ഗണിതത്തെ മെരുക്കാനും ആസ്വാദ്യകരമാക്കാനും ക്ലാസ് മുറികളിൽ മഞ്ചാടിയെത്തുന്നു. വിദ്യാകിരണം മിഷനും എസ് എസ് കെ യും ചേർന്ന് എസ് സി ഇ ആർ ടി യുടെ പിന്തുണയോടെയാണ് മഞ്ചാടി പഠനരീതിയുടെ ക്ലാസ് റൂം പരീക്ഷണത്തിന് വേദിയൊരുക്കുന്നത്. കേരള സർക്കാരിൻ്റെ ഇന്നവേഷൻ വിഭാഗമായ കെ ഡിസ്കിൻ്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ച മഞ്ചാടി കൂടാരങ്ങളിൽ നടപ്പിലാക്കി വിജയം കണ്ട പഠനരീതി എസ് സി ഇ ആർ ടി യുടെ വിലയിരുത്തലിനെ തുടർന്നാണ് സംസ്ഥാനത്തെ 100 സ്കൂളുകളിൽ നടപ്പിലാക്കുന്നത്.
അഞ്ചാം തരം ഗണിതത്തിലെ ഭിന്നസംഖ്യകൾ എന്ന ആശയം നിർദ്ദേശിക്കപ്പെട്ട പഠനസമയത്തിനുള്ളിൽ കുട്ടികളിൽ ഉറപ്പാക്കാനാണ് തുടക്കത്തിൽ പദ്ധതി വിഭാവനം ചെയ്തത്. ആദ്യഘട്ട വിലയിരുത്തലിൽ പദ്ധതിയുടെ മികവ് തിരിച്ചറിഞ്ഞതോടെയാണ് പഠനരീതി ക്ലാസ് മുറി പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നത്.
രണ്ടാംഘട്ടത്തിലെ സംഖ്യാധാരണയിലൂന്നിയ പദ്ധതിയുടെ പരിശീലനത്തിനായി മൂന്ന് ക്ലസ്റ്ററുകളിൽ ശില്പശാലകൾ സംഘടിപ്പിച്ചു.
മൂന്നു ക്ലസ്റ്ററുകളിലായി നടത്തുന്ന പരിശീലന പരിപാടിയുടെ കണ്ണൂർ ജില്ലയിലുള്ള പരിശീലനത്തിന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള അധ്യാപകർ പരിശീലകരായി എത്തി. കോഴിക്കോട് ക്ലസ്റ്ററിൽ കോഴിക്കോട് മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള അധ്യാപകർ പരിശീലകരായിരുന്നു. തിരുവനന്തപുരം ക്ലസ്റ്ററിൽ തൃശ്ശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട മോഡൽ പ്രസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപകരും തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ബി ആർ സിയിൽ നിന്നുള്ള 10 വിദ്യാലയങ്ങളിലെ അധ്യാപകരും പരിശീലകരായി എത്തി.
ഗവേഷണ സ്വഭാവത്തിൽ വിദ്യാലയങ്ങളിൽ നടക്കുന്ന പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന അധ്യാപകർക്കുള്ള പരിശീലനങ്ങൾക്ക് വിദ്യാകിരണം മിഷൻ സംസ്ഥാന അസി. കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ, കെ ഡിസ്ക് മഞ്ചാടി സംസ്ഥാന കോ ഓർഡിനേറ്റർ കെ കെ ശിവദാസൻ , ഇ കെ ഷാജി, ഡോ അമൃത മുരളീധരൻ കെ ഡിസ്കിൽ നിന്നും ചുമതലപ്പെട്ട ആനിമേറ്റർമാർ തുടങ്ങിയവരും പങ്കാളികളായി.