അറിവിന്റേയും ആഹ്ലാദത്തിന്റേയും വിസ്മയ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ  തിരുവനന്തപുരം, മടവൂർ ഗവൺമെൻറ് എൽ.പി.എസിനൊപ്പം പ്രിയപ്പെട്ട നാട്ടുകാരും കൈകോർക്കുന്ന _*നാടിന്റെ നന്മയ്ക്കായി ഒരു പുസ്തകം*_ പദ്ധതി നന്മയിലേക്കുള്ള ഒരു കിളിവാതിലാകുന്നു. അനുഭവങ്ങളുടെ വലിയ ലോകം സ്വന്തമാക്കാൻ നല്ല വിദ്യാർത്ഥിയും, നല്ല പൗരൻമാരുമാകാൻ നന്നായി വായിക്കണം എന്ന സന്ദേശം ഉൾക്കൊണ്ടു കൊണ്ട് വിദ്യാലയ പുസ്തകശാലയെ സമ്പന്നമാക്കാൻ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ഒരു പുസ്തകം സമ്മാനിച്ചു കൊണ്ട് ഈ പ്രവർത്തനത്തിന് ഭാഗമായി.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കാൻ നടപ്പിലാക്കിവരുന്ന സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം വിദ്യാലയത്തിൽ നടന്നു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ B.P.മുരളി നിർവഹിച്ചു. വായനയിലൂടെ വിജ്ഞാനത്തിന്റെ  വാതായനങ്ങൾ തുറക്കാൻ കുട്ടികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.
 
സമ്പൂർണ്ണ ക്ലാസ് ലൈബ്രറിയുടെ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് നിർവഹിച്ചു. പുസ്തക നിധി കിളിമാനൂർ BPO ശ്രീ സുരേഷ് ബാബു സ്വീകരിച്ചു. ക്ലാസ് ലൈബ്രറികളിലേയ്ക്കുള്ള അലമാരകൾ വാർഡ് മെമ്പർ ലീന ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡണ്ട് ബിനുകുമാർ,ഹെഡ്മാസ്റ്റർ ഇക്ബാൽ, സജിത്ത്, പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു. 
സ്വന്തം വായനശാലയിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ കുട്ടികൾ തന്നെ ആവിഷ്കരിച്ച പദ്ധതിയാണ് പുസ്തകനിധി. ജന്മദിനങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും കുട്ടികൾക്ക് കിട്ടുന്ന നാണയത്തുട്ടുകൾ നിക്ഷേപിച്ച് ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള പദ്ധതിയാണ്. ഈ വർഷം നടപ്പിലാക്കിയ പദ്ധതിയിലൂടെ  ധാരാളം പുസ്തകങ്ങൾ വാങ്ങാൻ  സാധിച്ചു. കുഞ്ഞു കരങ്ങൾ ഒത്തു ചേർന്നപ്പോൾ വായനയുടെ ഒരു വലിയ ലോകം തുറക്കാൻ കഴിഞ്ഞു.
 
സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തക തൊട്ടിലിൽ ധാരാളമാളുകൾ പുസ്തകങ്ങൾ നിക്ഷേപിച്ചു. പൂർവ്വഅധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും വളരെ നല്ല  സഹകരണമാണ് നൽകിയത്. ഇനിയും 10 ദിവസത്തോളം പുസ്തകതൊട്ടിൽ സ്കൂളിന് മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.