പുതിയതായി പ്രകാശനം ചെയ്ത ബാലസാഹിത്യ കൃതികളുടെ ആദ്യ വായന ആത്മവിശ്വാസത്തോടെ നടത്തി ഒന്നാം ക്ലാസിലെ 115 വിദ്യാർഥികളും വിസ്മയിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ് ഡി വി ഗവ. യു പി സ്കൂളിലെ കുരുന്നുകളാണ് തങ്ങൾനേടിയ സ്വതന്ത്ര വായനശേഷി രക്ഷിതാക്കളുടെയും സമൂഹത്തിൻ്റെയും മുമ്പാകെ പ്രകടിപ്പിച്ചത്. ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച പതിനാറ് കുഞ്ഞാവക്കഥാപ്പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങായിരുന്നു നേരഴക് എന്ന പേരിലുള്ള കുരുന്നുകളുടെ വായന.
പാഠ പുസ്തകങ്ങളിലും ബാലസാഹിത്യകൃതികളിലും രചന നിർവ്വഹിക്കുന്ന പ്രശസ്ത ചിത്രകാരന്മാരായ വെങ്കി, ഗോപു പട്ടിത്തറ, സചീന്ദ്രൻ കറഡുക്ക എന്നിവർ കുട്ടികൾക്ക് മുമ്പാകെ ചിത്രം വരച്ച് വരയഴക് നടത്തി.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഗായത്രി ടീച്ചറും ഒന്നാം ക്ലാസ് അധ്യാപിക സീമ ടീച്ചറും വാ വാ വാവേ വായിക്കാം എന്ന പുസ്തകസെറ്റിലെ ബാലസാഹിത്യ കൃതികളുടെ രംഗാവിഷ്കാരം നടത്തി. മൂന്നാം ക്ലാസിലെ കുട്ടികൾ കഥകളെ നാടകമാക്കി അവതരിപ്പിച്ചു. ബാലസാഹിത്യ രചയിതാക്കളായ ഡോ.ടി.പി. കലാധരൻ, സൈജ.എസ്, ഷിനോജ് രാജ് എന്നിവർ കുട്ടികളുമായി സംവദിച്ചു. വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ എ ജി ജയകൃഷ്ണൻ,
പ്രഥമാധ്യാപിക നാദിറ.എസ്, എസ് എം സി ചെയർമാൻ പ്രശാന്ത്.എസ്.കുട്ടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു
