പത്തനംതിട്ട ജില്ലയിലെ 11 ബ്ലോക്ക് റിസോഴ്സ് സെൻററുകളുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബി ആർ സി കളിലും ഈ അധ്യയന വർഷം സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ടു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി.
ഒന്നു മുതൽ 4 വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന ഭാഷാ, ഗണിതശേഷി വികാസത്തിനായുള്ള പ്രവർത്തന പാക്കേജ്, ക്ലസ്റ്റർ തല അക്കാദമിക കൂട്ടായ്മ, പഞ്ചായത്ത്‌ തല അക്കാദമിക വിഭവങ്ങളുടെ പങ്ക് വയ്ക്കൽ, സ്കൂൾ തല തനതു പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കുട്ടികളുടെ പോർട്ട്‌ ഫോളിയോ, പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട അധ്യാപക പരിശീലനങ്ങൾ, രക്ഷാകർത്തൃ ബോധവൽക്കരണ ക്ലാസുകൾ, പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഫോക്കസ് സ്കൂൾ പ്രവർത്തനങ്ങൾ, ബി ആർ സി യുടെ നേതൃത്വത്തിൽ ഉള്ള സ്കൂൾ അറ്റാച്ച്മെന്റ് പ്രോഗ്രാം, ആശയ ഗ്രഹണ വായനയ്ക്കു അനുഗുണമായ വിവിധതരം ക്ലാസുകൾ തുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ബ്ലോക്ക്‌ തല അക്കാദമിക മാസ്റ്റർ പ്ലാനുകളാണ് ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് പ്രകാശനം ചെയ്തത്. ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ ഐഎഎസ്, നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ അനിൽകുമാർ, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ ഡോ. ലെജു പി. തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി ആർ അനില , ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.