ശിശു സൗഹൃദ ഗണിതശാസ്ത്ര പഠനം –  മഞ്ചാടി തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ നിന്നുള്ള അധ്യാപകരുടെ അവലോകനയോഗം 15 / 11 / 2023 ന്  കാട്ടാക്കട ബിആർസിയിൽ വച്ച് നടന്നു.തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിലെ അധ്യാപകർ ,സമഗ്ര ശിക്ഷാ കേരളം കൺസൾട്ടന്റ് എ കെ സുരേഷ് കുമാർ, കാട്ടാക്കട ബി പി സി ശ്രീകുമാർ ,  ശ്രീ ഷാജി , ഡോ.അമൃത, ശ്രീമതി ലിന്റ , ശ്രീമതി ഷഹാന(കെ ഡിസ്ക് )വൈശാഖ് (കെ ഡിസ്ക് )ഡോ. കെ.ബീന (വിദ്യാകിരണം) എന്നിവർ യോഗത്തിൽ പങ്കെടുത്തു. സെപ്റ്റംബർ മാസത്തിൽ നടത്തിയ അധ്യാപക പരിശീലനത്തിന്റെ തുടർച്ചയായി വിദ്യാലയങ്ങളിൽ ഭിന്നസംഖ്യ പഠനം ആരംഭിച്ചിരുന്നു. പഠനത്തിന്റെ വിലയിരുത്തൽ, പഠന രീതിയുടെ തുടർ സാധ്യതകൾ എന്നിവ ക്ലാസ് മുറികളിൽ പ്രയോഗിച്ചതിന്റെ വെളിച്ചത്തിൽ അധ്യാപകർ സംസാരിച്ചു.

ഒരു മുറി ഭിന്നസംഖ്യ എന്ന ആദ്യഘട്ടം വളരെ വിജയകരമായി പൂർത്തിയാക്കിയ സന്തോഷം അധ്യാപകർ പങ്കുവച്ചു. 6 പിരീയഡുമുതൽ 17 പിരീയഡുകൾ വരെ പാഠം പഠിപ്പിച്ചവർ ഉണ്ട് . ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന അശ്രദ്ധ കുറയുകയും കളികളിലൂടെയുള്ള പഠനം കുട്ടികൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ക്ലാസിലെ എല്ലാ കുട്ടികളും പഠനത്തിൽ സജീവപങ്കാളികളാകുന്നു എന്നത് ഒരു പ്രധാന ഘടകമായി കാണണം. രണ്ടുവർഷമായി സ്കൂളിൽ വരാതിരുന്ന, പഠനത്തുടർച്ച ഇല്ലാതിരുന്ന കുട്ടിപോലും പഠന പ്രവർത്തനത്തിൽ ഒപ്പം കൂടി എന്നത് ഒരു അധ്യാപിക പ്രത്യേകം സൂചിപ്പിച്ചു. മുൻ പാഠഭാഗങ്ങൾ മനസ്സിലാക്കാതിരുന്നവർ കൂടി ഭിന്നസംഖ്യ എളുപ്പത്തിൽ ചെയ്യുന്നു എന്നത് പദ്ധതിയുടെ വിജയമായി കണക്കാക്കാം എന്ന് അധ്യാപകർ വിലയിരുത്തി.

മഞ്ചാടി ഗണിത പദ്ധതി ഒരു ഗവേഷണ പദ്ധതിയാണ്. ഒരു മുറി ഭിന്നസംഖ്യ എന്ന ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. ഇനി സംഖ്യാധാരണ എന്ന രണ്ടാംഘട്ടത്തിലേക്കാണ് കടക്കാനിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ മഞ്ചാടി പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുക്കപ്പെട്ട കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകൾ .

1. ജി യു പി എസ് വളപ്പിൽശാല
 2. അയ്യങ്കാളി പഞ്ചമി സ്മാരക യുപിഎസ് ഊരൂട്ടമ്പലം
 3. ജിയുപിഎസ് പൂവച്ചൽ
 4. ജിഎച്ച്എസ്എസ് മലയിൻകീഴ്
 5. ജിഎച്ച്എസ്എസ് കീഴാറൂർ
 6. യുപിഎസ് മൈലക്കര
 7. ജിഎച്ച്എസ്എസ് വിളവൂർക്കൽ
 8. പിആർ ഡബ്ലിയു എച്ച് എസ് എസ് കാട്ടാക്കട
 9. സെൻറ് ഫ്രാൻസിസ് യുപിഎസ് ഈഴക്കോട്
 10. ജി എൽ പി എസ് വിളപ്പിൽ