തിരുവനന്തപുരം: കരമന ഗവ: എച്ച്.എസ്.എൽ.പി സ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി ആരംഭിച്ചു.
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം അനുവദിച്ച വർണ്ണക്കൂടാരം ബഹു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രീ- പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പഠനം പഞ്ചേന്ദ്രിയ അനുഭവവേദ്യമാക്കുന്നതിന് പ്രാധാന്യം നൽകിക്കൊണ്ട് 13 ഇടങ്ങൾ ഉൾപ്പെടുത്തിയാണ് വർണ്ണക്കൂടാരത്തിന്റെ നിർമ്മാണം. ഭാഷാവികസനയിടം, ഗണിതയിടം, വരയിടം, കുഞ്ഞരങ്ങ് (ആവിഷ്കാരയിടം), ആട്ടവും പാട്ടും, ശാസ്ത്രാനുഭവയിടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, നിർമ്മാണയിടം, കര കൗശലയിടം, നൂതന സാങ്കേതികവിദ്യായിടം (e-ഇടം), കളിയിടം (അകംപുറം), ഫർണീച്ചർ ഇടം എന്നിങ്ങനെയുള്ള 13 ഇടങ്ങളും ശാസ്ത്രീയ പ്രീ സ്‌കൂളിങ് ഉറപ്പാക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ളതാണ്.
ഓരോ ഇടങ്ങളും കുട്ടികൾക്ക് രസകരവും വൈജ്ഞാനികവുമായ അനുഭവങ്ങൾ ആണ് സമ്മാനിക്കുന്നത്. ആർട്ടിസ്റ്റ് രഞ്ജിത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. വാർഡ് കൗൺസിലർ മഞ്ജു ജി എസിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോഡിനേറ്റർ ഡോ. ബി നജീബ് പദ്ധതി വിശദീകരണം നടത്തി. എഇഒ വി രാജേഷ്ബാബു, ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ബിന്ദു ജോൺ ബി, സ്വാഗത സംഘം ചെയർമാൻ കരമന ഹരി, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ആർ വിദ്യാവിനോദ്, രശ്മി എം ബി, പ്രഥമാധ്യാപിക അജിത സി പി തുടങ്ങിയവർ സംസാരിച്ചു.

ഗവൺമെന്റ് എൽ പി ജി എസ് കുരക്കണ്ണിയിൽ വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വർക്കല മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ.എം ലാജി നിർവഹിച്ചു. വർക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സി അജയകുമാർ വർണ്ണ കൂടാരം യാഥാർത്ഥ്യമാക്കാൻ സഹായിച്ച പ്രതിഭകളെ ആദരിച്ചു. വാർഡ് കൗൺസിലർ ശ്രീ. റിജി ആർ, എസ് എസ് കെ തിരുവനന്തപുരം ഡി പി സി ഡോ. ബി നജീബ് വർക്കല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സിനി. ബി.എസ്, വിദ്യാകിരണം തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ ശ്രീ ദിനിൽ കെ.എസ്, ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി കൃഷ്ണ യു ജെ, സീനിയർ അധ്യാപിക ശ്രീമതി ജൂലി മണികണ്ഠൻ, പ്രീ പ്രൈമറി അധ്യാപിക ശ്രീമതി ശാലിനി ചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ അശോക് കുമാർ എസ് അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ പ്രഥമധ്യാപിക ശ്രീമതി സീന എസ് സ്വാഗതം ആശംസിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി അജീഷ സി എസ് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രീ പ്രൈമറി കുട്ടികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.