സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ മകൾ ഒരു രാജാവിന്റെ പേര് പറഞ്ഞിട്ട് ചോദിച്ചു: ആ രാജാവിന് എത്ര മക്കളാണ്? ഞാൻ പറഞ്ഞു, എനിക്കറിയില്ല. ഏതോ ഒരു യുദ്ധം നടന്നത് എന്നാണ് എന്ന് ചോദിച്ചപ്പോഴും ഞാൻ പറഞ്ഞു എനിക്കറിയില്ല. അപ്പോൾ ഞാനൊരു ചരിത്രാധ്യാപകൻ തന്നെയാണോ എന്നവൾ സംശയിച്ചിട്ടുണ്ടാകണം. ചരിത്ര പoനമെന്നാൽ കുറേ വർഷങ്ങളും വസ്തുതകളും ഓർത്ത് വയ്ക്കൽ മാത്രമാണ് എന്നാണ് മിക്കവരുടെയും ധാരണ. അധ്യാപകരിൽ പലരും അങ്ങനെയാണ് കരുതിയിരിക്കുന്നത്. അതുകൊണ്ടാണ് ചരിത്രം കുട്ടികൾക്ക് ഇഷ്ടമില്ലാത്ത വിഷയമായി മാറുന്നത്. യഥാർത്ഥത്തിൽ അത് അങ്ങനെയല്ല. ചരിത്രമെന്നാൽ. പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാലയം പ്രതിഭകളിലേക്ക് പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ജവഹർ നഗറിലെ വീട്ടിൽ തന്നെ സന്ദർശിക്കാനും ആദരിക്കാനുമായി എത്തിയ പേരൂർക്കട ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടേത് ജീവിതയാത്ര ഏതാണ്ട് അവസാനിച്ച തലമുറയാണ്. നിങ്ങളുടേത് പുതിയ ജീവിതത്തിന്റെ ആരംഭവുമാണ്. രണ്ട് കാലങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യം എന്തിനെന്നോ സ്വാതന്ത്ര്യ സമരം എന്തിനെന്നോ മനസിലായിരുന്നില്ല. പിന്നീടത് മനസിലായപ്പോഴാണ് അന്ന് പഠിച്ചതിന്റെ ആഴം തിരിച്ചറിയാനായത്. രാജ്യം ഒരുപാട് മാറിയിരിക്കുന്നു. മാറിയ കാലത്തിന്റെ വെല്ലുവിളികളും കടമകളും വ്യത്യസ്തമാണ്. കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടു വേണം പoനം നടത്താൻ. വിദ്യാഭ്യാസമെന്നത് സ്വയം മനസിലാക്കലാണ്. നമ്മൾ സ്വയം മനസിലാക്കിയാൽ വിദ്യാഭ്യാസമുള്ളവരായി മാറും.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്ന കാര്യത്തിൽ വലിയ മുന്നേറ്റമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടായി അറിവ് സമ്പാദിക്കാനുള്ള ഇടം എന്ന നിലയിലാണ് വിദ്യാലയങ്ങളുടെ പ്രസക്തി. അറിവ് ഒരാൾ ഒറ്റയ്ക്ക് നേടുന്നതല്ല. കൂട്ടായ അന്വേഷണത്തിലൂടെയും സഹവർത്തിത്വത്തിലൂടെയും പരസ്പരം പങ്ക് വയ്ക്കലിലൂടെയും കൈമുതലാക്കുന്നതാണ്.
പേരൂർക്കട ജിഎച്ച്എസ്എസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാൻ, ഡിജിഇ ജീവൻബാബു, ഡോ. ജെ. പ്രസാദ്, ഡോ. രതീഷ് കാളിയാടൻ, ബി. അബുരാജ്, മുരുകൻ കാട്ടാക്കട, കെ പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.