വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിനുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും അല്ലാതെയും കേരത്തിലെ വിദ്യാലയങ്ങൾ  നടപ്പാക്കി  വരുന്നുണ്ട്. സുസജ്ജമായ ഭൗതിക സാഹചര്യങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം തന്നെ ആധുനികവും കാര്യക്ഷമവുമായ പഠനാന്തരീക്ഷവും ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നിർമ്മിക്കപ്പെടുന്നുണ്ട്. സവിശേഷമായ ആശയങ്ങളും അവയുടെ സസൂക്ഷ്മമായ ആസൂത്രണവും ബഹുമുഖമായ പങ്കാളിത്തവും സമർഥമായ നടപ്പാക്കലും ഈ പ്രവർത്തനങ്ങളുടെ പുറകിലുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ഇതര വിദ്യാലയങ്ങളിൽ പങ്കു വയ്ക്കാനുമുള്ള അവസരം എന്ന നിലയിൽ “ഹരിതവിദ്യാലയം” എന്ന ഒരു വിദ്യാഭ്യാസ റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ‌ ,സർവ ശിക്ഷ അഭയാൻ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുകേഷനൽ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു. 

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ ആണ് ഹരിതവിദ്യാലയം സംരക്ഷണം ചെയ്യുന്നത്. സാങ്കേതിക നിർവഹണം സീ-ഡിറ്റാണ്. ഏറ്റവും മികച്ച സ്കൂളിനു 15 ലക്ഷവും, രണ്ടാം സ്ഥാനം നേടുന്ന സ്കൂളിനു 10 ലക്ഷവും , മൂന്നാം സ്ഥാനം നേടുന്ന സ്കൂളിനു 5 ലക്ഷം, മറ്റു 7 സ്കൂളുകൾക്ക് 2 ലക്ഷം രൂപാ വീതവുമാണ് സമ്മാനം. 

ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഭാഗം ഒന്നിന്റെ വിജയികളായത് കൂട്ടക്കനി ഗവൺമെന്റ് യു.പി. സ്കൂൾ, കാസർഗോഡ് ആയിരുന്നു. രണ്ടാം ഭാഗത്തിൽ 100 സ്കൂളുകൾ പങ്കെടുത്തതിൽ നിന്നും ഉദയംപേരൂർ എസ് എൻ ഡി പി എച്ച് എസ് എസിനും കോങ്ങാട് ജി യു പി എസിനും ഒന്നാം സ്ഥാനം ലഭിച്ചു.

അക്കാദമിക മികവിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന വിദ്യാലയങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്. തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക പാരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.

പരിപാടിയെ കുറിച്ചുള്ള അതാത് സമയങ്ങളിലെ അറിയിപ്പുകൾ ഉൾപ്പടെയുള്ള വിശദവിവരങ്ങൾ www.kite.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.