കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ‘സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഡിസംബര്‍ 7ന് കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ”കേരളത്തില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഒരു വിദ്യാലയത്തെ നമ്പര്‍ വണ്‍ സ്‌കൂള്‍ ആക്കി ഉയര്‍ത്തിയ മാതൃകാപരമായ പ്രവര്‍ത്തനത്തിന് സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമി വഴി നല്‍കുന്ന പ്രത്യുപകാരമാണ് ഈ സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറി. ശാസ്ത്രം വളര്‍ന്ന ഒരു കാലത്ത് കാഴ്ചക്കാരാവാതെ പുരോഗതിക്ക് വഴിയൊരുക്കി വിദ്യാര്‍ത്ഥികളെ ഉന്നത നിലവാരത്തിലേക്ക് സന്നദ്ധരാക്കണം. നല്ലൊരു മനുഷ്യനാവാന്‍ വിദ്യാര്‍ത്ഥികള പ്രാപ്തമാക്കാൻ പാഠ്യവിഷയങ്ങളേക്കാള്‍ ഇതര വിഷയങ്ങളും കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് പഠിപ്പിക്കുന്നു”ണ്ടെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു.

അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കോഴിക്കോട് ബഹു. മേയര്‍ ഡോ. ബീന ഫിലിപ്പ് എം. മുഖ്യാതിഥിയായിരിന്നു. പ്രിസം ഫൗണ്ടറും മുന്‍ എം.എല്‍.എ.യുമായ എ. പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏകദിന ചിത്രകലാ ക്യാമ്പും വിദ്യാര്‍ത്ഥികള്‍ക്കുള്ള കലാപരിശീലനവും സംഘടിപ്പിച്ചിരുന്നു.

കേരളത്തിലെ ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ആര്‍ട്ട് ഗ്യാലറി നിര്‍മ്മിക്കുന്നതിനാണ് അക്കാദമി ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കലാ സാഹിത്യ ചരിത്ര സാംസ്‌കാരിക രാഷ്ട്രീയ ചരിത്ര അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന സ്ഥിരം പ്രദര്‍ശനത്തോടൊപ്പം ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
തങ്ങളുടെ കലാസൃഷ്ടി പ്രദര്‍ശിപ്പിക്കുന്നതിനും ഗ്യാലറിയില്‍ സൗകര്യം ഉണ്ടായിരിക്കും.

ആര്‍ക്കിടെക്ട് ശ്രീ. ബ്രജേഷ് ഷൈജനെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി. രേഖ, വാര്‍ഡ് കൗണ്‍സിലര്‍ ശിവപ്രസാദ്, കോഴിക്കോട് ആര്‍ ഡി ഡി സന്തോഷ് കുമാര്‍ എം, കോഴിക്കോട് ഡി ഡി ഇ സി. മനോജ് കുമാര്‍, പ്രിന്‍സിപ്പാള്‍ മനോജ് കെ.പി, ഹെഡ്മിസ്ട്രസ് ദീപാഞ്ജലി എം, പി ടി എ പ്രസിഡണ്ട് മനോജ് സി.കെ, എല്‍ പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്, മീരാദാസ്, എസ് എം സി ചെയര്‍മാന്‍ ജറീഷ്, എം പി ടി എ, പ്രസിഡണ്ട് നിഷ കെ.പി, ജനറല്‍ സ്റ്റാഫ് സെക്രട്ടറി ദിനേശന്‍, ആര്‍ട്‌സ് ക്ലബ്ബ് കണ്‍വീനര്‍ നീന ബാബുരാജ്, സ്‌കൂള്‍ ലീഡര്‍ മിന്‍ഹാജ്, ഹൈസ്‌കൂള്‍ ലീഡര്‍ അഥര്‍വ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അക്കാദമി നിര്‍വ്വാഹക സമിതി അംഗം ലേഖ നാരായണന്‍ കൃതജ്ഞത രേഖപ്പെടുത്തി.