MERI LiFE പദ്ധതി യുടെ ഭാഗമായി “സുസ്ഥിരമായ ഭക്ഷണരീതികൾ ശീലമാക്കുക” എന്ന തീമുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ നടപ്പിലാക്കി.
എങ്ങണ്ടിയൂർ സെൻതോമസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി വിത്തു പന്ത് തയ്യാറാക്കൽ ശില്പശാല സംഘടിപ്പിച്ചു. വിത്ത് പന്തുകൾ പരിസ്ഥിതി സംരക്ഷണത്തിന് എത്രമാത്രം ഗുണകരമാണെന്നും മണ്ണ്, ജൈവവളം, വെള്ളം എന്നിവ ഉപയോഗിച്ച് വിത്ത് പന്തുകൾ ഉണ്ടാക്കുന്ന വിധവും സുസ്ഥിര നടീൽ രീതിക്ക് എങ്ങനെ ഇത് ഉപയോഗയോഗ്യമാക്കാം എന്നതിനെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകാൻ കഴിഞ്ഞു.
പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഈ വിത്തു പന്തുകൾ വിദ്യാർത്ഥികൾ തന്നെ അനുയോജ്യമായ ഇടങ്ങളിൽ നിക്ഷേപിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന
പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ് അംഗങ്ങൾ നേതൃത്വം നല്കി.
ഏങ്ങണ്ടിയൂർ ടി യു പി സ്കൂൾ ക്യാമ്പസിനുള്ളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ആവശ്യമായ വിത്തുകളും തൈകളും കുട്ടികൾ തന്നെ ശേഖരിച്ചു കൊണ്ടുവരികയും ഗ്രോ ബാഗുകളിലും നിലത്തുമായി നട്ടുപിടിപ്പിക്കുകയും ചെയ്തു.വിഷരഹിത പച്ചക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുവാനും അതിന് പ്രചാരം നൽകുവാനും ഈ ക്യാമ്പെയിനിലൂടെ സാധിച്ചു.
ചേറ്റുവ ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവ കീടനാശിനി നിർമ്മിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പ്രവർത്തനം കൂടിയായിരുന്നു ഇത്. ജൈവ കീടനാശിനിയായി പുകയില കഷായമാണ് കുട്ടികൾ തയ്യാറാക്കിയത്. എല്ലാ വിദ്യാർത്ഥികളും ഈ പ്രവർത്തനത്തിന്റെ ഭാഗമായി.
മാള എൻ എസ് എൽ പി എസ് അണ്ണല്ലൂരിൽ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യമിട്ട് പരിസ്ഥിതി ദിനത്തിൽ നടന്ന പരിപാടിയിൽ ഉയർന്നു വന്ന ആശയമാണ് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമല്ലാത്ത സ്റ്റീൽ ബോട്ടിലുകളുടെ ഉപയോഗം എന്നത്. എക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ നിർദേശപ്രകാരം മുൻപ് കൊടുത്ത മാർഗ്ഗനിർദേശങ്ങൾക്ക് പുറമേ കൂടുതൽ ധാരണകളും നിർദേശങ്ങളും അധ്യാപകർ നൽകി എല്ലാവർക്കും സ്റ്റീൽ കുപ്പികൾ എന്ന ആശയം സാധ്യമാക്കി.
തൃശൂർ മാള ജി എസ് എൽ പി എസ് അഷ്ടമിച്ചിറയിൽ സുസ്ഥിരമായ ഭക്ഷണ രീതി ശീലമാക്കുക എന്ന MERI LiFE പദ്ധതിയുടെ ലക്ഷ്യത്തെ മുൻനിർത്തി രൂപം നൽകിയ പ്രവർത്തനമാണ് പ്രിസിഷൻ ഫാമിംഗ്. കൃഷി ചെയ്യുന്നതിന് മുൻപ് മണ്ണ് ഒരുക്കുന്ന തോടൊപ്പം തുള്ളി നനയ്ക്ക് ആവശ്യമായ സാമഗ്രികളും വളവും ചേർക്കുന്നു. മീതെ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് മറയ്ക്കുന്നു. രണ്ടടി അകലത്തിൽ സുഷിരങ്ങൾ ഉണ്ടാക്കി വിത്തുകളും തൈകളും നടുന്നു. വിത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വെള്ളവും വളവും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനും കളകൾ വരാതിരിക്കാനും ഇത്തരം കൃഷിരീതി സഹായകമാകുന്നു. കൂടുതൽ വിളവ് ലഭിക്കാൻ ഈ കൃഷി രീതിയാണ് ഉത്തമം. ഈ പ്രവർത്തനത്തിലൂടെ സുസ്ഥിരമായ ഭക്ഷണ രീതി എന്ന ഇക്കോ ക്ലബ് സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു.