മാർച്ച് അവസാനവാരം മുതൽ മേയ് അവസാനം വരെ ബിആർസികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂട്ടായ്മകൾ സംഘടിപ്പിച്ചുകൊണ്ട് വായന പരിപോഷണ പരിപാടി നടക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട 71 പുസ്തകങ്ങൾ ഓരോ എൽ പി സ്കൂളിനും നൽകിക്കൊണ്ട് 1 ,2 ക്ലാസിലെ കുട്ടികളുടെ സ്വതന്ത്രവായന പരിപോഷണത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്ത പദ്ധതിയാണ് മലയാളമധുരം.
അവധിക്കാല പരിശീലനത്തിൽ കുട്ടികൾ സ്വതന്ത്ര വായനക്കാർ ആയതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സെഷനുകൾ കൂടി പരിഗണിച്ചുകൊണ്ട് കൂടുതൽ ക്ലാസുകളിലേക്ക് ഈ പ്രവർത്തനം വ്യാപിപ്പിക്കുന്ന പദ്ധതി ആയിട്ടാണ് മലയാള മധുരം പദ്ധതിയെ സമഗ്ര ശിക്ഷ കേരള വിഭാവനം ചെയ്യുന്നത്.
പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ബി ആർ സി, പഞ്ചായത്ത്, ക്ലസ്റ്റർ തലങ്ങളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കും
2023 – 24 അധ്യയന വർഷത്തിൽ നിപുൺഭാരത്, സമഗ്ര ഗുണമേന്മ പദ്ധതി എന്നിവയുടെ ഭാഗമായി ഒന്ന് ,രണ്ട് ക്ലാസുകളിൽ സവിശേഷമായ ഭാഷാശേഷി വികസന പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. സചിത്ര പുസ്തകം, സംയുക്ത ഡയറി, ഭാഷോത്സവം, രചനോത്സവം, ലോക മാതൃഭാഷാ ദിനാചരണം, സംയുക്ത ഡയറികൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ, ക്ലാസ് പിടിഎ ശില്പശാലകൾ, ക്ലസ്റ്റർ പരിശീലനം, പിന്തുണ സാമഗ്രികൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ അടിസ്ഥാന ഭാഷാശേഷിയിൽ പ്രകടമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. അവധിക്കാലത്ത് കുട്ടികൾ വീടുകളിൽ ആയിരിക്കുമ്പോൾ അവർ നേടിയ ഭാഷാശേഷികളുടെ തുടർച്ച നിലനിർത്തേണ്ടതുണ്ട് അതിന് സഹായകമായ പ്രവർത്തനങ്ങൾ ആണ് മലയാളമധുരം