സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, നാഷണൽ അച്ചീവ്മെൻറ് സർവ്വേ 2024 – വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശിൽപ്പശാല ബഹു. വിദ്യാഭ്യാസ , തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അതീവ ജാഗ്രതയോടു കൂടി ഇടപെട്ടുകൊണ്ടും സമ്പൂർണ്ണമായ അക്കാദമിക മുന്നേറ്റം ലക്ഷ്യംവച്ചുകൊണ്ടും നേതൃത്വപരമായ ഉത്തരവാദിത്വം നിർവഹിക്കേണ്ടതായ ഉദ്യോഗസ്ഥരാണ് ഈ ശില്പശാലയിൽ പങ്കെടുക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജവഹർ സഹകരണ ഭവനിൽ നടന്ന ശില്പശാലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ പ്രധാനവിദ്യാഭ്യാസ ഉദ്യോഗസ്ഥരാണ് പങ്കാളികളായത്. 2024- 25 അക്കാദമിക വർഷം വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്ന സുപ്രധാന പദ്ധതികളുടെ ആലോചനയോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി റാണി ജോർജ് ഐ എ എസ് അധ്യക്ഷയായിരുന്നു.

പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ശ്രീ എസ്. ഷാനവാസ് ഐഎഎസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ് സി ഇ ആർ ടി, എസ് എസ് കെ, സീമാറ്റ്, സ്കോൾ കേരള ഡയറക്ടർമാർ, വിദ്യാകിരണം അസിസ്റ്റൻറ് കോഡിനേറ്റർ എന്നിവർ സന്നിഹിതരായിരുന്നു. നവംബർ 19 ന് നടക്കാനിരിക്കുന്ന നാഷണൽ അച്ചീവ്മെൻറ് സർവ്വേയുടെ പദ്ധതി വിശദീകരണം എസ് സി ഇ ആർ ടി ഡയറക്ടർ നിർവഹിച്ചു. സംസ്ഥാനത്താകെ കഴിഞ്ഞ അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന സ്കിൽ ഡെവലപ്മെൻറ് സെൻററുകളുടെ തുടർ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അവതരണം നടത്തി.

സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റ് വഴി മാതൃക പരീക്ഷകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സമഗ്ര ശിക്ഷാ കേരള ഡയറക്ടർ വിശദീകരണം നൽകി. നാഷണൽ അച്ചീവ്മെൻറ് സർവേ സെൽ സംസ്ഥാനത്തുടനീളം രൂപീകരിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളും ഉണ്ടായിരുന്നു. ആർജിച്ച അറിവ് പ്രശ്ന സന്ദർഭത്തിൽ പ്രയോഗിക്കേണ്ടതിന് കുട്ടിയെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ചും ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ചും വിദ്യാകിരണം അസിസ്റ്റൻറ് കോഡിനേറ്റർ സംസാരിച്ചു. തുടർന്ന് ജില്ലകളിൽ നിന്ന് വന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ ഇതുവരെയുള്ള ആലോചനകളുടെ അവതരണങ്ങൾ നടന്നു.

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി സമയബന്ധിതമായി നടപ്പാക്കേണ്ടുന്നതിന്റെ പ്രാധാന്യം ഡി ജി ഇ ഊന്നിപ്പറഞ്ഞു