‘നീതി ഉറപ്പാക്കിയുള്ള ഗുണമേന്മ വിദ്യാഭ്യാസം എല്ലാവർക്കും ‘ 
 
സെമിനാർ – സ്കൂൾ വിദ്യാഭ്യാസം – നവംബർ- 3
 
” കേരളം ഇതുവരെ നേടിയ നന്മകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും നേടിയെടുത്ത നേട്ടങ്ങളെ നിലനിർത്താനും ഉയരങ്ങളിലേക്ക് വളർത്തിയെടുക്കാനും നടത്തുന്ന ജനകീയ അന്വേഷണമാണ് കേരളീയം. ഇന്നത്തെ കേരളമായി മാറാത്ത കാലത്തും കേരളം ആയി മാറിയ ശേഷവും നമ്മൾ മലയാളികൾ ഉയർത്തിപ്പിടിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മതനിരപേക്ഷതയും ജനാധിപത്യവും. അക്കാര്യം ഒന്നുകൂടി ഊട്ടി ഉറപ്പിക്കേണ്ട അന്തർദേശീയ സാഹചര്യവും ദേശീയ സാഹചര്യവും നിലനിൽക്കുന്ന സമയത്താണ് നാം കേരളീയത്തിന്റെ ഭാഗമായി കൂടിയിരിക്കുന്നത്. ഈ സെമിനാറിലൂടെ നാം കേരളത്തിൻറെ ഇന്നലെകളെ കുറിച്ചും വിലയിരുത്തുകയും അതിലൂടെ കിട്ടുന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിൽ നാളെയെ കുറിച്ച് ചിന്തിക്കുകയും ചെയ്യും. ” നവംബർ മൂന്നാം തീയതി ടാഗോർ തിയേറ്ററിൽ വച്ച് കേരളീയം 2023 ന്റെ ഭാഗമായി നടന്ന ‘ സ്കൂൾ വിദ്യാഭ്യാസം ‘ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ബഹു. വി ശിവൻകുട്ടി. 
പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഷാനവാസ് ഐ എ എസ് സ്വാഗതം ആശംസിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി റാണി ജോർജ് ഐ എ എസ് നിലവിലെ കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള അവതരണം നടത്തി. തുടർന്ന് അക്കാദമിക വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
 
ഫിൻലാൻഡിൽ നിന്നെത്തിയ മൈക്ക് ടെറോന വിദ്യാഭ്യാസത്തിന്റെ ആത്മാവ് എന്താണ് ? ഹൃദയം എന്താണ് ? വിദ്യാഭ്യാസത്തിന്റെ മസ്തിഷ്കം എന്താണ് ? എന്നിങ്ങനെ പ്രധാന മൂന്ന് ആശയങ്ങളെ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രബന്ധം ഫിന്നിഷ് വിദ്യാഭ്യാസരീതി പരിചയപ്പെടുത്തുന്നതായിരുന്നു. വിദ്യാഭ്യാസത്തിൻറെ ആത്മാവ് കുഞ്ഞുങ്ങളും ഹൃദയം അധ്യാപകരും മസ്തിഷ്കം രക്ഷിതാക്കളുമടങ്ങുന്ന സമൂഹമാണ്. അതുകൊണ്ടുതന്നെ ഫിന്നിഷ് വിദ്യാഭ്യാസം അധ്യാപക വിദ്യാഭ്യാസത്തിനും മികച്ച വിദ്യാലയാനുഭവങ്ങൾക്കും സമൂഹത്തെ ഉൾചേർക്കുന്ന രീതികൾക്കും കൊടുക്കുന്ന പ്രാമുഖ്യം വളരെ വലുതാണ്. 
 
കേരളത്തിൻെറ വിദ്യാഭ്യാസ സാധ്യതകളെ പ്രയോജനപ്പെടുത്തി വിജ്ഞാന സമൂഹത്തിലേക്കും സമ്പത്ത് വ്യവസ്ഥിതിയിലേക്കും മുന്നേറുക എന്ന ആശയത്തെ ഊന്നിപറയുന്നതായിരുന്നു യൂണിസെഫിന്റെ ഇന്ത്യയുടെ വിദ്യാഭ്യാസ മേധാവിയായ ശ്രീ ടെറി ഡർണിയൻ . കരുത്തുള്ള ജനാധിപത്യ വിദ്യാഭ്യാസത്തിന് നമ്മൾ പ്രതിജ്ഞാബദ്ധരാണോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ഡൽഹി സർവകലാശാല മുൻ പ്രൊഫസറും വിദ്യാഭ്യാസ വിദഗ്ധയുമായ അനിതാറാംപാൽ പ്രബന്ധാവതരണം ആരംഭിച്ചത്. ദേശീയതലത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ആശാവഹമല്ല. പല കാര്യങ്ങളും പ്രതിലോമകരവുമാണ് അതിൽനിന്നെല്ലാം വ്യത്യസ്തമായ വിദ്യാഭ്യാസ അനുഭവങ്ങളാണ് ചരിത്രപരമായി തന്നെ കേരളം മുന്നോട്ട് വയ്ക്കുന്നത്. ഇതിന് തുടർച്ചയും വളർച്ചയും ഉണ്ടാകണം. 
 
ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രൊഫസർ ഫറാ ഫറോക്കി അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണദോഷ വിചിന്തനമാണ് നടത്തിയത്. അധ്യാപക വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ ക്ലാസ് മുറികളിൽ പഠിക്കുന്ന സിദ്ധാന്തങ്ങൾ തങ്ങൾ ക്ലാസ് മുറികളിൽ എത്തുമ്പോൾ പ്രയോഗിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. അധ്യാപകൻ സ്വയം മനസ്സിലാക്കുക, കുട്ടികളുടെ ഭരണസംവിധാനത്തെ മനസ്സിലാക്കുക അതുപോലെ തന്നെ കുട്ടികൾ അധ്യാപകരുടെ ജീവിതവും ജോലിയും മനസ്സിലാക്കുക എന്നതും വിദ്യാഭ്യാസത്തിൽ പ്രസക്തമാണ്. 
 
ശിശു കേന്ദ്രീകൃത അനുരൂപീകൃത പാഠ്യപദ്ധതി ചട്ടക്കൂട് – പ്രാദേശികം മുതൽ മുഖ്യധാര വരെയുള്ള പരിവർത്തനം എന്ന പ്രബന്ധം ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സോനാജഹാരിയ മിൻസ് അവതരിപ്പിച്ചു. ദാരിദ്ര്യമില്ലായ്മ, നല്ല ആരോഗ്യം, ക്ഷേമം തുടങ്ങിയ സുസ്ഥിരവികസന ലക്ഷ്യങ്ങളോടൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നമ്മുടെ വികസന സൂചകമാണ് ഓരോ മനുഷ്യന്റെയും അന്തസ്സും ആത്മാഭിമാനവും ഉള്ള ജീവിതത്തിന് സ്കൂൾ വിദ്യാഭ്യാസം നൽകുന്ന സംഭാവന നിസ്തുലമാണ് എന്ന് പ്രൊഫസർ കൂട്ടിച്ചേർത്തു.
 
വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിന് കേരള മോഡൽ – ഹൈലൈറ്റുകൾ, വെല്ലുവിളികൾ , മുന്നോട്ടുള്ള വഴി – കേരളം 2023 , ഗുരുമൂർത്തി കാശിനാഥൻ അവതരിപ്പിച്ചു. എഡ്- ടെക് പ്രോഗ്രാമുകൾ കേരളത്തിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും സർവ്വത്രികമായി നടപ്പിലാക്കുന്നത് നമുക്ക് കാണാൻ കഴിയുകയില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 
 
രണ്ടു പതിറ്റാണ്ടായി തുടരുന്ന കേരളത്തിലെ FOSS[ Free and open source software ] ഉപയോഗിച്ചുള്ള ഡിജിറ്റൽ വിദ്യാഭ്യാസം- വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്ന പ്രബന്ധം KITE ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. കെ.അൻവർ സാദത്ത് അവതരിപ്പിച്ചു. കേരളത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങളിലൂടെ അത്യാധുനിക ഐ സി ടി ഉപകരണങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ പ്രബന്ധാവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രീസ്കൂൾ വിദ്യാഭ്യാസം – സാധ്യതകൾ എന്ന വിഷയത്തിൽ വിദ്യാകിരണം അസിസ്റ്റൻറ് കോഡിനേറ്റർ ഡോ. സി.രാമകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു. വ്യക്തികളുടെ വളർച്ചയിലും വികാസത്തിലും അതിനിർണായിക കാലഘട്ടമാണ് ശൈശവകാലം . ശിശുക്കളുടെ ശാരീരിക, മാനസിക,വൈകാരിക സാമൂഹിക വികാസ മേഖലകളെ തുല്യപ്രാധാന്യത്തോടെ കാണാൻ കഴിയേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഇടങ്ങൾ ആകണം ശിശു പരിചരണവിദ്യാഭ്യാസ കേന്ദ്രങ്ങൾ . നിർഭയമായി ഇടപെടാനുള്ള അവസര സമത്വം എല്ലാ കുട്ടികൾക്കും ലഭ്യമാകും വിധം ശിശുവിഹാര കേന്ദ്രങ്ങളെ നാം വിഭാവനം ചെയ്യണം. 
 
സെമിനാറിൽ ഉയർന്നുവന്ന കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉപസംഹാരപ്രസംഗം നടത്തി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു.