“കേരളത്തിലെ കുട്ടികൾ ആകെ സാർവത്രിക വിദ്യാഭ്യാസ സൗകര്യം അനുഭവിക്കുന്നവരാണ്. സാർവത്രിക വിദ്യാഭ്യാസം രാജ്യത്തുള്ളതല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷേ രാജ്യത്ത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുണ്ട്. സ്കൂളിൽ പോകാത്ത കുട്ടികൾ വലിയ തോതിൽ കാണുന്നുണ്ട്. നമ്മുടെ നാടിന്റെ അവസ്ഥയോ? നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള ആരെയും കാണാനാവില്ല മാത്രമല്ല കേരളത്തിലേക്ക് ധാരാളം അതിഥി തൊഴിലാളികൾ ഇപ്പോൾ വരുന്നുണ്ട്. കുടുംബത്തോടെയാണ് ചിലർ വരുന്നത്. അവരുടെ ചെറിയ മക്കൾ വിദ്യാഭ്യാസ പ്രായത്തിലുള്ളവരുണ്ട്. വിദ്യാഭ്യാസപ്രായം ആകുന്നവരുണ്ട്. ആ കുട്ടികളെല്ലാം കേരളത്തിന്റെ വിദ്യാഭ്യാസ സൗകര്യം ഉപയോഗിക്കുകയാണ്. ഇത് നമ്മുടെ നാടിന്റെ ഇന്നത്തെ ഒരു പ്രത്യേകതയാണ്”.
ഒൿടോബർ അഞ്ചാം തീയതി ഗവൺമെൻറ് ഹൈസ്കൂൾ ശ്രീകാര്യത്ത് വച്ച് നടന്ന 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടൽ ചടങ്ങും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.
എട്ടര വർഷം മുൻപ് ഈ വിദ്യാലയങ്ങളെല്ലാം ഇല്ലാതായാൽ ഉണ്ടാകാൻ ഇടയുള്ള അവസ്ഥയെക്കുറിച്ചാണ് ആളുകൾ ആശങ്കപ്പെട്ടത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇല്ലാതായി എല്ലാം സ്വകാര്യ മേഖലയായാൽ, അതൊരു സങ്കൽപ്പമല്ല, അങ്ങനെ ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ട്. കണി കാണാൻപോലും പൊതു വിദ്യാലയങ്ങൾ ഇല്ലാത്ത പ്രദേശങ്ങൾകാണാൻ പറ്റും. ചിലയിടത്തു പോയാൽ ഇവിടെ പണ്ടൊരു സ്കൂൾ ഉണ്ടായിരുന്നു എന്ന് പറയുന്നത് കാണാം. അത് പൊതുവിദ്യാലയം ആയിരുന്നു. പൊതുവിദ്യാലയങ്ങൾ ഇല്ലാതെയായാൽ പിന്നെ ഉണ്ടാകാൻ പോകുന്നത് സ്വകാര്യ വിദ്യാലയങ്ങളാണ്. സ്വകാര്യ വിദ്യാലയങ്ങളിലെ വമ്പിച്ച ഫീസ് പലർക്കും താങ്ങാൻ ആവില്ല. ആ ഫീസ് കൊടുത്തുകൊണ്ട് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കുടുംബത്തിന് കഴിയാത്ത അവസ്ഥ വരും. പണ്ട് ഇത് നമ്മുടെ നാട്ടിലുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ എല്ലാവർക്കും എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നടത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് പഠനത്തിന് വിഷമം ഉണ്ടായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എല്ലാവര്ക്കും സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമുണ്ട്. അതെല്ലാം നമ്മുടെ നാടിന്റെ മാറ്റത്തിന്റെ ഭാഗമായി മാറി വന്ന കാര്യങ്ങളാണ്.
ലോക വൈജ്ഞാനികശുംഖലയുടെ ഭാഗമാകാൻ കഴിയും വിധം നമ്മുടെ നാടിന്റെ ഉയർച്ച ഉണ്ടാകണമെന്നാണ് ലക്ഷ്യമിടുന്നത്. വലിയ തോതിലുള്ള മത്സരാധിഷ്ഠിത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സർവ്വൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന നിലയിൽ ശേഷിയുള്ളവർ മാത്രം മുന്നേറുക എന്നൊരു കാഴ്ചപ്പാടോടെ കാര്യങ്ങൾ നീങ്ങുകയാണ്. അവിടെയാണ് ഏതാനും പേരല്ല , നാടാകെ നമ്മുടെ സമൂഹമാകെ ഒരു വൈജ്ഞാനിക സമൂഹമായി മാറുക. എന്ന നിലപാട് നാം സ്വീകരിച്ചിട്ടുള്ളത്. ഇതെല്ലാം സാമൂഹികനീതിയിൽ അധിഷ്ഠിതമായി ചെയ്യണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്കിൽ മാത്രമേ ഈ പറയുന്ന വികസനത്തിന്റെ സ്വാദ് എല്ലാവർക്കും അനുഭവിക്കാൻ കഴിയുകയുള്ളൂ.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഇപ്പോൾ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 47 വകുപ്പുകളിലായി 13000 കോടിയിലധികം രൂപയുടെ 1070 പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിൽ 973 സ്കൂളുകളാണ് കിഫ്ബി ധന സഹായത്തോടെ നിർമ്മിക്കുന്നത്. 2500 കോടിയോളം രൂപയാണ് അവയ്ക്ക് വേണ്ടി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതിൽ പൂർത്തിയായി കഴിഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായിരത്തി 4500 കോടിയോളം രൂപയാണ് കഴിഞ്ഞ എട്ടു വർഷം ഇവിടെ ചെലവഴിച്ചത്. ഇതാണ് കേരളത്തിലിപ്പോ കാണുന്ന പൊതു വിദ്യാഭ്യാസ മേഖലയുടെ മാറ്റത്തിന് അടിസ്ഥാനം എന്നത് കാണേണ്ടിയിരിക്കുന്നു. നമ്മുടെ വിദ്യാലയങ്ങളിൽ ഈ പറയുന്ന പശ്ചാത്തല സൗകര്യം മെച്ചപ്പെടൽ മാത്രമല്ല അക്കാദമിക് നിലവാരം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് ഉണ്ടാവുന്നത്. ഫലപ്രദമായ ഇടപെടൽ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. നല്ല രീതിയിൽ നമ്മുടെ കുട്ടികളുടെ അക്കാദമിക് മികവ് വർധിപ്പിക്കുന്ന ഇടപെടൽ ആണിത്. അതിന്റെ ഭാഗമായി അധ്യാപകരും കൂടുതൽ കാര്യങ്ങൾ അറിയേണ്ടവരായി മാറുകയാണ്. അവരെ അറിയിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് ഉയർന്ന നിലവാരത്തിനുളളപ്പോൾ തന്നെ നാം സ്വയവിമർശനപരമായി പരിശോധിച്ച് ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ഉണ്ടെങ്കിൽ ആ കുറവുകൾ പരിഹരിച്ചു മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവിക്ക് ഉയർന്ന വിദ്യാഭ്യാസനിലവാരം ഉണ്ടാകുന്നതിന് ആവശ്യമായ പരിഷ്കരണങ്ങൾ നടത്താൻ നാം പ്രതിജ്ഞാബദ്ധരാണ്. അപ്പോൾ അതുമായി ബന്ധപ്പെട്ടവരെല്ലാം സഹകരിക്കാനാണ് തയ്യാറാക്കേണ്ടത്. ലോക വൈജ്ഞാനിക ശൃംഖലയുടെ ഭാഗമാകാൻ കഴിയുംവിധം നമ്മുടെ നാടിന്റെ ഉയർച്ച ഉണ്ടാകണമെന്നാണ് ലക്ഷ്യമിടുന്നത്.
മൂന്ന് കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെനിർമ്മിച്ച 8 സ്കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപയുടെ സഹായത്തോടെ നിർമിച്ച 12 സ്കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് മറ്റു ഫണ്ടുകളും ഉപയോഗിച്ച് നിർമ്മിച്ച പത്ത് സ്കൂൾ കെട്ടിടങ്ങളും ഇതിനുപുറമെ 12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടലുമാണ് സംസ്ഥാന വ്യാപകമായി നടന്നത്.
ബഹു. വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ , എ എ. റഹീം എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാർ, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, കില ഡയറക്ടർ ജനറൽ നിസാമുദീൻ ഐ എ എസ്, കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ബഹു. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ ഉള്പ്പങടെയുള്ള ജനപ്രതിനിധികള്‍ വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍, അധ്യാപകരക്ഷാകര്തൃത പ്രതിനിധികള്‍ പങ്കെടുത്തു. വലിയ തോതിലുള്ള സമൂഹപങ്കാളിത്തമാണ് എല്ലായിടങ്ങളിലും ഉണ്ടായിട്ടുള്ളത്.