരു കയാണ്.
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 2021 ൽ 23 ഉം 2022 ൽ 31 ഉം 2023 ൽ 54 ഉം വിദ്യാർഥികളായി വർദ്ധിച്ച് 2024 ൽ ഇതു വരെയുള്ള കണക്ക് പ്രകാരം 71 കുട്ടികൾ ആയിരിക്കുകയാണ്.
1998 ൽ ഡി.പി.ഇ.പിയുടെ കീഴിൽ ആരംഭിച്ച ഈ വിദ്യാലയം വനമേഖലയിലെ കോളനികളിലെയും വീടുകളിലെയും കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യം വച്ചുള്ളതായിരിന്നു. എന്നാൽ താലൂക്ക് ആസ്ഥാനമാനമായ മാനന്തവാടിയിൽ നിന്ന് 30 കി.മി. സഞ്ചരിച്ച് ചേകാടിയിലെത്തുന്ന അധ്യാപകർക്കും ജീവനക്കാർക്കും നൽകുന്ന യാത്രാക്ലേശം വളരെ രൂക്ഷമാണ്.
മാനന്തവാടി – അപ്പപ്പാറ – തിരുനെല്ലി റൂട്ടിൽ കാരമാട് സ്റ്റോപ്പിൽ ബസ്സിറങ്ങി ഒന്നേകാൽ കി.മീ. വനത്തിലൂടെയും ചെളി നിറഞ്ഞ വയലിലൂടെയുമാണ് സ്കൂളിലേക്ക് വരേണ്ടത്. വന്യമൃഗ സാന്നിധ്യമുള്ള ഈ റൂട്ടിൽ ബസ്സ് സർവ്വിസ് കുറവാണ്. അതിനാൽ തന്നെ ഇവിടെ ജോലിക്കു നിയോഗിക്കപ്പെടുന്ന അധ്യാപകർ അതാത് വർഷം തന്നെ സ്ഥലം മാറ്റം വാങ്ങി പോവുകയാണ് പതിവ്. ഇതിനു വിപരീതമായി ഇപ്പോൾ ജോലി ചെയ്യുന്ന അധ്യാപകർ കഴിഞ്ഞ 3 വർഷമായി ഒരു ടീം ആയി മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂൾ എന്ന നില മറികടക്കാൻ ഒരുമിച്ചു നിൽക്കുകയാണ്.
വിദ്യാലയത്തിൻ്റെ പുരോഗതിക്കായി തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പൂർണ പിന്തുണയും സൗകര്യങ്ങളും നൽകി വരുന്നു. മാനന്തവാടി എം.എൽ.എ.കൂടിയായ ബഹു. മന്ത്രി ഒ.ആർ. കേളുവിൻ്റെ ശ്രമഫലമായി 2024-25 വർഷത്തെ ബജറ്റിൽ പുതിയ സ്കൂൾ കെട്ടിടത്തിനായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം സ്കൂൾ സ്റ്റേജ് നിർമാണത്തിനായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.